Quantcast

നെഹ്‌റു മുതൽ പത്മവിഭൂഷൺ വരെ-ആബെ എന്ന ഇന്ത്യയുടെ ഉറ്റസുഹൃത്ത്‌

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലംതൊട്ടേ നരേന്ദ്ര മോദിയുമായി രാഷ്ട്രനേതാവ് എന്നതിനപ്പുറമുള്ള സൗഹൃദം കൊണ്ടുനടന്നു ആബെ. മൻമോഹൻ സിങ്ങിന്റെ കാലത്ത് രാജ്യം സന്ദർശിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്തു

MediaOne Logo

Web Desk

  • Updated:

    2022-07-08 10:43:45.0

Published:

8 July 2022 10:33 AM GMT

നെഹ്‌റു മുതൽ പത്മവിഭൂഷൺ വരെ-ആബെ എന്ന ഇന്ത്യയുടെ ഉറ്റസുഹൃത്ത്‌
X

ടോക്യോ: ഇന്ത്യയുടെ ഉറ്റ സുഹൃത്തെന്നു വിശേഷിപ്പിക്കാവുന്ന ലോക നേതാവായിരുന്നു വെടിയേറ്റു മരിച്ച ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രാഷ്ട്രനേതാവ് എന്നതിനപ്പുറമുള്ള സൗഹൃദം കൊണ്ടുനടന്നു. മൻമോഹൻ സിങ്ങിന്റെ കാലത്തും ഇന്ത്യയിൽ വരികയും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്തു. ഇന്ത്യയുമായുള്ള സൗഹൃദത്തിനുള്ള അംഗീകാരമായി പത്മവിഭൂഷൺ നൽകി രാജ്യം ആദരിക്കുകയും ചെയ്തു.

നെഹ്‌റുവിലേക്കു നീളുന്ന ആത്മബന്ധം

2006ൽ ജപ്പാന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഊഴത്തിൽ തന്നെ ഷിൻസോ ആബെ ഇന്ത്യയിലെത്തി. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹം പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.

രണ്ടാമത്തെ ഊഴത്തിൽ മൂന്നു തവണയാണ് അദ്ദേഹം ഇന്ത്യ സന്ദർശിച്ചത്. 2014ൽ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ റിപബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുത്തു ഒരു തവണ. ഇന്ത്യൻ റിപബ്ലിക്ദിന പരേഡിൽ അതിഥിയാകുന്ന ആദ്യത്തെ ജപ്പാൻ പ്രധാനമന്ത്രിയുമായി അദ്ദേഹം. പിന്നീട് നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷവും ആബെ ഇവിടെ വന്നു; 20015 ഡിസംബറിലും 2017 സെപ്റ്റംബറിലും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ ഔദ്യോഗിക സന്ദർശനം നടത്തുന്ന ജപ്പാൻ പ്രധാനമന്ത്രിയാകുകയും ചെയ്തു അദ്ദേഹം.

തന്റെ മുത്തച്ഛനും ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടായിരുന്ന കാര്യം ആബെ തന്നെ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. 2007ൽ ഇന്ത്യൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലായിരുന്നു അത്. മുൻ ജപ്പാൻ പ്രധാനമന്ത്രി കൂടിയായ നൊബുസുകെ കിഷിയെ ഇന്ത്യയിൽ സ്വീകരിച്ചത് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവായിരുന്നു. 1957ലായിരുന്നു ഇത്.

മോദിയുടെ 'കൂട്ടുകാരൻ'

ആബെയുമായുള്ള സൗഹൃദം ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തുടങ്ങിയതാണെന്നാണ് ഇന്ന് അനുശോചന കുറിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചത്. അത് പ്രധാനമന്ത്രിയായ ശേഷവും ശക്തമായി തുടർന്നുവെന്നും മോദി പറയുന്നു.

മോദി പ്രധാനമന്ത്രിയായ ശേഷം 2015ലാണ് ആബെ ആദ്യമായി ഇന്ത്യയിലെത്തുന്നത്. അന്ന് നേരെ ആബെ പറന്നത് മോദിയുടെ സ്വന്തം മണ്ഡലമായ വരാണസിയിലേക്കായിരുന്നു. രണ്ടു വർഷത്തിനുശേഷം വീണ്ടും ഇന്ത്യാ സന്ദർശനത്തിനെത്തിയപ്പോൾ മോദിയുടെ സ്വപ്‌ന പദ്ധതിക്ക് തുടക്കമിടാനായി അദ്ദേഹത്തിന്റെ ഗുജറാത്തിലുമെത്തി. അഹ്‌മദാബാദിൽ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തുടക്കമിടുന്ന ചടങ്ങിൽ അദ്ദേഹം മുഖ്യാതിഥിയായി.

ഒരു വർഷത്തിനുശേഷം മോദിക്ക് ജപ്പാനിലും ആതിഥ്യമരുളി ആബെ. ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി എത്തിയ മോദിക്ക്, ആബെ അവധിക്കാലം ആഘോഷിക്കുന്ന സ്വകാര്യ വസതിയിലായിരുന്നു വിരുന്നൊരുക്കിയത്. ഇന്ത്യയുമായുള്ള ദീർഘകാലത്തെ സൗഹൃദം മാനിച്ച് 2021ൽ മോദി സർക്കാർ രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ തന്നെ നൽകി അദ്ദേഹത്തെ ആദരിച്ചു.

Summary: From Nehru to Padma Vibhushan—Shinzo Abe, India's closest friend

TAGS :

Next Story