ഗസ്സ വെടിനിര്‍ത്തൽ; ഇസ്രായേലിൽ ഇന്ന് വൻറാലി
സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതായി സൈന്യം അറിയിച്ചു

തെൽ അവിവ്: ഗസ്സയിൽ 5 മാധ്യമ പ്രവർത്തകരെ കൂട്ടക്കൊല ചെയ്ത ഇസ്രായേൽ നടപടിക്കെതിരെ വൻ പ്രതിഷേധം. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതായി സൈന്യം അറിയിച്ചു. ഗസ്സ യുദ്ധം രണ്ടോ മൂന്നോ ആഴ്ചകൾക്കകം അവസാനിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് പറഞ്ഞു. വെടിനിർത്തലിനായി ഇസ്രായേലിൽ ഇന്ന് വൻ റാലിക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ് ബന്ദികളുടെ ബന്ധുക്കൾ.
ഖാൻ യൂനുസിലെ അൽ നാസർ ആശുപത്രിയിൽ ബോംബിട്ട് 5 മാധ്യമ പ്രവർത്തകരെ കൊലപ്പെടുത്തിയ ഇസ്രായേൽ നടപടിയിൽ നിഷ്പക്ഷ അന്വേഷണം ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു. ഇതിനകം 250 ഓളം മാധ്യമ പ്രവർത്തകർ ഗസ്സയിൽ കൊല്ലപ്പെട്ടത് ഏറെ നടുക്കം സൃഷ്ടിക്കുന്നതാണെന്നും യു.എൻ ചൂണ്ടിക്കാട്ടി.
ബ്രിട്ടൻ, ഫ്രാൻസ്, ജർമനി ഉൾപ്പെടെ നിരവധി രാജ്യങ്ങളും സംഭവത്തെ അപലപിച്ചു. പ്രതിഷേധം ശക്തമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. വിവിധ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഹുസ്സാം അൽ മസ്രി, മുഹമ്മദ് സലാമ, മർയം അബൂദഖ, മുഇസ്സ് അബൂ ത്വാഹ ഉൾപ്പെടെ 21 പേരാണ് നാസർ ആശുപത്രിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഗസ്സയിലെ സംഭവ വികാസങ്ങൾ അങ്ങേയറ്റം നടുക്കുന്നതാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പ്രതികരിച്ചു. അടുത്ത രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ യുദ്ധം അവസാനിക്കുമെന്ന് കരുതുന്നതായും വ്യക്തമാക്കി. ഗസ്സ സിറ്റിക്കു നേരെ വൻ ആക്രമണ പദ്ധതിയുമായി ഇസ്രായേൽ മുന്നോട്ട് നീങ്ങുന്നതിനിടെ, ബന്ദികളുടെ ജീവൻ അപകടത്തിലാകുമെന്ന് സൈനിക മേധാവി ഇയാൽ സമീർ വീണ്ടും മുന്നറിയിപ്പ് നൽകിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെൽ അവീവിൽ ഇന്ന് വൻ റാലിക്കാണ് ബന്ദികളുടെ കുടുംബാംഗങ്ങളും സംഘടനകളും ആഹ്വാനം ചെയ്തിരിക്കുന്നത്.
Adjust Story Font
16

