രണ്ടാം ഘട്ട വെടിനിര്‍ത്തൽ; ചർച്ചകളോട് സഹകരിക്കാൻ ഹമാസ് അടക്കമുള്ള ഫലസ്തീൻ സംഘടനകൾ
വെടിനിർത്തൽ രണ്ടാഴ്ച പിന്നിട്ടിട്ടും ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്

Photo| UN News
തെൽ അവിവ്: രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകളോട് ആഭിമുഖ്യം പ്രകടിപ്പിച്ച് ഹമാസ് ഉൾപ്പെടെ ഫലസ്തീൻ കൂട്ടായ്മകൾ. എന്നാൽ ഗസ്സയിൽ ഹമാസിന് പ്രാതിനിധ്യമുള്ള സംവിധാനവുമായി അനുരഞ്ജനമില്ലെന്ന നിലപാടിലാണ് ഇസ്രായേൽ. വെടിനിർത്തൽ രണ്ടാഴ്ച പിന്നിട്ടിട്ടും ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.
രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകളുമായി സഹകരിക്കാൻ ഈജിപ്തിൽ മധ്യസ്ഥ രാജ്യങ്ങൾ വിളിച്ചുചേർത്ത യോഗത്തിൽ ഹമാസ് ഉൾപ്പെടെ വിവിധ ഫലസ്തീൻ കൂട്ടായ്മകൾ സന്നദ്ധത അറിയിച്ചു. ഗസ്സയിലും വെസ്റ്റ് ബാങ്കിലും അധിനിവേശം അവസാനിപ്പിക്കാൻ ഇസ്രായേൽ തയാറാകുന്ന പക്ഷം നിരായുധീകരണം ഉൾപ്പെടെ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടു വെച്ച ഇരുപതിന പദ്ധതിയോട് ആഭിമുഖ്യം പുലർത്തുമെന്ന് ഫലസ്തീൻ കൂട്ടായ്മകൾ വ്യക്തമാക്കി. സ്വതന്ത്ര ഫലസ്തീൻ ടെക്നോക്രാറ്റുകൾ ഉൾപ്പെട്ട ബദൽ ഭരണസംവിധാനവും അംഗീകരിക്കും. അതേസമയം ഒന്നാം ഘട്ട വെടിനിർത്തൽ കരാർ പൂർണാർഥത്തിൽ നടപ്പാക്കണമെന്ന് ഫലസ്തീൻ സംഘടനകൾ ആവശ്യപ്പെട്ടു.
റഫ അതിർത്തി തുറന്ന് കൂടുതൽ സഹായ ട്രക്കുകൾ ഗസ്സയിലേക്ക് അനുവദിക്കാൻ തയാറാകാത്ത ഇസ്രായേൽ നടപടി കരാറിന്‍റെ നഗ്നമായ ലംഘനമാണെന്നും ഫലസ്തീൻ സംഘടനകൾ ചൂണ്ടിക്കാട്ടി. അതേ സമയം ഹമാസിനെ നിരായുധീകരിക്കാതെയുള്ള രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചയോട് താൽപര്യമില്ലെന്ന നിലപാടിലാണ് ഇസ്രായേൽ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോക്ക് മുമ്പാകെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇക്കാര്യം അറിയിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ ഹമാസിനെ ഉടൻ സമ്പൂർണമായി നിരായുധീകരിക്കൽ എളുപ്പമല്ലെന്ന് മാർക്കോ റൂബിയോ പ്രതികരിച്ചതായാണ് വിവരം.
വെടിനിർത്തൽ രണ്ടാഴ്ച പിന്നിട്ടിരിക്കെ, ഗസ്സയിലേക്ക് ഭക്ഷണം ഉൾപ്പെടെ ആവശ്യമായ സഹായം ഇനിയും ലഭ്യമായിട്ടില്ല. സ്ഥിതി അതീവ സങ്കടകരമാണെന്ന് യുഎൻ ഏജൻസികളും സന്നദ്ധ പ്രവർത്തകരും അറിയിച്ചു. 15 ലക്ഷം പേർക്ക് അടിയന്തര താമസ സൗകര്യം ലഭ്യമാകേണ്ടതുണ്ട്. പതിനയ്യായിരം പേരെങ്കിലും വിദഗ്ധ ചികിൽസക്കായി കാത്തുകഴിയുകയാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി. ഗസ്സയിലെ ദേർ അൽ ബലാഹിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.വെസ്റ്റ് ബാങ്ക് പ്രവിശ്യകളായ ഖിർബത് താന, നബുലസ്, ബെയ്ത് ഫുരിക് എന്നിവിടങ്ങളിൽ ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ സുരക്ഷാ സേന വ്യാപക അതിക്രമം നടത്തി.
Adjust Story Font
16

