ബന്ദി കൈമാറ്റം അംഗീകരിച്ചതായി ഹമാസ്; ഗസ്സയിൽ ഹമാസ് ഭരണം അവസാനിക്കണമെന്ന് ഇസ്രായേല്‍
ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്കയുമായി ചേർന്ന് നടപടി കൈക്കൊള്ളുമെന്നും നെതന്യാഹു

ദുബൈ: വെടിനിർത്തൽ ചർച്ചയിലെ അനിശ്ചിതത്വങ്ങൾക്കിടെ കരാറിലെ ബന്ദി കൈമാറ്റം അംഗീകരിച്ചതായി ഹമാസ്. ദോഹ ചർച്ചയിൽ വേണ്ടത്ര പുരോഗതിയില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഹമാസിന്റെ വിശദീകരണം. പൂർണ യുദ്ധവിരാമം, സൈനികരുടെ പിൻമാറ്റം, ഗസ്സയിലെ സഹായ വിതരണം എന്നീ കാര്യങ്ങളിൽ ഭിന്നത പരിഹരിക്കാനുള്ള നീക്കമാണിപ്പോൾ തുടരുന്നതെന്നും ഹമാസ് അറിയിച്ചു.
എന്നാൽ ഗസ്സയിൽ ഹമാസ് ഭരണം അവസാനിക്കണമെന്നും ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്കയുമായി ചേർന്ന് നടപടി കൈക്കൊള്ളുമെന്നും നെതന്യാഹു പറഞ്ഞു. അമേരിക്കയിലുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇന്നലെ വീണ്ടും വൈറ്റ് ഹൗസിലെത്തി ട്രംപുമായി ചർച്ച നടത്തി. ഗസ്സയിൽ നിന്ന് ഫലസ്തീനികളെ പുറന്തള്ളുന്ന പദ്ധതിക്ക് നെതന്യാഹു വീണ്ടും ട്രംപിന്‍റെ പിന്തുണ തേടിയെന്നാണ് റിപ്പോർട്ട്.
അമേരിക്കയിൽ തുടരാൻ നെതന്യാഹുവിനോട് ട്രംപ് ഭരണകൂടം നിർദേശിച്ചതായാണ് റിപ്പോർട്ട്. വെടിനിർത്തൽ ചർച്ചക്കിടയിലും ഗസ്സയിൽ ആക്രമണം രൂക്ഷമാക്കുകയാണ് ഇസ്രായേൽ. ഇന്നലെ മാത്രം 95 പേരെയാണ് വധിച്ചത്. ഇന്ധനക്ഷാമം കാരണം ഗസ്സയിലെ പ്രധാന ആശുപത്രികളുടെ പ്രവർത്തനം തടസപ്പെട്ടു. ഇസ്രായേലിലെ സൈനികതാവളം വിപുലപ്പെടുത്താൻ അമേരിക്ക തീരുമാനിച്ചതായും റിപ്പോര്‍ട്ട് പുറത്തുവന്നു.
Adjust Story Font
16

