Quantcast

​ഗസ്സയിൽ ഇസ്രായേൽ വെടിവെപ്പിൽ മാധ്യമപ്രവർത്തകൻ ഉൾപ്പെടെ നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടു

വെടിനിർത്തൽ ലംഘിച്ചുള്ള ഇസ്രായേൽ നടപടിക്കെതിരെ പ്രതിഷേധവും ശക്തമാണ്​.

MediaOne Logo

Web Desk

  • Published:

    3 Dec 2025 7:19 AM IST

Four Palestinians, including a journalist, killed in Israeli shelling in Gaza
X

ഗസ്സ സിറ്റി: ​ഗസ്സയിൽ ഇസ്രായേൽ സൈന്യത്തിന്റെ വെടിവെപ്പിൽ മാധ്യമപ്രവർത്തകൻ ഉൾപ്പെടെ നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലുണ്ടായ ആക്രമണത്തിൽ മുഹമ്മദ് വാദി എന്ന മാധ്യമപ്രവർത്തകനാണ് കൊല്ലപ്പെട്ടത്. ബുറെയ്ജ് അഭയാർഥി ക്യാമ്പിന് സമീപം ഒരാളും അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ മറ്റ് രണ്ട് പേരുമാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ മൂന്ന് ഇസ്രായേലികളെ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നാരോപിച്ചാണ് രണ്ട് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവച്ച് കൊന്നത്. 18ഉം 17ഉം വയസുള്ളവരാണ് കൊല്ലപ്പെട്ടത്. രണ്ട് ഇസ്രായേൽ സൈനികരെ കുത്തിപ്പരിക്കേൽപ്പിച്ചയാളാണ് കൊല്ലപ്പെട്ടവരിലൊരാളെന്ന് സൈന്യം അവകാശപ്പെട്ടു.

അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ ഓടി രക്ഷപെടാൻ ശ്രമിച്ചയാളാണ് കൊല്ലപ്പെട്ട രണ്ടാമത്തെയാളെന്നാണ് ഇസ്രായേൽ വാദം. വെസ്റ്റ്​ ബാങ്കിൽ ആക്രമണത്തിൽ രണ്ട്​ സൈനികർക്ക്​ പരിക്കേറ്റതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ഇതിന്​ മുൻകൈയെടുത്ത പോരാളികളെ ഹമാസ്​ അഭിനന്ദിച്ചു. വെടിനിർത്തൽ 52 നാളുകൾ പിന്നിട്ടെങ്കിലും മരുന്നും ഉപകരണങ്ങളും ലഭിക്കാതെ ഗസ്സയിലെ ആരോഗ്യമേഖല വൻപ്രതിസന്ധി നേരിടുന്നതായി സന്നദ്ധ പ്രവർത്തകർ വ്യക്തമാക്കി.

വെടിനിർത്തൽ ലംഘിച്ചുള്ള ഇസ്രായേൽ നടപടിക്കെതിരെ പ്രതിഷേധവും ശക്തമാണ്​. എന്നാൽ സൈന്യത്തിന്‍റെ സുരക്ഷയ്ക്കായുള്ള പ്രതിരോധ നടപടികൾ മാത്രമാണ്​ നടത്തുന്നതെന്നാണ്​​ ഇസ്രായേലിന്‍റെ വിശദീകരണം. അതേസമയം അവശേഷിച്ച രണ്ട്​ ബന്ദികളുടെ മൃതദേഹങ്ങളിൽ ഒന്ന്​ ഇന്ന് തന്നെ ഇസ്രായേലിന്​ കൈമാറുമെന്ന്​ ഹമാസ്​ അറിയിച്ചു. അവസാന ബന്ദിയുടെ മൃത​ദേഹത്തിനായുള്ള തെരച്ചിലും പുരോഗമിക്കുകയാണ്​.

500ലേറെ തവണ കരാർ ലംഘിച്ച്​ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടയിലും ഗസ്സയിൽ രണ്ടാംഘട്ട വെടിനിർത്തൽ ചർച്ച ഉടൻ പുനരാരംഭിക്കുമെന്ന്​ ഖത്തർ വിദേശകാര്യ വക്താവ്​ വെളിപ്പെടുത്തി. ഇസ്രായേലും ഹമാസും തമ്മിൽ ആശയവിനിമയം തുടരുന്നതായും മധ്യസ്ഥ രാജ്യമായ ഖത്തർ അറിയിച്ചു. എന്നാൽ ഇസ്രായേലും ഹമാസും പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഇസ്രായേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്​ മാപ്പ്​ നൽകരുതെന്നാവശ്യപ്പെട്ട്​ പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് പ്രതിപക്ഷം.

TAGS :

Next Story