'ശത്രുക്കളെ തകർക്കാൻ അതിശക്തമായ ആക്രമണം വേണം; യുഎസ് പ്രതിരോധ സെക്രട്ടറിയുടെ പെന്റഗണിലെ പ്രാർഥന വിവാദത്തിൽ
ഹെഗ്‌സെത്ത് സൈനിക വകുപ്പിൽ മതം ഉപയോഗിക്കുന്നത് ഭിന്നതയ്ക്ക് കാരണമാകുമെന്നും അത് സൈന്യത്തെ ദുർബലപ്പെടുത്തുമെന്നും വിമര്‍ശനമുണ്ട്

- Published:
27 March 2026 4:06 PM IST

വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പെന്റഗണിൽ നടന്ന ക്രിസ്ത്യൻ പ്രാർഥനാ ചടങ്ങിൽ അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നടത്തിയ പ്രസ്താവനകൾ വിവാദമാകുന്നു. 'കരുണ അർഹിക്കാത്തവർക്കെതിരെ അതിശക്തമായ അക്രമ നടപടികൾ ഉണ്ടാകണമെന്നാണ് പീറ്റ് ഹെഗ്‌സെത്ത് പ്രാര്‍ഥിച്ചത്.
പെന്റഗണിലെ സൈനികർക്കും സിവിലിയൻ ജീവനക്കാർക്കുമായി ഹെഗ്സെത്ത് നടത്തുന്ന ആദ്യത്തെ ക്രിസ്തീയ ആരാധനാ ചടങ്ങിലാണ് സംഭവം. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ അമേരിക്ക പിടികൂടിയ സമയത്ത് ഒരു സൈനിക ചാപ്ലയിൻ ഉപയോഗിച്ച പ്രാർത്ഥനയാണിതെന്ന് അദ്ദേഹം പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ദൈവികമായ നീതി നടപ്പിലാക്കാനും, അമേരിക്കയ്ക്ക് നേരെയുള്ള വെല്ലുവിളികൾക്കെതിരെ ശക്തമായ തിരിച്ചടി നൽകാനും, സൈനികർക്ക് സംരക്ഷണം നൽകാനും ആവശ്യപ്പെട്ട് നടത്തിയ പ്രാര്‍ഥന വിവാദങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്. ഔദ്യോഗിക പദവിയിലിരുന്ന് ഇത്തരമൊരു പ്രാർഥന നടത്തിയതാണ് ചർച്ചകൾക്ക് തുടക്കമിട്ടത്.
സൈനിക ചാപ്ലയിൻ വിഭാഗത്തിൽ വരുത്തുന്ന മാറ്റങ്ങൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പ്രാർഥന നടന്നത്. ചാപ്ലെയിൻ കോർപ്സിന്റെ മതപരമായ അഫിലിയേഷൻ കോഡുകൾ ഏകദേശം 200 വ്യത്യസ്‌ത വിശ്വാസ കോഡുകളിൽ നിന്ന് 31 കോഡുകളായി കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഹെഗ്‌സെത്ത് തന്റെ ഭരണകാലത്ത് പെന്റഗണിൽ പ്രതിമാസ പ്രാർത്ഥനാ സെഷനുകൾ ആരംഭിച്ചിരുന്നു.എന്നാല്‍ ഈ എല്ലാ പ്രാർത്ഥനാ യോഗങ്ങളിലും സുവിശേഷകരാണ് നേതൃത്വം നൽകിയതെന്ന് എപി റിപ്പോർട്ട് ചെയ്തു. തന്റെ ക്രിസ്തീയ വിശ്വാസം ഔദ്യോഗിക പദവിയിൽ അനാവശ്യമായി കലർത്തുന്നു എന്നാരോപിച്ച് ഹെഗ്സെത്തിനെതിരെ വ്യാപകമായ വിമർശനങ്ങളും പരാതികളും ഉയരുന്നുണ്ട്.
ഹെഗ്‌സെത്ത് സൈനിക വകുപ്പിൽ മതം ഉപയോഗിക്കുന്നത് ഭിന്നതയ്ക്ക് കാരണമാകുമെന്നും അത് സൈന്യത്തെ ദുർബലപ്പെടുത്തുമെന്നും വിമര്‍ശനമുണ്ട്. ശത്രുക്കളെ മാനുഷിക പരിഗണനകൾക്ക് അപ്പുറം കാണുന്ന ഈ പരാമർശം യുദ്ധനിയമങ്ങൾക്കും നൈതികതയ്ക്കും വിരുദ്ധമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ധാരാളം ക്രിസ്ത്യൻ ദേശീയവാദികൾ സൈന്യത്തിൽ ചേരുന്നത് കാണാൻ കഴിയുമെന്നായിരുന്നു ഇറാഖ് യുദ്ധത്തിൽ പങ്കെടുത്ത ഒ സൈനികനും വാച്ച്ഡോഗ് ടാസ്‌ക് ഫോഴ്‌സ് ബട്ട്‌ലറിന്റെ സിഇഒയുമായ ക്രിസ്റ്റഫർ ഗോൾഡ്‌സ്മിത്ത് കഴിഞ്ഞ വർഷം ഗാർഡിയനോട് പറഞ്ഞത് . "അവർ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പോകുന്നില്ല, നമ്മുടെ ദേശീയ സുരക്ഷ ഒരു തലമുറയോളം കഷ്ടപ്പെടും, കാരണം പുറത്തു പോകാത്തവർ പിന്നീട് വിഷലിപ്തമായ നേതാക്കളായി മാറുമെന്നായിരുന്നു' അദ്ദേഹം പറഞ്ഞത്.
പെന്റഗണിലെ ഇത്തരം പ്രാർത്ഥനാ യോഗങ്ങളുടെ രേഖകൾ ആവശ്യപ്പെട്ട് 'അമേരിക്കൻസ് യുണൈറ്റഡ് ഫോർ സെപ്പറേഷൻ ഓഫ് ചർച്ച് ആൻഡ് സ്റ്റേറ്റ്' എന്ന സംഘടന നിയമനടപടിയും സ്വീകരിച്ചിട്ടുണ്ട്. നിർബന്ധിതമല്ലെന്ന് പറയുമ്പോഴും, മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്താൻ ജീവനക്കാർ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കാൻ സമ്മർദ്ദത്തിലാകുന്നു എന്നതാണ് പ്രധാന പരാതി.
Adjust Story Font
16
