Quantcast

ഗസ്സയിലെ അമ്മമാരുടെ നോവ് വരച്ചുകാട്ടി ഇറ്റാലിയൻ കലാകാരൻ; ശ്രദ്ധനേടി 'ഹോളി മദേഴ്സ് ഓഫ് ഗസ്സ'

ഇറ്റാലിയൻ കലാകാരൻ എഡ്വാർഡോ കാസ്റ്റാൾഡോയുടെ 'ഹോളി മദേഴ്സ് ഓഫ് ഗസ്സ' എന്ന് പേരിട്ടിരിക്കുന്ന സൃഷ്ടി നേപ്പിൾസിലുള്ള പാപ്പക്കോഡ ചാപ്പലിലാണ് അനാച്ഛാദനം ചെയ്തത്

MediaOne Logo

അഹമ്മദലി ശര്‍ഷാദ്

  • Updated:

    2026-11-15 12:44:56

Published:

15 Nov 2026 4:11 PM IST

ഗസ്സയിലെ അമ്മമാരുടെ നോവ് വരച്ചുകാട്ടി ഇറ്റാലിയൻ കലാകാരൻ; ശ്രദ്ധനേടി ഹോളി മദേഴ്സ് ഓഫ് ഗസ്സ
X

റോം: ഗസ്സയിലെ യുദ്ധം അമ്മമാരിലും കുഞ്ഞുങ്ങളിലുമുണ്ടാക്കുന്ന ആഘാതം ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന് ഇറ്റാലിയൻ കലാകാരൻ എഡ്വാർഡോ കാസ്റ്റാൾഡോയുടെ കലാസൃഷ്ടി. 'ഹോളി മദേഴ്സ് ഓഫ് ഗസ്സ' എന്ന് പേരിട്ടിരിക്കുന്ന സൃഷ്ടി ഇറ്റലിയിലെ നേപ്പിൾസിലുള്ള പാപ്പക്കോഡ ചാപ്പലിലാണ് അനാച്ഛാദനം ചെയ്തത്. നവംബർ 11-ന് നടന്ന ചടങ്ങിൽ, ഉണ്ണിയേശുവിനെ കൈകളിലേന്തി നിൽക്കുന്ന കന്യാമറിയത്തിന്റെ ചിത്രം ഭാഗികമായി അടർത്തിമാറ്റിയാണ് കാസ്റ്റാൾഡോ സൃഷ്ടി അവതരിപ്പിച്ചത്. ചിത്രത്തിന് താഴെ, ഗസ്സയിൽ സ്വന്തം കുഞ്ഞിനെ ചേർത്തുപിടിച്ചു നിൽക്കുന്ന ഒരു അമ്മയുടെ യഥാർഥ ഫോട്ടോയാണ് അദ്ദേഹം പ്രദർശിപ്പിച്ചത്. ഫലസ്തീൻ ഫോട്ടോജേണലിസ്റ്റ് ഉമർ എൽ ഖത്തയാണ് ഈ ചിത്രം പകർത്തിയത്.

യുദ്ധത്തിന്റെ നേർക്കാഴ്ചയായി കലാസൃഷ്ടി

മതപരമായ മാതൃത്വ സങ്കൽപ്പങ്ങളെ ഫലസ്തീൻ പോലുള്ള യുദ്ധബാധിത പ്രദേശങ്ങളിലെ അമ്മമാരുടെ ജീവിതയാഥാർഥ്യങ്ങളുമായി ബന്ധിപ്പിക്കാനാണ് ഈ സൃഷ്ടിയിലൂടെ ശ്രമിക്കുന്നത്. നേപ്പിൾസിലെ വിവിധ ആരാധനാലയങ്ങളിൽ ഒരുക്കുന്ന വലിയ കലാപ്രദർശനത്തിന്റെ ഭാഗമായാണ് ഇത് അവതരിപ്പിച്ചത്. നേപ്പിൾസിനെ 'സയണിസ്റ്റ് വിരുദ്ധ' നഗരമായാണ് കാസ്റ്റാൾഡോ വിശേഷിപ്പിച്ചത്. ''ബിംബത്തിന്റെ കണ്ണുനീർ അനിവാര്യമായ ദുഃഖത്തിന്റെ പ്രവൃത്തിയായി മാറുന്നു, അത് മുറിവുണക്കുകയും നമ്മെ ഒന്നിപ്പിക്കുകയും അനുകമ്പയിലേക്ക് നയിക്കുകയും ചെയ്യുന്ന മുറിവാണ്'' കാസ്റ്റാൾഡോ പറഞ്ഞതായി ന്യൂയോർക്ക് ആസ്ഥാനമായുള്ള അപ്പ് മാഗസിൻ റിപ്പോർട്ട് ചെയ്തു.

ആരാണ് എഡ്വാർഡോ കാസ്റ്റാൾഡോ?

നേപ്പിൾസ് സ്വദേശിയായ എഡ്വാർഡോ കാസ്റ്റാൾഡോ പ്രശസ്ത ഫോട്ടോജേണലിസ്റ്റും വേൾഡ് പ്രസ് ഫോട്ടോ അവാർഡ് ജേതാവുമാണ്. പശ്ചിമേഷ്യയിൽ ഫോട്ടോജേണലിസ്റ്റായി പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം തെരുവുകലയിലേക്ക് (Street Art) തിരിഞ്ഞത്. മഡോണ ചിത്രങ്ങളെ യഥാർഥ ഫോട്ടോജേണലിസം ചിത്രങ്ങളുമായി സംയോജിപ്പിക്കുന്ന കലാസൃഷ്ടികളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ഈജിപ്തിൽ മുൻ പ്രസിഡന്റ് ഹുസ്നി മുബാറക്കിനെതിരെ നടന്ന പ്രക്ഷോഭം പകർത്തിയ 'ഡോൺ ഓഫ് എ റെവല്യൂഷൻ' എന്ന ഫോട്ടോ സ്റ്റോറിക്ക് 2012-ലെ വേൾഡ് പ്രസ് ഫോട്ടോ മത്സരത്തിൽ സ്‌പോട്ട് ന്യൂസ് വിഭാഗത്തിൽ അദ്ദേഹത്തിന് മൂന്നാം സ്ഥാനം ലഭിച്ചിരുന്നു.

ഫോട്ടോജേണലിസത്തിൽ നിന്ന് തെരുവുകലയിലേക്ക്

അറബ് വസന്തകാലത്തും ഇസ്രായേൽ അധിനിവേശ സമയത്തും കെയ്റോയിലും ഫലസ്തീനിലും ഒരു പാശ്ചാത്യ ഫോട്ടോജേണലിസ്റ്റായി പ്രവർത്തിച്ചതിലെ അസ്വസ്ഥതകളെക്കുറിച്ച് കാസ്റ്റാൾഡോ മുമ്പ് തുറന്നുപറഞ്ഞിട്ടുണ്ട്. ''എന്റെ നിലപാടിനെക്കുറിച്ച് എനിക്ക് എപ്പോഴും ആശങ്കകളുണ്ടായിരുന്നു. പശ്ചിമേഷ്യയിലെ ജനങ്ങളുടെ ചിത്രങ്ങളെടുത്ത് പാശ്ചാത്യ പത്രങ്ങൾക്ക് വിൽക്കുകയും, എനിക്ക് ഒട്ടും യോജിക്കാൻ കഴിയാത്ത ഒരു ആഖ്യാനത്തിന്റെ ഭാഗമാവുകയും ചെയ്യുന്ന ഒരാളായാണ് എനിക്ക് തോന്നിയത്. ഏറ്റവും നിസ്സഹായരായ അവസ്ഥയിലുള്ള മനുഷ്യരെ മറ്റുള്ളവർക്ക് വിൽക്കുകയാണെന്ന് എനിക്ക് എപ്പോഴും തോന്നിയിരുന്നു''- അദ്ദേഹം വ്യക്തമാക്കി. ഇസ്രായേൽ അധിനിവേശത്തിന് കീഴിലുള്ള ഫലസ്തീനികളുടെ ജീവിതം കാസ്റ്റാൾഡോയുടെ മുൻകാല സൃഷ്ടികളിലും വിഷയമായിട്ടുണ്ട്. ജോലിക്കായി ജറുസലേമിലേക്ക് കടക്കാൻ ഇസ്രായേൽ സൈനിക ചെക്ക്പോസ്റ്റുകളിൽ കാത്തുനിൽക്കുന്ന ഫലസ്തീൻ തൊഴിലാളികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി അദ്ദേഹം ചെയ്ത 'വെൽക്കം ടു ബെത്ലഹേം' എന്ന സൃഷ്ടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

TAGS :

Next Story