Quantcast

ഹോര്‍മുസില്‍ വിലക്ക് ശത്രുരാജ്യങ്ങളുടെ കപ്പലുകള്‍ക്ക് മാത്രം : ഇറാന്‍

മറ്റ് കപ്പലുകള്‍ക്ക് അനുമതിയോടെ ഹോര്‍മുസിലൂടെ സഞ്ചരിക്കാമെന്ന് യുകെയിലെ ഇറാന്‍ അംബാസഡര്‍ അലി മൂസവി

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-03-22 09:50:17.0

Published:

22 March 2026 3:19 PM IST

Foreign ships can transit Strait of Hormuz
X

ലണ്ടന്‍: ശത്രുരാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് മാത്രമാണ് ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതില്‍ വിലക്കെന്ന് ഇറാന്‍. മറ്റ് കപ്പലുകള്‍ക്ക് തങ്ങളുടെ അനുമതിയോടെ ഹോര്‍മുസിലൂടെ സഞ്ചരിക്കാമെന്ന് അന്താരാഷ്ട്ര സമുദ്രയാന സംഘടനയിലെ (ഐഎംഒ) പ്രതിനിധിയും യുകെയിലെ ഇറാന്‍ അംബാസഡറുമായ അലി മൂസവി പറഞ്ഞു. നാവികരുടെയും കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ ഐഎംഒയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇറാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കെയാണ് ഇറാന്‍ നിലപാട് വ്യക്തമാക്കിയത്.

'ഇറാനുമായി സഹകരിച്ചുകൊണ്ടും സുരക്ഷാ കാര്യങ്ങളില്‍ അനുമതി നേടിക്കൊണ്ടും വിദേശ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാം. കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഐഎംഒയുമായും മറ്റ് രാജ്യങ്ങളുമായും സഹകരിക്കാന്‍ ഇറാന്‍ തയാറാണ്. ഹോര്‍മുസ് കടലിടുക്ക് ഇറാന്റെ ശത്രുക്കള്‍ക്ക് മുന്നില്‍ മാത്രമാണ് അടച്ചത്. ഹോര്‍മുസ് കടലിടുക്കിലെയും ഗള്‍ഫിലെയും നിലവിലെ സാഹചര്യത്തിന്റെ മൂലകാരണം ഇസ്രായേലും യുഎസുമാണ്' -അലി മൂസവി പറഞ്ഞു.

ഇസ്രായേലും യുഎസും ചേര്‍ന്ന് ആക്രമണം തുടങ്ങിയതിന് പിന്നാലെ ഫെബ്രുവരി 28നാണ് ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാന്‍ നിയന്ത്രിച്ചത്. ഒരു ലിറ്റര്‍ എണ്ണ പോലും ഹോര്‍മുസിലൂടെ പുറത്തേക്ക് കൊണ്ടുപോകില്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. കപ്പല്‍ ഗതാഗതത്തില്‍ അതിനിര്‍ണായകമായ ഹോര്‍മുസ് അടച്ചതോടെ അന്താരാഷ്ട്ര തലത്തില്‍ ഊര്‍ജ പ്രതിസന്ധി കനക്കുകയും എണ്ണ വില കുത്തനെ ഉയരുകയും ചെയ്തിരുന്നു.

അതിനിടെയാണ്, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ 48 മണിക്കൂറിനകം ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. 'ഈ നിമിഷം മുതല്‍ 48 മണിക്കൂറിനകം ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് യാതൊരുവിധ ഭീഷണികളുമില്ലാതെ പൂര്‍ണ്ണമായി തുറന്നുനല്‍കിയില്ലെങ്കില്‍, അമേരിക്ക ഇറാന്റെ വൈദ്യുതി നിലയങ്ങളെ ആക്രമിച്ചു നാമാവശേഷമാക്കും. ഏറ്റവും വലിയ പവര്‍ പ്ലാന്റില്‍ നിന്നായിരിക്കും തുടക്കം' -ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. എന്നാല്‍, ഹോര്‍മുസ് പിടിച്ചെടുക്കാന്‍ യുഎസ് ശ്രമിച്ചാല്‍ മേഖലയിലെ ഊര്‍ജകേന്ദ്രങ്ങളെ തങ്ങളും ആക്രമിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

TAGS :

Next Story