വെടിനിർത്തൽ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി അമേരിക്ക; കരാറിനെക്കുറിച്ച് പഠിച്ചു വരുന്നതായി ഹമാസ്
ഉപരോധം തുടരുന്ന ഗസ്സയിൽ ചുരുക്കം സഹായട്രക്കുകൾക്ക് മാത്രമാണ് ഇസ്രായേൽ അനുമതി നൽകിയതെന്ന് യു.എൻ വ്യക്തമാക്കി

തെൽ അവിവ്: അമേരിക്ക സമർപ്പിച്ച രണ്ടു മാസം നീണ്ടുനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ നിർദേശം പഠിച്ചു വരുന്നതായി ഹമാസ്. നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി അമേരിക്ക അറിയിച്ചു. ഉപരോധം തുടരുന്ന ഗസ്സയിൽ ചുരുക്കം സഹായട്രക്കുകൾക്ക് മാത്രമാണ് ഇസ്രായേൽ അനുമതി നൽകിയതെന്ന് യു.എൻ വ്യക്തമാക്കി.
യുഎസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി അമേരിക്ക. വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേൽ പിന്തുണക്കുന്ന വെടിനിർത്തൽ നിർദേശമാണ് ഹമാസിന് കൈമാറിയിരിക്കുന്നതെന്നും അവർ പ്രതികരിച്ചു. യുഎസ് സമർപ്പിച്ച നിർദേശം വിലയിരുത്തി വരികയാണെന്ന് ഹമാസും അറിയിച്ചു. രണ്ടു മാസം നീണ്ടുനിൽക്കുന്ന ആദ്യഘട്ടത്തിൽ 10 ബന്ദികൾക്ക് പുറമെ 18 മൃതദേഹങ്ങളും ഹമാസ് കൈമാറണം. ഇതിനു പകരമായി ഗസ്സയിലേക്ക് ആവശ്യമായ സഹായം ഉറപ്പാക്കുകയും നിശ്ചിത ശതമാനം ഫലസ്തീൻ തടവുകാരെ വിട്ടയക്കുകയും ചെയ്യും.
സമ്പൂർണ യുദ്ധവിരാമവും സൈനിക പിൻമാറ്റവും വ്യവസ്ഥ ചെയ്യുന്നതാണ് രണ്ടാം ഘട്ടം. വ്യവസ്ഥകളുടെ പാലനം അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനായിരിക്കുമെന്നും പുതിയ വെടിനിർത്തൽ നിർദേശത്തിലുണ്ട്. ഗസ്സയിൽ ഹമാസിനെ അമർച്ച ചെയ്യും വരെ ആക്രമണം നിർത്തരുതെന്ന് തീവ്ര വലതുപക്ഷ മന്ത്രിമാരായ ബെൻ ഗവിറും സ്മോട്രികും ആവശ്യപ്പെട്ടു.
പട്ടിണി പിടിമുറുക്കിയ ഗസ്സയിൽ ആയിരങ്ങൾ ഭക്ഷണം ലഭിക്കാതെ വലയുകയാണ്. ഇസ്രായേൽ സൈനിക മേൽനോട്ടത്തിൽ ഗസ്സയിൽ മൂന്നാമത് താൽക്കാലിക ഭക്ഷ്യവിതരണ കേന്ദ്രം തുടങ്ങിയെങ്കിലും രൂക്ഷമായ പ്രതിസന്ധിക്ക് പരിഹാരമായില്ല. കൂടുതൽ സഹായട്രക്കുകൾക്ക് അനുമതി നൽകിയും കുറ്റമറ്റ വിതരണ സംവിധാനത്തെ ചുമതലയേൽപ്പിച്ചും മനുഷ്യത്വപരമായ നടപടി സ്വീകരിക്കാൻ യുഎൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഗസ്സയുടെ വിവിധ ഭാഗങ്ങളിലായി ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 70 പേർ കൂടി കൊല്ലപ്പെട്ടു. ഫലസ്തീൻ ജനതക്ക് പിന്തുണ നൽകി യെമനിലെ ഹൂതികൾ ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളം ലക്ഷ്യമിട്ട് ഇന്നലെ വീണ്ടും മിസൈൽ ആക്രമണം നടത്തി. ഇതോടെ വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടു.
Adjust Story Font
16

