ഗസ്സയില്‍ പട്ടിണിമൂലം ഇന്നലെ ജീവൻ നഷ്ടമായത് മൂന്ന് കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക്; വംശഹത്യയും പട്ടിണിക്കൊലയും നടക്കുന്നില്ലെന്ന് നെതന്യാഹു
വിശാല ഇസ്രായേൽ എന്ന നെതന്യാഹുവിന്‍റെ പ്രകോപന പ്രസ്താവനക്കെതിരെ അറബ് ലോകം

ദുബൈ: കൂടുതൽ സഹായ ട്രക്കുകളും വിതരണ കേന്ദ്രങ്ങളും അനുവദിക്കണമെന്ന ആവശ്യം ഇസ്രായേൽ തള്ളിയിരിക്കെ ഗസ്സയിൽ പട്ടിണി രൂക്ഷമായി. പുതുതായി എട്ടു പേരാണ് പട്ടിണി മൂലം മരിച്ചത്. ഇവരിൽ മൂന്ന് കുരുന്നുകളും ഉൾപ്പെടും. 106 കുട്ടികൾ ഉൾപ്പെടെ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 235 ആയി.
എന്നാല്‍ ഗസ്സയിൽ വംശഹത്യയും പട്ടിണിക്കൊലയും നടക്കുന്നതായ പ്രചാരണം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തള്ളി. ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു. അതേസമയം, ഗസ്സ സിറ്റിയിലും വടക്കൻ ഗസ്സയിലും ഇസ്രായേൽ ആക്രമണം രൂക്ഷമാക്കി. ഇന്നലെ മാത്രം 89 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 52 പേരും ഗസ്സ സിറ്റിയിലാണ്.
ഗസ്സ സിറ്റിയിലെ സൈത്തൂൻ പ്രദേശത്ത്കനത്ത ബോംബിങ്ങിൽ 12 പേർ കൊല്ലപ്പെട്ടു. സബ്റ, ശൈഖ് റദ്വാൻ എന്നിവിടങ്ങളിലും ആക്രമണം നടന്നു. ഭക്ഷണം കാത്തുനിന്ന 21 പേരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. ഭക്ഷണത്തിന് വരിനിന്ന് കൂട്ടക്കുരുതിക്കിരയായവരുടെ എണ്ണം ഇതോടെ 1,859 ആയി. വടക്കൻ ഗസ്സയിൽ അവശേഷിച്ച കെട്ടിടങ്ങളും തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് ഇസ്രായേൽ കനത്ത ബോംബിങ് തുടരുകയാണ്.
ബയ്ത് ഹാനൂൻ, ബയ്ത് ലാഹിയ, ജബാലിയ അൽബലദ്, ജബാലിയ അഭയാർഥി ക്യാമ്പ് എന്നിവിടങ്ങളിൽ കനത്ത ആക്രമണമാണ് നടന്നത്. ജോർഡൻ, സിറിയ, ലബനാൻ എന്നീ രാജ്യങ്ങളുടെ ഭാഗങ്ങൾ കൂടി ഉൾക്കൊള്ളുന്ന വിശാല ഇസ്രായേലാണ് തന്റെ ലക്ഷ്യമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിൻെറ പ്രസ്താവനയിൽ സൗദി അറേബ്യ, ജോർദാൻ ഉൾപ്പെടെ വിവിധ അറബ് രാജ്യങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി. ഗസ്സ കീഴടക്കൽ പദ്ധതിയെ എതിർത്ത സൈനികമേധാവി ഇയാൽ സാമിറിനെ പുറത്താക്കാൻ പ്രധാനമന്ത്രി നെതന്യാഹു നീക്കമാരംഭിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു. ഇസ്രായേലി തടവറകളിലെ ഫലസ്തീനികൾക്കുനേരെ ലൈംഗിക പീഡനം നടന്നതിന്റെ വിശ്വാസ്യമായ തെളിവുകളുണ്ടെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെളിപ്പെടുത്തി.
Adjust Story Font
16

