Quantcast

സുമൂദ്​ ​ ഫ്ളോട്ടില തടഞ്ഞ് 500 ആക്ടിവിസ്റ്റുകളെ തടവിലാക്കിയ ഇസ്രായേൽ നടപടിയിൽ ലോക വ്യാപക പ്രതിഷേധം; ഇറ്റലിയിൽ ഇന്ന് രാജ്യവ്യാപക പണിമുടക്ക്

കൊളംബിയയിൽ നിന്നുള്ള മുഴുവൻ ഇസ്രായേലി നയതന്ത്ര പ്രതിനിധി സംഘത്തെയും പുറത്താക്കാൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഉത്തരവിട്ടു

MediaOne Logo

Web Desk

  • Updated:

    2025-10-03 02:27:36.0

Published:

3 Oct 2025 6:20 AM IST

സുമൂദ്​ ​ ഫ്ളോട്ടില തടഞ്ഞ് 500 ആക്ടിവിസ്റ്റുകളെ തടവിലാക്കിയ ഇസ്രായേൽ നടപടിയിൽ ലോക വ്യാപക പ്രതിഷേധം; ഇറ്റലിയിൽ ഇന്ന് രാജ്യവ്യാപക പണിമുടക്ക്
X

  ഗ്ലോബല്‍ സുമൂദ് ഫ്ളോട്ടിലക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അര്‍ജന്‍റീനയില്‍ നടന്ന റാലി | Photo| reuters

ഗസ്സ സിറ്റി: ഗസ്സയിലെ ജനങ്ങൾക്ക് സഹായവസ്തുക്കളുമായി പുറപ്പെട്ട ഗ്ലോബൽ സുമൂദ് ഫ്‌ലോട്ടില തടഞ്ഞ ഇസ്രായേൽ നടപടിക്കെതിരെ ലോക വ്യാപകപ്രതിഷേധം. നടപടി ഭീകരകൃത്യമായും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായും സ്​പെയിൻ, കൊളംബിയ, ഇറ്റലി തുടങ്ങിയ ലോകരാജ്യങ്ങൾ വിലയിരുത്തി. ഇറ്റലിയിലെ ഏറ്റവും വലിയ തൊഴിലാളി യൂനിയനായ സി.ജി.ഐ.എൽ കപ്പൽ വ്യൂഹത്തെ തടഞ്ഞതിൽ ഇന്ന്​ രാജ്യവ്യാപക പൊതുപണിമുടക്ക് പ്രഖ്യാപിച്ചു.

ഫ്ലോട്ടിലക്ക് ഐക്യദാർഢ്യവുമായി ഡസൻ കണക്കിന് തുർക്കിയ ബോട്ടുകളാണ് ഫലസ്തീന് പതാകയുമായി ഹതായ് തീരത്ത് യാത്ര ചെയ്തത്. ഫ്ലോട്ടിലക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ കൊളംബിയയിൽ നിന്നുള്ള മുഴുവൻ ഇസ്രായേലി നയതന്ത്ര പ്രതിനിധി സംഘത്തെയും പുറത്താക്കാൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഉത്തരവിട്ടു.

അതിനിടെ, സംഘത്തിലെ ഒരു കപ്പൽ ഇസ്രായേലിന്‍റെ ഉപരോധമേഖല മറികടന്ന്​ ഗസ്സ തീരത്തേക്ക്​ നീങ്ങി. ഇതാദ്യമായാണ്​ ഒരു കപ്പൽ ഇസ്രായേൽ ഉപരോധം ഭേദിക്കുന്നത്​. എന്നാൽ മുഴുവൻ കപ്പലുകളും പിടിച്ചെടുത്ത്​ അസ്ദോദ്​ തുറമുഖത്തേക്ക്​ നീക്കിയതായി ഇ​സ്രായേൽ അവകാശപ്പെട്ടു. ആഗസ്റ്റ് 31ന് സ്​പെയിനിലെ വിവിധ തുറമുഖങ്ങൾ, തുനീഷ്യ , ഇറ്റലിയിലെ സിസിലി എന്നിവിടങ്ങളിൽനിന്നായി പുറപ്പെട്ട 44 ചെറുകപ്പലുകളാണ് ഇസ്രാ​യേൽ പിടികൂടിയത്. കപ്പലിൽ 40ലധികം രാജ്യങ്ങളിൽനിന്നായി 500ഓളം ആക്ടിവിസ്റ്റുകളാണുള്ളത്​. പ്രമുഖ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുംബർഗ്, ഫ്രാൻസിൽനിന്നുള്ള യൂറോപ്യൻ യൂനിയൻ പാർലമെന്റ് അംഗം എമ്മ ഫോറ്യൂ, ബാഴ്സലോണ മേയർ അഡാ കോലോവ് തുടങ്ങി അറസ്റ്റിലായ മുഴുവൻ പേരെയും അസ്ദോദ്​ തുറമുത്തോട്​ചേർന്ന തടങ്കൽ പാളയത്തിലേക്ക്​ മാറ്റി. ആക്​റ്റിവിസ്റ്റുകളെ ചോദ്യംചെയ്യുന്നത്​ വീക്ഷിക്കാൻ തീ​വ്ര വലതുപക്ഷ മന്ത്രി ഇതാമർബെൻ ഗവിർ സ്ഥലത്തെത്തി. പിടികൂടിയ ആക്ടിവിസ്റ്റുകളെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കുമെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതേസമയം, ഗസ്സ സിറ്റിയിലും മറ്റും ആക്രമണം വിപുലപ്പെടുത്തിയ ഇസ്രായേൽ ഇന്നലെ മാത്രം 48പേരെ കൊന്നൊടുക്കി. യുഎസ്​ പ്രസിഡന്‍റ്​ഡോണാൾഡ്​ട്രംപ്​ മന്നോട്ടുവെച്ച ഇരുപതിന പദ്ധതിയെ പിന്തുണക്കുമെന്ന്​ യൂറോപ്യൻ യുനിയനും റഷ്യയും അറിയിച്ചു. തുർക്കി, ഈജിപ്ത്​, ഖത്തർ എന്നീ രാജ്യങ്ങളുമായി ആശയവിനിമയം തുടരുന്ന ഹമാസ്​, ഇരുപതിന പദ്ധതിയിൽ തങ്ങളുടെ തീരുമാനം ഉടൻ ഉണ്ടാകമെന്ന്​ അറിയിച്ചു. അതിനിടെ, വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജൂതദേവാലയത്തിലുണ്ടായ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും മൂന്നുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഇസ്രായേലും ലോക രാജ്യങ്ങളും നടുക്കം പ്രകടിപ്പിച്ചു.

TAGS :

Next Story