Quantcast

ഗോതബയ രജപക്‌സെ സെപ്റ്റംബറിൽ ശ്രീലങ്കയിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ട്

സെപ്റ്റംബർ രണ്ടിനോ മൂന്നിനോ തിരിച്ചെത്തുമെന്നാണ് വിവരം

MediaOne Logo

Web Desk

  • Updated:

    2022-08-25 12:19:49.0

Published:

25 Aug 2022 12:13 PM GMT

ഗോതബയ രജപക്‌സെ സെപ്റ്റംബറിൽ ശ്രീലങ്കയിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ട്
X

കൊളംബോ: ജനകീയ പ്രക്ഷോഭത്തെ തുടർന്ന് വിദേശത്തേക്ക് മടങ്ങിയ മുൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രജപക്‌സെ സെപ്റ്റംബർ ആദ്യവാരം ശ്രീലങ്കയിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ട്. രജപക്‌സെ സെപ്റ്റംബർ രണ്ടിനോ മൂന്നിനോ തിരിച്ചെത്തുമെന്ന് ഡെയിലി മിറര്‍ റിപ്പോർട്ട് ചെയ്തു.

പ്രേമദാസ ശ്രീലങ്ക പൊതുജന പെരുമന (എസ്എൽപിപി), പ്രസിഡന്റ് റനിൽ വിക്രമസിംഗെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഈ ആവശ്യം മുന്നോട്ട് വയ്ക്കുകയും ഗോതബയ രജപക്‌സെയെ ശ്രീലങ്കയിലേക്ക് സുരക്ഷിതമായി എത്തിക്കാനുള്ള നടപടികൾ ആരംഭിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി കൊളംബോ ഗസറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം രാജപക്‌സെ ആഗസ്റ്റ് 24ന് എത്തുമെന്നായിരുന്നു സൂചന.

ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് രണ്ടു മാസത്തിലേറെ നീണ്ട ഒളിജീവിതത്തിനു ശേഷമാണ് മുൻ പ്രസിഡന്റ് മടങ്ങിവരുന്നത്. ശ്രീലങ്കയിൽ നിന്ന് ആദ്യം സിംഗപ്പൂരിലേക്ക് കടന്ന രാജപക്സ സന്ദർശക വിസാ കാലാവധി പൂർത്തിയായതിനെ തുടർന്ന് പിന്നീട് തായ്‌ലൻഡിലേക്ക് പോയിരുന്നു. മാനുഷിക പരിഗണന നൽകിയാണ് 73കാരനായ ഗോതബയയ്ക്ക് താത്കാലിക സന്ദർശന അനുമതി നൽകിയതെന്ന് തായ്‌ലൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻ ഒ ചാ അറിയിച്ചിരുന്നു. എന്നാലിത് രാഷ്ട്രീയ അഭയം നൽകലല്ലെന്നും രാജ്യത്ത് കഴിയുന്ന കാലയളവിൽ യാതൊരുവിധി രാഷ്ട്രീയ പ്രവർത്തനവും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നയതന്ത്ര പാസ്‌പോർട്ടുമായി തായ്‌ലൻഡിലെത്തിയ ഗോതബയയ്ക്ക് നിയമപ്രകാരം 90 ദിവസം അവിടെ തങ്ങാനാവുമെങ്കിലും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. പ്രക്ഷോഭം താത്കാലികമായി അവസാനിച്ചതിനെ തുടർന്നാണ് തീരുമാനമെന്നാണ് സൂചന. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ജൂലൈ 14ന് ശ്രീലങ്കയിൽ നിന്ന് മുങ്ങിയ ഗോതബയ ഇതുവരെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. മാലദ്വീപ് വഴി സിംഗപ്പൂരിലെത്തിയ ഗോതബയയ്ക്ക് പിന്നീട് സിംഗപ്പൂർ സർക്കാർ വിസ നീട്ടിക്കൊടുത്തിരുന്നു. 2.2 കോടി ജനങ്ങളുള്ള ശ്രീലങ്ക, ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ദശലക്ഷക്കണക്കിന് ആളുകൾ ഭക്ഷണവും മരുന്നും ഇന്ധനവും മറ്റ് അവശ്യവസ്തുക്കളും വാങ്ങാൻ പാടുപെടുകയാണ്. മാർച്ചിൽ ആരംഭിച്ച വൻ പ്രതിഷേധം ഗോതബയയുടെ രാജിയോടെയാണ് തണുത്തത്.

TAGS :

Next Story