ന്യൂയോർക് മേയർ പ്രൈമറി തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം; സൊഹ്‌റാൻ മംദാനിക്കെതിരെ മുസ്‌ലിംവിരുദ്ധ പരാമർശവുമായി വലതുപക്ഷ നേതാക്കൾ
മംദാനിയുടെ വിജയം 9/11ന് സമാനമായ മറ്റൊരു ആക്രമണത്തിന് കാരണമാകുമെന്ന് നിരവധി വലതുപക്ഷക്കാർ

ന്യൂയോർക്: ന്യൂയോർക്ക് നഗരത്തിലെ മേയർ പ്രൈമറി തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ സൊഹ്‌റാൻ മംദാനിക്കെതിരെ കടുത്ത വംശീയതയുമായി വലതുപക്ഷ നേതാക്കൾ. 33 കാരനായ മുസ്‌ലിമിനെ തെരഞ്ഞെടുക്കുന്നത് 'മറ്റൊരു 9/11' ഉറപ്പാക്കുമെന്ന് പോലും കടത്തി പറയാൻ അവർ മടിച്ചില്ല. ന്യൂയോർക്കിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രതിനിധിയായ മംദാനി മുൻ മേയർ ആൻഡ്രൂ ക്യൂമോയെ അട്ടിമറിച്ചാണ് വിജയം കുറിച്ചത്. 'ഇന്ന് രാത്രി ഞങ്ങളുടെ രാത്രിയായിരുന്നില്ല. ഇന്ന് രാത്രി അദ്ദേഹത്തിന്റെ രാത്രിയാണ്. അദ്ദേഹം അത് അർഹിച്ചിരുന്നു.' ക്യൂമോ തന്റെ അനുയായികളോട് പറഞ്ഞു.
ഉഗാണ്ടയിൽ ജനിച്ച സൊഹ്‌റാൻ മംദാനി പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നിർമാതാവായ മീര നായരുടെയും കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസർ മഹ്മൂദ് മംദാനിയുടെയും മകനാണ്. അഴിമതി നിറഞ്ഞ ക്യൂമോയിൽ നിന്നും വ്യത്യസ്തനായി വാടക മരവിപ്പിക്കൽ, സൗജന്യ ശിശു സംരക്ഷണം, സൗജന്യ ബസുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നതുപോലുള്ള തന്റെ ജനപ്രിയ സാമ്പത്തിക നിലപാടുകളിലൂടെയാണ് മാംദാനി ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
എന്നാൽ സൊഹ്‌റാൻ മംദാനിയുടെ ചരിത്ര വിജയത്തോട് വലതുപക്ഷ രാഷ്ട്രീയക്കാരും നിയമനിർമാതാക്കളും നിരീക്ഷകരും പ്രത്യക്ഷത്തിൽ തന്നെ മുസ്‌ലിംവിരുദ്ധ വിദ്വേഷ പരാമർശങ്ങളിലൂടെയാണ് പ്രതികരിച്ചത്. മംദാനിയുടെ വിജയം 9/11ന് സമാനമായ മറ്റൊരു ആക്രമണത്തിന് കാരണമാകുമെന്ന് നിരവധി വലതുപക്ഷക്കാർ എക്‌സിൽ കുറിച്ചു. '9/11 ന് ശേഷം നമ്മൾ "ഒരിക്കലും മറക്കരുത്" എന്ന് പറഞ്ഞു. ദുഃഖകരമെന്നു പറയട്ടെ, നമ്മളത് മറന്നുപോയി എന്നാണ് എനിക്ക് തോന്നുന്നത്.' റിപ്പബ്ലിക്കൻ പാർട്ടിയുടെ നാൻസി മേസ് കുറിച്ചു.
'ന്യൂയോർക്കിൽ മറ്റൊരു 9/11 ഉണ്ടാകും, @ZohranKMamdani ആയിരിക്കും കുറ്റപ്പെടുത്തേണ്ടത്.' വലതുപക്ഷ ഇൻഫ്ലുവൻസർ ലോറ ലൂമർ പറഞ്ഞു.
'ന്യൂയോർക് ഡെമോക്രാറ്റ്‌സ് തെരഞ്ഞെടുത്തത് ജിഹാദി കമ്മ്യൂണിസ്റ്റിനെ' എന്ന പേരിൽ ലോറ ലൂമറുടെ ഒരു വിഡിയോ പരമ്പര തന്നെയുണ്ട്.
'കുടിയേറ്റം നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുമ്പോൾ ഒരു സമൂഹത്തിന് എന്ത് സംഭവിക്കുമെന്നതിന്റെ ഏറ്റവും വ്യക്തമായ മുന്നറിയിപ്പാണ് ന്യൂയോർക്ക് സിറ്റി.' ട്രംപിന്റെ കുടിയേറ്റ വിരുദ്ധ അജണ്ട തയ്യാറാക്കിയ വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ പറഞ്ഞു.
Adjust Story Font
16

