Quantcast

ഹോർമുസിൽ ചരക്കുകപ്പലിന്​ നേരെ വീണ്ടും ആക്രമണം;​ ഇറാൻ-അമേരിക്ക സമാധാനനീക്കം പ്രതിസന്ധിയിൽ

ഇസ്രായേലും ലബനാനും തമ്മിൽ യുഎസ്​ മധ്യസ്ഥതയിൽ ഒപ്പുവെച്ച പുതിയ വെടിനിർത്തൽ കരാർ അംഗീകരിക്കില്ലെന്ന് ഹിസ്ബുല്ല അറിയിച്ചതും സമാധാന നീക്കങ്ങൾക്ക്​ തിരിച്ചടിയായി

MediaOne Logo

Web Desk

  • Published:

    27 Jun 2026 10:00 PM IST

ഹോർമുസിൽ ചരക്കുകപ്പലിന്​ നേരെ വീണ്ടും ആക്രമണം;​ ഇറാൻ-അമേരിക്ക സമാധാനനീക്കം പ്രതിസന്ധിയിൽ
X

തെഹ്റാൻ: ഹോർമുസിൽ ചരക്കുകപ്പലിന്​ നേർക്ക്​ വീണ്ടും ആക്രമണം നടന്നതോടെ ഇറാൻ-അമേരിക്ക സമാധാനനീക്കം പ്രതിസന്​ധിയിൽ. വെളുപ്പിന്​ ഇറാൻ നഗരത്തിനുനേർക്ക്​​ അമേരിക്ക നടത്തിയ ആക്രമണത്തിന്​ മറുപടിയായി ബഹ്​റൈനിലെ യുഎസ്​ സൈനിക കേന്ദ്രത്തിനു നേരെ ഇറാൻ തിരിച്ചടി നൽകി.

ഹോർമുസിൽ എണ്ണക്കപ്പലിന്​ നേരെയാണ്​ ആക്രമണം നടന്നത്​. ഡ്രോൺ പതിച്ച്​ കപ്പലിന്​ കാര്യമായ നാശനഷ്ടം നേരിട്ടതായാണ്​ റിപ്പോർട്ട്​. എന്നാൽ ജീവനക്കാർ സുരക്ഷിതരാണ്​. കഴിഞ്ഞ ദിവസമാണ്​ 'എവർ ലവ്‌ലി' എന്ന സിംഗപ്പൂർ പതാകയേന്തിയ കപ്പലിന് നേർക്ക്​ ആക്രമണം നടന്നത്​. അതിനുള്ള തിരിച്ചടി എന്ന നിലക്കാണ്​​ ഇന്ന്​ വെളുപ്പിന്​ ഇറാനിലെ സിറിക്ക് തുറമുഖത്തിന് സമീപമുള്ള മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾക്കും റഡാർ സൈറ്റുകൾക്കും നേരെ ആക്രമണം നടത്തിയതെന്ന്​ യുഎസ് സെൻട്രൽ കമാൻഡ്​ അറിയിച്ചു. എന്നാൽ കാര്യമായ നാശനഷ്ടമൊന്നും സംഭവിച്ചില്ലെന്ന്​ ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. താമസിയാതെ ബഹ്​റൈനിലെ യുഎസ്​ നാവിക കേന്ദ്രത്തിന്​ നേരെ ഡ്രോണുകൾ അയച്ചായിരുന്നു ഇറാന്‍റെ പ്രത്യാക്രമണം.

ആക്രമണം തുടർന്നാൽ ഇതിനേക്കാൾ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അമേരിക്കക്ക്​ മുന്നറിയിപ്പും നൽകി. ഒമാൻ തീരത്തോട്​ ചേർന്ന​ുള്ള ബദൽ കപ്പൽപാതയിലെ സൗകര്യം മെച്ചപ്പെടുത്തുമെന്ന യുഎസ്​ നാവികസേനയുടെ പ്രഖ്യാപനത്തോടെ സംഘർഷം കൂടുതൽ വ്യാപിച്ചേക്കുമെന്ന ആശങ്ക ശക്​തമായി. ചർച്ചകൾ അന്തിമമാകുന്നത് വരെ ആക്രമണങ്ങൾ പാടില്ലെന്നാണ്​ ഇറാൻ-അമേരിക്ക ധാരണാപത്രത്തിലെ വ്യവസ്ഥ.

ഹോർമുസ്​ കടലിടുക്കിൽ തങ്ങൾ നിശ്ചയിക്കുന്ന പാതയിലൂടെ അല്ലാതെ സഞ്ചരിക്കുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് ഇറാൻ ആവർത്തിച്ചു. ആക്രമണ,പ്രത്യാക്രമണങ്ങൾ സമാധാന നീക്കത്തെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ്​ പാകിസ്താൻ ഉൾപ്പെടെയുള്ള മധ്യസ്ഥരാജ്യങ്ങൾ. വെടിനിർത്തൽ കരാർ പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ് പറഞ്ഞു. കരാർ വ്യവസ്ഥയുടെ നഗ്​നമായ ലംഘനമാണ്​ യുഎസ്​ ആക്രമണമെന്ന്​ ഇറാൻ പാർലമെന്‍റ്​ ദേശീയ സുരക്ഷാ സമിതി മേധാവി ഇബ്രാഹിം അസീസി കുറ്റപ്പെടുത്തി.

അതിനിടെ, ഇസ്രായേലും ലബനാനും തമ്മിൽ യുഎസ്​ മധ്യസ്ഥതയിൽ ഒപ്പുവെച്ച പുതിയ വെടിനിർത്തൽ കരാർ അംഗീകരിക്കില്ലെന്ന് ഹിസ്ബുല്ല അറിയിച്ചതും സമാധാന നീക്കങ്ങൾക്ക്​ തിരിച്ചടിയായി.

TAGS :

Next Story