ഇറാനില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക ആക്രമണങ്ങള്‍ അപലപനീയമെന്ന് അന്താരാഷ്ട്ര സമൂഹം
ഇറാനിതിരായ ഇസ്രായേല്‍ ആക്രമണങ്ങളെ അപകടകരമായ നിമിഷങ്ങളെന്നാണ് ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമ്മി വിശേഷിപ്പിച്ചത്

തെഹ്‌റാന്‍: ഇറാനില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക ആക്രമണത്തെ ശക്തമായി അപലപിച്ച് അന്താരാഷ്ട്ര സമൂഹം. സഹോദര രാജ്യമായ ഇറാനെതിരായ ഇസ്രയേല്‍ ആക്രമണം അപലപനീയമെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്നാണ് സൗദി പ്രതികരിച്ചത്. ഇറാന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും, അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. അക്രമണത്തെ അപലപിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടെറസ് പ്രസ്താവന പുറത്തിറക്കി. ഇറാനും അമേരിക്കയും ന്യൂക്ലിയാര്‍ പ്രോഗ്രാമുകളെക്കുറിച്ച് ചര്‍ച്ച നടത്തുന്ന സാഹചര്യത്തില്‍ തന്നെ ഇറാനിലെ ആണവ ഇന്‍സ്റ്റോളേഷനുകള്‍ക്ക് നേരെയുള്ള ആക്രമം ആശങ്കയുണ്ടാക്കുന്നതായി പ്രസ്താവനയിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുപക്ഷത്തോടും സംയമനം പാലിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാനില്‍ ഇസ്രായേല്‍ ഒറ്റരാത്രികൊണ്ട് നടത്തിയ ആക്രമണങ്ങളെ അപകടകരമായ നിമിഷങ്ങള്‍ എന്നാണ് ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമ്മി ആശങ്കയോടെ വിശേഷിപ്പിച്ചത്. ഇറാന്‍ വീണ്ടും ചര്‍ച്ചക്ക് തയ്യാറാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു എന്നാണ് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞത്. ഇറാന് അണുബോംബ് കൈവശം വെക്കാന്‍ കഴിയില്ല, അതിനാല്‍ ചര്‍ച്ചക്ക് തയ്യാറാകുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്ന് ഫോക്‌സ് ന്യൂസ് ചാനലിനോട് ട്രംപ് പറഞ്ഞു. തിരിച്ചു വരാത്ത നിരവധിയാളുകള്‍ നേതൃനിരയിലുണ്ടെന്നും സംഘര്‍ഷം സംഭവിക്കുന്നതിന് മുമ്പ് തന്നെ തനിക്ക് ഇക്കാര്യങ്ങള്‍ അറിയാമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ യുഎസ് സൈനിക ഇടപെടല്‍ ഇല്ലെന്ന് അദ്ദേഹം ഊന്നിപറഞ്ഞു.
ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തെ ജപ്പാനും ശക്തമായി അപലപിച്ചു. മിഡില്‍ ഈസ്റ്റില്‍ സമാധാനവും സ്ഥിരതയും ഉണ്ടാകേണ്ടത് ജപ്പാന്റയും ആവശ്യമാണെന്ന് വിദേശകാര്യ മന്ത്രി തകേഷി ഇവായ പറഞ്ഞു. സംയമനം പാലിക്കാനും സമാധാനം പുലര്‍ത്താനും അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിക്കാനും യുദ്ധക്കളമാക്കാനും അനുവദിക്കില്ലെന്ന് ജോര്‍ദാന്‍ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ ചുവന്ന വരയിലാണ്, ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാവുന്ന ഒന്നും അനുവദിക്കില്ലെന്ന് മന്ത്രി മുഹമ്മദ് അല്‍ മൊമാനി പറഞ്ഞു.
ആക്രമണം നയതന്ത്ര പരിഹാരങ്ങള്‍ ഇല്ലാതാക്കി ജനങ്ങളുടെ സുരക്ഷയും സ്ഥിരതയും തകര്‍ക്കുമെന്ന് പറഞ്ഞാണ് ഒമാന്‍ ആക്രമണത്തെ അപലപിച്ചത്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതില്‍ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും കടുത്ത ആശങ്ക അറിയിച്ചു. ഇറാന്റെ ആണവ, ബാലിസ്റ്റിക് ഭീഷണി മനസിലാകുന്നുവെന്നും ഇത് അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണി ഉയര്‍ത്തുകയാണെന്നും ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു.
സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ നിരവധി പ്രമുഖ ആണവ ശാസ്ത്രജ്ഞരാണ് കൊല്ലപ്പെട്ടത്. ഇറാന്റെ ആണവ പദ്ധതിയുടെ ഹൃദയഭാഗത്താണ് ആക്രമണം നടത്തിയതെന്ന് നെതന്യാഹു പറഞ്ഞു. ഇറാനിലെ നതാന്‍സിലെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തെയും ഇറാനിലെ ആണവ ശാസ്ത്രജ്ഞരെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഇറാനിലെ ബാലിസ്റ്റിക് മിസൈന്‍ പദ്ധതിയുടെ ഹൃദയഭാഗത്തും ഞങ്ങള്‍ ആക്രമണം നടത്തിയെന്നും നെതന്യാഹു പറഞ്ഞു. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍-ഇന്‍-ചീഫ് ഹുസൈന്‍ സലാമി ,ഇറാന്‍ സൈനിക ഡെപ്യൂട്ടി കമാന്‍ഡര്‍ ജനറല്‍ ഘോലം അലി റാഷിദ് തുടങ്ങിയവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Adjust Story Font
16

