Quantcast

അഫ്ഗാൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1400 ആയി

പാകിസ്താൻ- അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ പർവതമേഖലയിൽ ഞായറാഴ്ചയാണ് ശക്തമായ ഭൂചലനമുണ്ടായത്

MediaOne Logo

Web Desk

  • Published:

    3 Sept 2025 4:06 PM IST

Hope fades for finding survivors after Afghan quake kills more than 1,400
X

കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 1,400ൽ കൂടുതൽ ആളുകൾ മരിച്ചതായി റിപ്പോർട്ട്. വിദൂരഗ്രാമത്തിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായതിനാൽ തകർന്ന വീടുകൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവർ രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്നാണ് അധികൃതർ പറയുന്നത്. പല ഗ്രാമങ്ങളിലും ഇപ്പോഴും രക്ഷാപ്രവർത്തകർക്ക് എത്താൻ പോലും കഴിഞ്ഞിട്ടില്ലെന്ന് പ്രാദേശിക ഉദ്യോഗസ്ഥനായ ഇജാസുൽ ഹഖ് യാദ് പറഞ്ഞു.

പാകിസ്താൻ- അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ പർവതമേഖലയിൽ ഞായറാഴ്ചയാണ് ശക്തമായ ഭൂചലനമുണ്ടായത്. ദുരന്തത്തിൽ 1,411 പേർ മരിക്കുകയും 3,124 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ ഭരണകൂടം സ്ഥിരീകരിച്ചു. യുദ്ധവും അധിനിവേശവും തകർത്ത രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ് വൻ ദുരന്തം.

കുനാർ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് പരിക്കേറ്റത്. സമീപ പ്രവിശ്യകളായ നങ്ങർഹാർ, ലാങ്മാൻ പ്രവിശ്യകളിലും ഡസൻ കണക്കിന് ആളുകൾ മരിക്കുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഭൂകമ്പത്തെ തുടർന്ന് കനത്ത മണ്ണിടിച്ചിലും ഉണ്ടായതോടെ നേരത്തെ തന്നെ ഒറ്റപ്പെട്ടു കിടക്കുന്ന ഗ്രാമത്തിലേക്കുള്ള പ്രവേശനം കൂടുതൽ ദുഷ്‌കരമാക്കി.

വഴിയിൽ മുഴുവൻ പാറകൾ ഇടിഞ്ഞുവീണ് റോഡ് തടസ്സപ്പെട്ടതിനാൽ 20 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് ദുരന്തഭൂമിയിൽ എത്തിയതെന്ന് രക്ഷാപ്രകവർത്തകർ പറഞ്ഞു. തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടന പറഞ്ഞു.

രണ്ട് ദിവസത്തിനിടെ 155 ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് പരിക്കേറ്റ 2,000 പേരെ എയർ ലിഫ്റ്റ് ചെയ്ത് പ്രാദേശിക ആശുപത്രികളിൽ എത്തിച്ചതായി താലിബാൻ ഭരണകൂടം അറിയിച്ചു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാൻ മസർദാരയിൽ ചെറിയ മൊബൈൽ ക്ലിനിക് സ്ഥാപിച്ചിട്ടുണ്ടെന്നും എന്നാൽ രക്ഷപ്പെട്ടവർക്ക് താമസിക്കാൻ ടെന്റുകളൊന്നും നിർമിച്ചിട്ടില്ലെന്നും എഎഫ്പി റിപ്പോർട്ട് ചെയ്തു.

TAGS :

Next Story