Quantcast

'അയാള്‍ ഒരു ഭ്രാന്തന്‍': ട്രംപിനെതിരെ യുഎസില്‍ വ്യാപക പ്രതിഷേധം

അമേരിക്കയില്‍ ട്രംപ് ഭരണകൂടം ചുമതലയേറ്റ ശേഷം ആദ്യമായാണ് ഇത്രയും വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    6 April 2025 12:50 PM IST

അയാള്‍ ഒരു ഭ്രാന്തന്‍: ട്രംപിനെതിരെ യുഎസില്‍ വ്യാപക പ്രതിഷേധം
X

വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുന്നു. യുഎസിലെ അന്‍പതോളം സംസ്ഥാനങ്ങളില്‍ ആളുകള്‍ തെരുവിലിറങ്ങി കൂറ്റന്‍ പ്രകടനങ്ങള്‍ നടത്തി. വിവാദ നയങ്ങള്‍ക്കെതിരെ പതിനായിരക്കണക്കിന് പേരാണ് പ്രകടനങ്ങളില്‍ പങ്കെടുത്തത്.

ഫെഡറല്‍ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടല്‍, അനധികൃത കുടിയേറ്റക്കാരുടെ മനുഷ്യത്വരഹിതമായ നാടുകടത്തല്‍, ട്രാന്‍സ്‌ജന്‍ഡര്‍ നയം, താരിഫ് നയം, ഗര്‍ഭഛിദ്ര വിരുദ്ധ നിയമങ്ങള്‍, മറ്റ് വിവാദ നടപടികള്‍ എന്നിവയില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനങ്ങള്‍. വാഷിങ്ടൺ, ന്യൂയോർക്ക്, ഹ്യൂസ്റ്റൺ, ഫ്ലോറിഡ, കൊളറാഡോ, ലോസ് ഏഞ്ചൽസ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രതിഷേധക്കാർ റാലി നടത്തി.

അമേരിക്കയില്‍ ട്രംപ് ഭരണകൂടം ചുമതലയേറ്റ ശേഷം ആദ്യമായാണ് ഇത്രയും വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നത്. പൗരാവകാശസംഘടനകൾ, തൊഴിലാളി യൂണിയനുകൾ, എൽജിബിടിക്യു പ്രവർത്തകർ, തെരഞ്ഞെടുപ്പ് പരിഷ്കാരത്തിനായി വാദിക്കുന്നവർ തുടങ്ങിയവരുൾപ്പെടെ 150ലേറെ സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. യുഎസിന് രാജാവ് വേണ്ടെന്നും അയാള്‍ ഒരു ഭ്രാന്തനാണെന്ന പ്ലക്കാർഡുകളും പ്രതിഷേധനിരയിൽ ഉയർന്നു.

ഞാൻ വല്ലാതെ ദേഷ്യത്തിലാണ്. പ്രത്യേകാധികാരവും പീഡനാരോപണങ്ങളും നേരിടുന്ന ഒരു കൂട്ടം വെള്ളക്കാരാണ് രാജ്യം നിയന്ത്രിക്കുന്നതെന്ന് ന്യൂയോർക്കിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ഷൈന കെസ്നർ എന്ന യുവതി പറഞ്ഞു. എന്നാൽ രാജ്യത്തെമ്പാടും പ്രതിഷേധം ഉയർന്നെങ്കിലും തന്റെ നയങ്ങളിൽ മാറ്റംവരുത്താൻ പോകുന്നില്ലെന്ന് ട്രംപ് ആവർത്തിച്ചു. പ്രതിഷേധത്തെ വൈറ്റ് ഹൗസ് തള്ളിക്കളയുന്നെന്നും ട്രംപ് പ്രതികരിച്ചു.

TAGS :

Next Story