ഗസ്സയിൽ താൽക്കാലിക വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമ ഘട്ടത്തിൽ; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 138 പേര്‍
യുദ്ധവിരാമത്തിന്‍റെ തുടക്കമായി വെടിനിർത്തൽ മാറണമെന്നതടക്കമുള്ള നിർദേശങ്ങൾ ഹമാസ് മധ്യസ്ഥരാജ്യങ്ങളെ അറിയിച്ചു

തെൽ അവിവ്: ഗസ്സയിൽ താൽക്കാലിക വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമ ഘട്ടത്തിലെന്ന് റിപ്പോർട്ട്. താൽക്കാലിക വെടിനിർത്തൽ നിർദേശത്തോടുള്ള അനുകൂല പ്രതികരണം മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായി ഹമാസ് വ്യക്തമാക്കി. യുദ്ധവിരാമത്തിന്‍റെ തുടക്കമായി വെടിനിർത്തൽ മാറണമെന്നതടക്കമുള്ള നിർദേശങ്ങൾ ഹമാസ് മധ്യസ്ഥരാജ്യങ്ങളെ അറിയിച്ചു.
ഗസ്സ വെടിനിർത്തൽ ചർച്ചകൾ അന്ത്യഘട്ടത്തിലേക്കെന്ന് റിപ്പോർട്ട്. അമേരിക്ക സമർപ്പിച്ച വെടിനിർത്തൽ നിർദേശത്തിൽ ഹമാസിന്‍റെ മറുപടി ഉടൻ ലഭിക്കണമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഫലസ്തീൻ കൂട്ടായ്മകളുമായുള്ള ആശയവിനിമയം പൂർത്തീകരിച്ചതായും മധ്യസ്ഥ രാജ്യങ്ങളെ അനുകൂല പ്രതികരണം അറിയിച്ചതായും ഹമാസ് വെളിപ്പെടുത്തി. വെടിനിർത്തൽ വ്യവസ്ഥകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉടൻ ചർച്ചക്ക് സജ്ജമാണെന്നും ഹമാസ് അറിയിച്ചു. രണ്ടു മാസം നീളുന്ന താൽക്കാലിക വെടിനിർത്തൽ നിർദേശം അംഗീകരിക്കുമെങ്കിലും പൂർണ യുദ്ധവിരാമത്തിന്‍റെ തുടക്കമായി അതു മാറണമെന്ന് ഹമാസ് മധ്യസ്ഥ രാജ്യങ്ങളോട് ആവശ്യപ്പെട്ടതായാണ് സൂചന. ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ ഇന്ന് യോഗം ചേരും.
ഞായറാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു വാഷിങ്ടണിലേക്ക് തിരിക്കും. ഗസ്സയിൽ സമ്പൂർണ യുദ്ധവിരാമം അംഗീകരിക്കില്ലെന്ന നിലപാടിൽ തന്നെയാണ് നെതന്യാഹു. വൈറ്റ്ഹൗസിൽ തിങ്കളാഴ്ച ട്രംപ്- നെതന്യാഹു ചർച്ചകൾക്കുശേഷം വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടാകുമെന്ന് ചില യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 10 ബന്ദികളെയും 18 മൃതദേഹങ്ങളും ഹമാസ് വിട്ടയക്കുമെന്നും പകരം നിരവധി തടവുകാരെ ഇസ്രായേലും മോചിപ്പിക്കുമെന്നുമാണ് കരാർ വ്യവസ്ഥകളിൽ പ്രധാനം. ഘട്ടംഘട്ടമായി ഇസ്രായേൽ സേന ഗസ്സയിൽനിന്ന് പിന്മാറ്റം ആരംഭിക്കും.
വെടിനിർത്തൽ ഇരുപക്ഷവും അംഗീകരിച്ചാൽ, അനുബന്ധമായി നടക്കുന്ന പൂർണ യുദ്ധവിരാമ ചർച്ചകളാകും ഇനി നിർണായകം. ഗസ്സയിൽ ഇസ്രായേലിന്‍റെ കൊടുംക്രൂരതകൾക്ക് മാറ്റമില്ല. പിന്നിട്ട 24 മണിക്കൂറിനുള്ളിൽ 138 ഫലസ്തീനികളയാണ് കൊന്നുതള്ളിയത്.ഭക്ഷ്യ വിതരണത്തിന് യുഎസ് പിന്തുണയോടെ തുറന്ന നാല് കേന്ദ്രങ്ങളിലുമായി ഇതിനകം കൊല്ലപ്പെട്ടവരുടെ എണ്ണം 613 ആയി ഉയർന്നതായി യുഎൻ മനുഷ്യാവകാശ ഓഫിസ് അറിയിച്ചു.
Adjust Story Font
16

