Quantcast

മറുവശത്ത് ചൈനയും റഷ്യയും; ഗസ്സയിൽ യുഎസ് നേരിടുന്നത് വൻ വെല്ലുവിളി

പടിഞ്ഞാറൻ ബ്ലോക്കിന്റെ നിക്ഷിപ്ത താത്പര്യങ്ങളാണ് യുഎന്‍ പ്രമേയം പരാജയപ്പെട്ടതിന്‍റെ കാരണമെന്ന് റഷ്യ

MediaOne Logo

Web Desk

  • Published:

    20 Oct 2023 8:53 AM GMT

gaza china russia and us
X

യുഎസിനെതിരെ ആഗോളതലത്തിൽ ഒന്നിച്ചു നിൽക്കാനുള്ള അവസരം മുതലെടുത്ത് വൻ ശക്തികളായ റഷ്യയും ചൈനയും. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന് തുറന്ന പിന്തുണ നൽകിയ യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ നിലപാടിനെതിരെയാണ് ഇരു രാഷ്ട്രങ്ങളും ശക്തമായി രംഗത്തെത്തിയത്. ഈയിടെയായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ഇരുശക്തികളും വിഷയത്തില്‍ ഒരുമിച്ചു നിൽക്കുന്നത് യുഎസിന് കനത്ത വെല്ലുവിളിയാകും എന്നാണ് വിലയിരുത്തൽ.

വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ റഷ്യയുടെ പിന്തുണയോടെ കൊണ്ടു വന്ന പ്രമേയമാണ് ഇസ്രായേൽ ആക്രമണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ ആദ്യമായി നടന്ന ഇടപെടൽ. പ്രമേയം യുഎസ് വീറ്റോ ചെയ്തതോടെ പരാജയപ്പെട്ടു. ചൈന, ഗാബോൺ, മൊസാംബിക്, റഷ്യ, യുഎഇ എന്നീ അഞ്ചു രാഷ്ട്രങ്ങളാണ് പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തത്. ഫ്രാൻസ്, ജപ്പാൻ, യുകെ, യുഎസ് എന്നിവർ എതിർത്തു. അൽബേനിയ, ബ്രസീൽ, ഇക്വഡോർ, ഘാന, മാൾട്ട, സ്വിറ്റ്‌സർലാൻഡ് എന്നീ രാഷ്ട്രങ്ങൾ വിട്ടുനിന്നു.

പടിഞ്ഞാറൻ ബ്ലോക്കിന്റെ നിക്ഷിപ്ത താത്പര്യങ്ങൾ മൂലമാണ് പ്രമേയം പരാജയപ്പെട്ടതെന്ന് രക്ഷാസമിതിയിലെ റഷ്യൻ സ്ഥിരം പ്രതിനിധി വാസിലി നെബാൻസിയ കുറ്റപ്പെടുത്തിയിരുന്നു. ഗസ്സയിലെ അഭൂതപൂർവ്വമായ മാനുഷിക ദുരന്തത്തിൽ അങ്ങേയറ്റത്തെ ഉത്കണ്ഠയുണ്ട്. സംഘർഷം വേഗത്തിൽ പടർന്നുകൊണ്ടിരിക്കുന്നത് വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്. പടിഞ്ഞാറിന്റെ രാഷ്ട്രീയവും സ്വാർത്ഥവുമായ താത്പര്യങ്ങളാണ് പ്രമേയം ബ്ലോക്കു ചെയ്തത്- അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസിന്റെ ചെയ്തിയെ അപലപിക്കാത്തതാണ് പ്രമേയത്തെ എതിർക്കേണ്ട സാഹചര്യമുണ്ടാക്കിയതെന്ന് യുഎസ് വിശദീകരിച്ചു. ഭീകര സംഘമായ ഹമാസിന് റഷ്യ സംരക്ഷണമൊരുക്കുകയാണ് എന്നും യുഎസ് പ്രതിനിധി ലിൻഡ തോമസ് ഗ്രീൻഫീൽഡ് ആരോപിച്ചു.

ഗസ്സയിലേക്ക് അടിയന്തര മാനുഷിക സഹായം എത്തിച്ച രാഷ്ട്രവും റഷ്യയാണ്. ഈജിപ്ത് വഴി 27 ടൺ സഹായമാണ് പ്രത്യേക വിമാനം വഴി മോസ്‌കോ അടിയന്തരമായി എത്തിച്ചത്. ഈജിപ്ത് റെഡ് ക്രസന്റ് വഴിയാകും സഹായം വിതരണം ചെയ്യുകയെന്ന് റഷ്യൻ ഡപ്യൂട്ടി മന്ത്രി ഇൽയ ഡെനിസോവ് പറഞ്ഞു.

അൽ അഹ്‌ലി അറബ് ആശുപത്രിയിൽ നടത്തിയ ആക്രമണത്തിൽ റഷ്യയെടുത്ത നിലപാടും ശ്രദ്ധിക്കപ്പെട്ടു. ഇസ്‌ലാമിക് ജിഹാദിന്റെ ഉന്നം തെറ്റിയ റോക്കറ്റാണ് അത്യാഹിതത്തിന് കാരണമായത് എന്ന ഇസ്രായേൽ വാദം ഇതുവരെ റഷ്യ അംഗീകരിച്ചിട്ടില്ല. അങ്ങനെയാണ് എങ്കിൽ അതിന് സാറ്റലൈറ്റ് തെളിവു പുറത്തുവിടണം എന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്. യുഎസ് അടക്കമുള്ള രാഷ്ട്രങ്ങൾ ഇസ്രായേലിന്റെ വാദത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ അന്താരാഷ്ട്ര തലത്തിൽ ഈ വാദത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ല.

രക്ഷാസമിതി പ്രമേയം വീറ്റോ ചെയ്ത യുഎസിനെതിരെ കനത്ത ഭാഷയിലാണ് ചൈന പ്രതികരിച്ചത്. അന്താരാഷ്ട്ര പ്രശ്‌നങ്ങളിൽ വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ നിലപാടാണ് മിക്ക ലോകരാഷ്ട്രങ്ങളും സ്വീകരിച്ചു വരുന്നത് എന്നും സമാധാനവും ശാന്തിയും നിലനിർത്താൻ അത് അത്യന്താപേക്ഷിതമാണ് എന്നുമാണ് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പ്രതികരിച്ചിരുന്നത്. യുഎസ് പ്രമേയം വീറ്റോ ചെയ്തതിനെ 'അവിശ്വസനീയം' എന്നാണ് ചൈനയിലെ യുഎൻ അംബാസഡർ ഴാങ് ജുൻ വിശേഷിപ്പിച്ചിരുന്നത്.

ഫലസ്തീൻ-ഇസ്രായേൽ സംഘർഷത്തിന്റെ മൗലിക കാരണങ്ങളാണ് പരിഹരിക്കപ്പെടേണ്ടത് എന്നാണ് ചൈനയുടെ മധ്യേഷ്യൻ പ്രതിനിധി കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയത്. ഇസ്രായേൽ രാഷ്ട്രത്തിന്റെ സംസ്ഥാപനം വരെ ചോദ്യം ചെയ്യുന്ന നിലപാടാണിത്.

TAGS :

Next Story