ഗസ്സയിൽ ആദ്യഘട്ട വെടിനിർത്തലിന്‍റെ ഭാഗമായ നാലാമത് ബന്ദി മോചനവും തടവുകാരുടെ കൈമാറ്റവും ഇന്ന്
നീണ്ട 8 മാസങ്ങൾക്കിപ്പുറം റഫ അതിർത്തി ഇന്ന് തുറക്കും

തെല്‍ അവിവ്: ബന്ദി മോചനത്തിന്റെ നാലാംഘട്ടം ഇന്ന്. മൂന്ന് ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചു. റഫ അതിർത്തി ഇന്ന് തുറക്കുമെന്നും 50 കുട്ടികളെ വിദഗ്ധ ചികിൽസക്കായി ഗസ്സക്ക് പുറത്തേക്ക് കൊണ്ടുപോകുമെന്നും അറിയിപ്പ്. ചൊവ്വാഴ്ച വാഷിങ്ടണിൽ ട്രംപ്- നെതന്യാഹു കൂടിക്കാഴ്ച നടക്കും അതിനിടയിൽ ലബനനാനിൽ വെടിനിർത്തൽ ലംഘിച്ച് വീണ്ടും ഇസ്രായേൽ ആക്രമണം നടത്തി.
മൂന്ന് ഇസ്രായേൽ ബന്ദികളെയാണ് മോചിപ്പിക്കുക എന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. ഒഫർ കൽദറോൺ, കീത് സീഗൽ, യർദേൻ ബിബാസ് എന്നീ ബന്ദികളെയാകും മോചിപ്പിക്കുക. ഇതിനു പകരമായി 90 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ കൈമാറും. ഇവരിൽ 9 പേർ ജീവപര്യന്തം തടവിനു ശിക്ഷിച്ചവരാണ്.
നീണ്ട 8 മാസങ്ങൾക്കിപ്പുറം റഫ അതിർത്തി ഇന്ന് തുറക്കും. പരിക്കേറ്റ 50 ഫലസ്തീൻ കുഞ്ഞുങ്ങളെ വിദഗ്ധ ചികിൽസക്കായി റഫ അതിർത്തി മുഖേന പുറം രാജ്യങ്ങളിലേക്ക് കൊണ്ടു പോകുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പതിനഞ്ച് മാസം ഇസ്രായേൽ നടത്തിയ ഗസ്സ ആക്രമണത്തിൽ ഗരുതര പരിക്കേറ്റ് വിദഗ്ധ ചികിൽസ കാത്തിരിക്കുന്ന ഫലസ്തീനികളുടെ എണ്ണം പതിനയ്യായിരത്തിനും മുകളിലാണ്. ഇവരിൽ 2500 പേർ കുട്ടികളാണ്.
ഗസ്സ വെടിനിർത്തൽ കരാറിന്‍റെ ആദ്യഘട്ടം പിന്നിടുമ്പോൾ തുടർ ചർച്ചകൾക്ക് ഇരുപക്ഷത്തെയും പ്രേരിപ്പിക്കാൻ മധ്യസ്ഥ രാജ്യങ്ങൾ തിരക്കിട്ട നീക്കത്തിലാണ്. കൈറോയിലും ദോഹയിലും കേന്ദ്രീകരിച്ചാകും തുടർ ചർച്ച. ഇസ്രായേലിൽ പര്യടനം പൂർത്തിയാക്കിയ അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫ്, നെതന്യാഹു ഉൾപ്പെടെ നേതാക്കളുമായി വിശദ ചർച്ച നടത്തി. ഫിലാഡൽഫി, നെത്സറിം ഇടനാഴികളും സ്റ്റിവ് വിറ്റ്കോഫ് സന്ദർശിച്ചു. ചൊവ്വാഴ്ച വാഷിങ്ടണിൽ യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും തമ്മിൽ നടക്കുന്ന ചർച്ച നിർണായകം. ഡോണാൾഡ് ട്രംപ് ഉൾപ്പെടെ ആരുമായും ചർച്ചക്ക് തയാറാണെന്ന് ഹമാസ് നേതൃത്വം അറിയിച്ചു.
അതിനിടെ, വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ വീണ്ടും ലബനാനിൽ കനത്ത ആക്രമണം നടത്തി. ബെകാ വാലിയിലും ലബനാന്റെ സിറിയൻ അതിർത്തിയിലുമാണ് ഇസ്രായേൽ ആക്രമണം.
Adjust Story Font
16