ദോഹ ആക്രമണം; ഗസ്സയിലെ ബന്ദികളുടെ മോചനത്തെ ബാധിച്ചേക്കുമെന്ന ഭയത്തിൽ ഇസ്രായേലിലെ കുടുംബങ്ങൾ
ദോഹയിലെ സംഭവവികാസങ്ങൾ കടുത്ത ആശങ്കയോടെ നിരീക്ഷിക്കുന്നുണ്ടെന്ന് ബന്ദികളാക്കിയവരുടെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന ഹോസ്റ്റേജസ് ആൻഡ് മിസ്സിംഗ് ഫാമിലീസ് ഫോറം പറഞ്ഞു

ജറുസലെം: ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യം വച്ചുള്ള ഇസ്രായേൽ വ്യോമാക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ബന്ദികളുടെ കുടുംബങ്ങൾ. ഗസ്സയിൽ ബന്ദികളാക്കിയ ഇസ്രായേലികളുടെ മോചനത്തെയും യുദ്ധം അവസാനിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചകളെയും ഇത് ബാധിച്ചേക്കുമെന്ന് നിരാശയിലും ഭയത്തിലുമാണ് കുടുംബാംഗങ്ങൾ.
ദോഹയിലെ സംഭവവികാസങ്ങൾ കടുത്ത ആശങ്കയോടെ നിരീക്ഷിക്കുന്നുണ്ടെന്ന് ബന്ദികളാക്കിയവരുടെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന ഹോസ്റ്റേജസ് ആൻഡ് മിസ്സിംഗ് ഫാമിലീസ് ഫോറം പറഞ്ഞു."ബന്ദികൾ വലിയ വില നൽകേണ്ടി വരും. ഇസ്രായേൽ ആക്രമണങ്ങൾക്ക് ശേഷം ബന്ദികളുടെ നില മോശമാണെന്ന് തടവിൽ നിന്ന് രക്ഷപ്പെട്ടവരിൽ നിന്ന് ഞങ്ങൾക്ക് അറിയാം," ഫോറം കൂട്ടിച്ചേര്‍ത്തു. "അവരുടെ തിരിച്ചുവരവിന്‍റെ സാധ്യത ഇപ്പോൾ എക്കാലത്തേക്കാളും വലിയ അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുന്നു, ഒരു കാര്യം ഉറപ്പാണ് - അവരുടെ സമയം കഴിഞ്ഞുപോവുകയാണ്'' സംഘടന വ്യക്തമാക്കുന്നു. "എല്ലാവരും വീട്ടിലായിരിക്കുമ്പോൾ മാത്രമേ യഥാർത്ഥ വിജയ ചിത്രം ഉണ്ടാകൂ" എന്ന് ഫോറം ഊന്നിപ്പറഞ്ഞു."48 ബന്ദികളെ തിരിച്ചയക്കുന്നതിനുള്ള സമഗ്രമായ ഒരു കരാറിനായി ഇസ്രായേൽ സർക്കാർ ഒരു ഘടനാപരമായ പദ്ധതി തയ്യാറാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു" ഫോറം പറഞ്ഞു.
“നെതന്യാഹു എന്‍റെ മകന്‍റെ വിധി മുദ്രകുത്തി കരാർ കാറ്റിൽ പറത്തിയിരിക്കാം. ഞാൻ ഭയന്ന് വിറയ്ക്കുന്നു'' . ദോഹയിൽ ആക്രമണം നടത്താൻ ഉത്തരവിട്ടതിന് പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിനെ ബന്ദിയാക്കപ്പെട്ട മതാൻ സൻഗോക്കറുടെ അമ്മയും പ്രമുഖ ആക്ടിവിസ്റ്റുമായ ഐനവ് സൻഗോക്കർ വിമർശിച്ചു."ഈ നിമിഷങ്ങളിൽ തന്നെ പ്രധാനമന്ത്രി എന്‍റെ മാത്താനെ കൊലപ്പെടുത്തിയിരിക്കാം, അവന്‍റെ വിധി നിർണയിച്ചിരിക്കാം. എന്‍റെ മാത്താന്‍റെ ജീവൻ മനഃപൂർവം അപകടത്തിലാക്കാൻ തീരുമാനിക്കുന്നവൻ അവനെ കൊലപ്പെടുത്തുകയാണ്." അവര്‍ ആരോപിച്ചു.
ഖത്തറിലെ ആക്രമണങ്ങളിൽ കുടുംബങ്ങൾ ദുഃഖം പ്രകടിപ്പിച്ചപ്പോൾ സർക്കാരിന്റെ മുഖ്യ ഉദ്യോഗസ്ഥനായ ഗാൽ ഹിർഷ്, ഇസ്രായേൽ അവരുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞതായി റിപ്പോർട്ടുണ്ട്.ഗസ്സക്ക് പുറത്ത് താമസിക്കുന്ന ഹമാസ് നേതാക്കൾ ബന്ദികളുമായി ബന്ധപ്പെട്ട ചര്‍ച്ചകളിൽ സുപ്രധാന തടസം സൃഷ്ടിച്ചുവെന്ന് വാദിച്ചു. "കഴിഞ്ഞ മണിക്കൂറുകളിലെ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ, പ്രത്യേകിച്ച് ബന്ദികളുടെ അവസ്ഥയും സ്ഥലവും ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്" എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ഹിർഷ് കുടുംബങ്ങൾക്ക് ഒരു സന്ദേശം അയച്ചതായി ഹീബ്രു മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
ഖലീൽ അൽ ഹയ്യ ഉൾപ്പെടെയുള്ള ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്‍റെ ആക്രമണം. ചൊവ്വാഴ്ച ഇസ്രായേൽ അംഗീകരിച്ചുവെന്ന് വ്യക്തമാക്കിയ പുതിയ യുഎസ് വെടിനിർത്തൽ നിർദേശത്തെക്കുറിച്ച് ഹമാസിന്‍റെ നേതൃത്വം ചർച്ച ചെയ്യുന്നതിനിടെയാണ് ഇത് സംഭവിച്ചതെന്ന് സംഘടന അറിയിച്ചു.ഖലീൽ അൽ ഹയ്യയുടെ മകൻ ഹുമാം അൽ ഹയ്യ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഉന്നത നേതാക്കൾ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്ന് ഹമാസ് വൃത്തങ്ങൾ അവകാശപ്പെട്ടെങ്കിലും ഇസ്രായേൽ കൂടുതൽ ശുഭാപ്തിവിശ്വാസം പുലർത്തുന്നുണ്ടെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ പറഞ്ഞു.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ജറുസലേമിന് ഇനി മധ്യസ്ഥത വഹിക്കില്ലെന്ന് ഖത്തർ ഇസ്രായേലിനെയും യുഎസിനെയും അറിയിച്ചതായും അതുവഴി ചർച്ചകൾ പൂർണമായും നിർത്തിവച്ചതായും പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ആക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷം വഞ്ചനാപരമായ ആക്രമണം ഉണ്ടായെങ്കിലും തന്‍റെ രാജ്യം ഉത്തരവാദിത്തത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

