Quantcast

ദിനോസറുകൾക്കൊപ്പം ജീവിച്ചിരുന്ന ഉറുമ്പിന്റെ ഫോസില്‍ കണ്ടെത്തി​

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഉറുമ്പെന്ന് ശാസ്ത്ര ലോകം

MediaOne Logo

Web Desk

  • Published:

    27 April 2025 2:42 PM IST

ദിനോസറുകൾക്കൊപ്പം ജീവിച്ചിരുന്ന ഉറുമ്പിന്റെ ഫോസില്‍ കണ്ടെത്തി​
X

ബ്രസീലിയ: ദിനോസറുകള്‍കൊപ്പം ജീവിച്ചിരുന്ന 113 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഹെല്‍ ആന്റിന്റെ ഫോസില്‍ ബ്രസീലില്‍ കണ്ടെത്തി. ബ്രസിലിലെ സാവോ പോളോ സര്‍വകലാശാലയിലെ സുവോളജി മ്യൂസിയത്തിലാണ് കണ്ടെത്തിയത്.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഉറുമ്പായിട്ടാണ് ശാസ്ത്ര ലോകം ഇതിനെ കണക്കാക്കുന്നത്. ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഉറുമ്പുകളുമായി ഇവയ്ക്ക് യാതൊരു ബന്ധവുമില്ല. മാത്രമല്ല ഇവ ഇരയെ വേട്ടയാടുന്നതും പ്രത്യേക രീതിയിലാണ്.

'വള്‍ക്കനിഡ്രിസ് ക്രാറ്റെന്‍സിസ്' എന്ന പേരുള്ള ഈ ഉറുമ്പുകള്‍ക്ക് അരിവാള്‍ പോലുള്ള താടിയെല്ലുകളാണുള്ളത്. ഇത് ഉപയോഗിച്ചാണ് അവര്‍ ഇരകളെ കുത്തിയിരുന്നതെന്ന് കരുതപ്പെടുന്നു. ക്രിറ്റേഷ്യസ് കാലഘട്ടത്തില്‍ മാത്രം ജീവിച്ചിരുന്ന, വംശനാശം സംഭവിച്ച 'ഹൈഡോമിര്‍മെസിനെ' ഉപകുടുംബത്തില്‍ പെട്ട അംഗമാണിത്.

മ്യൂസിയത്തില്‍ ചുണ്ണാമ്പ് കല്ലിലാണ് ഉറുമ്പിനെ സൂക്ഷിച്ചിരിക്കുന്നത്. മുമ്പ് ഫ്രാന്‍സിലും ബര്‍മയിലും കണ്ടെത്തിയ ഏറ്റവും പഴക്കം ചെന്ന ഉറുമ്പിനെ ചുണ്ണാമ്പ് കല്ലിന് പകരം ആമ്പറിലാണ് സൂക്ഷിച്ചിരുന്നത്.

ബ്രസീലിലെ ആന്‌ഡേഴ്‌സണ്‍ ലെപെക്കോയും സംഘവുമാണ് ഈ കണ്ടെത്തലിന് പിന്നില്‍. കറന്റ് ബയോളജി എന്ന ശാസ്ത്ര ജേണലില്‍ പഠനം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story