Quantcast

പുറത്തിറങ്ങുന്നവരെ മുഴുവൻ ഇസ്രായേൽ സൈന്യം വെടിവെക്കുന്നു; ഗസ്സയിലെ ആശുപത്രികൾ മരണക്കളം

ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽശിഫയിൽ 13 രോഗികൾ മരിച്ചു

MediaOne Logo

Web Desk

  • Published:

    13 Nov 2023 2:43 AM GMT

Police allow rally in Tel Aviv demanding ceasefire in Gaza
X

ഗസ്സസിറ്റി: ഇസ്രായേൽ സേന വളഞ്ഞ ഗസ്സ സിറ്റിയിലെ ആശുപത്രികൾ മരണക്കളങ്ങളാകുന്നു. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽശിഫയിൽ 13 രോഗികൾ മരിച്ചു. മൂന്നു നഴ്‌സുമാരും കൊല്ലപ്പെട്ടു. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുന്നവരെ മുഴുവൻ ഇസ്രായേൽ സൈന്യം വെടിവെക്കുന്നുവെന്നാണ് റിപ്പോർട്ട്. 2300 പേരാണ് അൽശിഫയിലുള്ളത്.

യുദ്ധങ്ങളിൽ സാധാരണക്കാരുടെ അഭയകേന്ദ്രമാകുന്നയിടമാണ് ആശുപത്രികൾ. എന്നാൽ ഗസ്സയിൽ അവിടെ പോലും സുരക്ഷയില്ലാത്ത അവസ്ഥയാണ്. നിലവിൽ ഒരു ആശുപത്രിയും പൂർണമായി പ്രവർത്തിക്കുന്നില്ല. അൽശിഫ, ഇന്തോനേഷ്യൻ ആശുപത്രി, അൽ ഖുദ്‌സ് ആശുപത്രി എന്നീ ഗസ്സയിലെ വലിയ ആശുപത്രികൾക്ക് ചുറ്റം 20 മീറ്റർ പരിധിയിൽ ഇസ്രായേൽ സൈന്യം വളഞ്ഞിരിക്കുകയാണ്. അകത്ത് നിന്ന് പുറത്തേക്കോ, പുറത്ത് നിന്ന് അകത്തേക്കോ ആരെയും സൈന്യം പ്രവേശിപ്പിക്കുന്നില്ല. സ്ഥിതിഗതികൾ ഏറ്റവും സങ്കീർണമായിരിക്കുന്നത് അൽ ശിഫ ആശുപത്രിയിലാണ്. ഇന്ധനമില്ലാത്തതിനാൽ രോഗികളുടെ ചികിത്സയെല്ലാം മുടങ്ങിയിരിക്കുകയാണ്. ഇതോടെ നിരവധി പേർ മരിച്ചുവീഴുകയാണ്. ദാരുണം, അതിഭീകരമെന്നാണ് ഗസ്സയിലെ ആശുപത്രികളിലെ അവസ്ഥയെ കുറിച്ച് ലോകാരോഗ്യ സംഘടനാ തലവൻ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറയുന്നത്.

ആശുപത്രികളെ ഉപരോധിക്കുന്നതും ആക്രമിക്കുന്നതും വലിയ യുദ്ധക്കുറ്റമാണെന്നതിനാൽ അത് മറച്ചുവെക്കാൻ ചില പൊടിക്കൈകൾ ഇസ്രായേൽ നടത്തുന്നുണ്ട്. ഗുരുതര അവസ്ഥയിലുള്ള കുഞ്ഞുങ്ങളെ മാറ്റാൻ സഹായിക്കുമെന്നാണ് സൈന്യം അവകാശപ്പെടുന്നത്. എന്നാൽ അതിനുള്ള മാർഗം വ്യക്തമാക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

തുടർച്ചയായ ആക്രമണവും ഇന്ധനമില്ലായ്മയും കാരണം ഗസ്സയിൽ 22 ആശുപത്രികളുടെയും 49 ഹെൽത്ത് സെൻററുകളുടെയും പ്രവർത്തനം നിലച്ചിരിക്കുകയാണ്. നിരവധിപേർ ചികിത്സയിൽ കഴിയുന്ന അൽശിഫ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗവും മറ്റും തകർത്ത ഇസ്രായേൽ കൂടുതൽ ആക്രമണം നടത്താനുള്ള നീക്കത്തിലാണ്. ആശുപത്രി പരിസരത്ത് ഇന്ന് വെളുപ്പിനും ആക്രമണം തുടർന്നു. ചികിത്സയിലുള്ള നൂറുകണക്കിന് രോഗികളുടെ ജീവൻ അപകടത്തിലാണ്. ആശുപത്രിയിലെ ഹൃദ്രോഗ വാർഡ് നേരത്തെ തകർത്തിരുന്നു. വടക്കൻ ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രി കൂടിയായ അൽ ശിഫയുമായി ആശയവിനിമയ ബന്ധം പൂർണമായും തകർന്നതിനാൽ എന്താണ് സംഭവിക്കുന്നതെന്നു പോലും വ്യക്തമല്ലെന്ന് യു.എൻ ഏജൻസികൾ അറിയിച്ചു. അൽ റൻതീസി ഉൾപ്പെടെ മറ്റു ആശുപത്രികളും ഇസ്രായേൽ സൈന്യം പൂർണമായിവളഞ്ഞിരിക്കുകയാണ്. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുന്നവരെ ചുറ്റും നിലയുറപ്പിച്ച ഇസ്രായേൽ സൈന്യത്തിലെ ഷൂട്ടർമാർ വെടിവെച്ചിടുകയാണെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വെള്ളവും വൈദ്യുതിയും ഇന്ധനവും ലഭിക്കാത്തതിനാൽ ആശുപത്രികൾ അഭയ സങ്കേതങ്ങളായി കണ്ട എല്ലാവരുടെയും ജീവൻ ഭീഷണിയിലാണ്. അടിയന്തരമായി രണ്ടായിരം ലിറ്റർ ഇന്ധനമെങ്കിലും അനുവദിക്കണമെന്ന് അൽശിഫ ആശുപത്രി അധികൃതർ ഇസ്രായേൽ സൈന്യത്തോട് ആവശ്യപ്പെട്ടു. ഇല്ലാത്തപക്ഷം ഇൻകുബേറ്ററുകളിൽ കഴിയുന്ന കുഞ്ഞുങ്ങളെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വരുമെന്നും അധികൃതർ. ആശുപത്രികൾ ഉൾപ്പടെയുള്ള ആരോഗ്യ സംവിധാനങ്ങൾക്കെതിരായ ഇസ്രായേൽ ആക്രമണത്തിന് ഒരു ന്യായീകരണവുമില്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസ് പറഞ്ഞു. ബന്ദികളെ കൈമാറാതെ വെടിനിർത്തലിന് ഒരുക്കമല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. അതേ സമയം ബന്ദികളെ കൈമാറുന്ന കരാറിന് സാധ്യതയുണ്ടെന്നും നെതന്യാഹു. ഗസ്സയിൽ നിന്ന് 20 ഹമാസ് പോരാളികളെ പിടികൂടിയെന്ന് ഇസ്രായേൽ സൈന്യം. എന്നാൽ ചെറുത്തുനിൽപ്പ് അജയ്യമായി തുടരുകയാണെന്ന് ഹമാസ് നേതൃത്വം.

കരയുദ്ധം തുടങ്ങിയതു മുതൽ ഇസ്രായേലിൻറെ 160 സൈനിക വാഹനങ്ങൾ ഭാഗികമായോ പൂർണമായോ തകർത്തതായി ഹമാസിന്റെ സായുധ വിഭാഗമായ ഇസുദ്ദീൻ അൽഖസാം ബ്രിഗേഡ് വക്താവ് അബൂഉബൈദ അറിയിച്ചു. ലബനാൻ അതിർത്തിയിൽ ആക്രമണ, പ്രത്യാക്രമണങ്ങൾ വർധിച്ചു. ലബനാനിൽ നിന്നു വന്ന റോക്കറ്റ് പതിച്ച് 16 ഇസ്രായേലികൾക്ക് പരിക്കേറ്റു.

ഗസ്സയിൽ കൂടുതൽ സഹായം ഉറപ്പാക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ ഖത്തർ അമീറിനെ ടെലിഫോണിൽ അറിയിച്ചു. മാഡ്രിഡ് ഉൾപ്പെടെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ലക്ഷങ്ങൾ അണിനിരന്ന ഫലസ്തീൻ ഐക്യദാർഡ്യ റാലികൾ തുടരുകയാണ്.


Hospitals in Gaza are killing fields and anyone who comes out is shot by the Israeli army

TAGS :

Next Story