Quantcast

'ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം, ക്രിമിനൽ പശ്ചാത്തലമുണ്ടാകരുത്'; ബ്രിട്ടനിൽ കുടിയേറ്റക്കാര്‍ക്ക് സ്ഥിര താമസമനുവദിക്കാനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ നീക്കം

കുടിയേറ്റക്കാര്‍ അവരുടെ സാമൂഹിക മൂല്യം കൂടി തെളിയിക്കേണ്ടി വരും

MediaOne Logo

Web Desk

  • Published:

    29 Sept 2025 2:45 PM IST

ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം, ക്രിമിനൽ പശ്ചാത്തലമുണ്ടാകരുത്; ബ്രിട്ടനിൽ കുടിയേറ്റക്കാര്‍ക്ക് സ്ഥിര താമസമനുവദിക്കാനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ നീക്കം
X

ശബാന മഹമൂദ് Photo|Doug Seeburg

ലണ്ടൻ: രാജ്യത്ത് സ്ഥിര താമസം ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ക്കുള്ള മാനദണ്ഡങ്ങൾ കര്‍ശനമാക്കാനൊരുങ്ങി യുകെ. ബ്രിട്ടനിൽ തുടരാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ഇംഗ്ലീഷ് പ്രാവീണ്യം വേണമെന്നും യാതൊരു തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലവും ഉണ്ടായിരിക്കരുതെന്നും ആഭ്യന്തര സെക്രട്ടറി ശബാന മഹമൂദ് വ്യക്തമാക്കുന്നു.

കുടിയേറ്റക്കാര്‍ അവരുടെ സാമൂഹിക മൂല്യം കൂടി തെളിയിക്കേണ്ടി വരും. സമ്പദ്‌വ്യവസ്ഥയ്ക്ക് നൽകുന്ന സംഭാവനകൾക്കപ്പുറം, ബ്രിട്ടിഷ് സമൂഹത്തിന് എന്തു പ്രയോജനമാണ് അവരുടെ കുടിയേറ്റം കൊണ്ടുണ്ടാകുക എന്ന വിലയിരുത്തലും നടക്കുമെന്ന് ശബാന അറിയിച്ചു. ദീര്‍ഘകാലമായി കുടിയേറിപ്പാര്‍ക്കുന്നവര്‍ക്ക് പൗരത്വത്തിനു വഴിതുറക്കുന്ന നിലവിലെ 'ഇന്‍ഡെഫിനിറ്റ് ലീവ്(ILR) പ്രക്രിയ കൂടുതൽ കര്‍ശനമാക്കും. ബ്രിട്ടനിലെത്തി 5 വർഷം കഴിഞ്ഞാൽ കുടിയേറ്റ പദവിക്ക് അപേക്ഷിക്കാനുള്ള നിലവിലെ സൗകര്യം കർശനമാക്കുമെന്ന് സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. 5 വർഷം എന്ന കാലപരിധി 10 വർഷമാക്കാനാണ് നീക്കം.

"നമുക്ക് നിയമപരമായ കുടിയേറ്റം ആവശ്യമാണ്, അതൊരു നല്ല കാര്യമാണ്. ഇവിടെ വന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകളെ എപ്പോഴും സ്വാഗതം ചെയ്തിട്ടുള്ള ഒരു രാജ്യമാണ് നമ്മുടേത്. എന്നാൽ ഇവിടെ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും പുറമേ ഈ രാജ്യത്തിനും സമൂഹത്തിനും എന്ത് സംഭാവനയാണ് നൽകുന്നതെന്ന വലിയൊരു കാര്യം കൂടി ഉറപ്പാക്കും''ദ് സണ്‍ ഓണ്‍ സണ്‍ഡേ' ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ശബാന പറയുന്നു.

കഴിഞ്ഞ സെപ്തംബര്‍ 5നാണ് ശബാന ചുമതലേയറ്റത്. കുടിയേറ്റം സംബന്ധിച്ച കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ചുമതലയേറ്റതിന് പിന്നാലെ അവര്‍ വ്യക്തമാക്കിയിരുന്നു. "യുകെയിൽ തുടരാൻ നിങ്ങൾക്ക് നിയമപരമായ അവകാശമില്ലെങ്കിൽ, ഞങ്ങൾ നിങ്ങളെ നാടുകടത്തും. രാജ്യങ്ങൾ അവരുടെ പൗരന്മാരെ തിരിച്ചെടുക്കാൻ വിസമ്മതിച്ചാൽ, ഞങ്ങൾ നടപടിയെടുക്കും," ആഭ്യന്തര ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ മഹമൂദ് പറഞ്ഞിരുന്നു

TAGS :

Next Story