Quantcast

'ഉടൻ മോചിപ്പിക്കണം'; നെതന്യാഹുവിന്റെ വീടിന് പുറത്ത് ടെന്റ് കെട്ടി ബന്ദികളുടെ ബന്ധുക്കളുടെ വൻ പ്രതിഷേധം

ജറുസലേമിലെ അസ്സ സ്ട്രീറ്റിലുള്ള നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് പുറത്താണ് ബന്ദികളുടെ കുടുംബക്കാരടങ്ങുന്ന പ്രതിഷേധക്കാർ‌ സംഘടിച്ചത്.

MediaOne Logo

Web Desk

  • Updated:

    2024-01-22 07:28:43.0

Published:

22 Jan 2024 7:27 AM GMT

Hostages families pitch tents outside PM’s private home, demand immediate deal
X

ജെറുസലേം: ​ഗസ്സയിൽ ഹമാസ് ബന്ദികളാക്കിയവരുടെ മോചനകാര്യത്തിൽ ഇനിയും തീരുമാനമാവാത്ത സാഹചര്യത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വീടിന് മുന്നിൽ പ്രതിഷേധം കടുപ്പിച്ച് ബന്ധുക്കൾ. റോഡ് ​ഗതാ​ഗതം തടസപ്പെടുത്തി നെതന്യാഹുവിന്റെ വസതിക്ക് മുന്നിൽ ടെന്റുകൾ കെട്ടിയാണ് ബന്ദികളുടെ ബന്ധുക്കൾ പ്രതിഷേധിക്കുന്നത്.

ജറുസലേമിലെ അസ്സ സ്ട്രീറ്റിലുള്ള നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് പുറത്താണ് ബന്ദികളുടെ കുടുംബക്കാരടങ്ങുന്ന പ്രതിഷേധക്കാർ‌ സംഘടിച്ചത്. ഞായറാഴ്ച വൈകിട്ട് ഗതാഗതം തടഞ്ഞതും പ്രതിഷേധവുമായി രം​ഗത്തെത്തിയതും. ബന്ദികളുടെയും കാണാതായ കുടുംബങ്ങളുടേയും കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധത്തിൽ, ബന്ദികളുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഉത്തരവാദികൾ നിലവിലെ സർക്കാരാണെന്ന് അവർ ചൂണ്ടിക്കാട്ടുകയും ചെയ്തു.

'സർക്കാരേ ഇത് നാണക്കേട്!, ഞങ്ങളുടെ ഉറ്റവരെ ഉടൻ വീട്ടിലേക്ക് തിരിച്ചെത്തിക്കൂ' തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പ്രതിഷേധം. ഹമാസ് ബന്ദികളാക്കിയവരെ തിരികെ കൊണ്ടുവരാനും സ്ഥിതി​ഗതികൾ സാധാരണ നിലയിലാക്കാനും യുദ്ധം അവസാനിപ്പിക്കാനും യുഎസ്, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങൾ ചേർന്ന് മുന്നോട്ടുവച്ച പദ്ധതിയെക്കുറിച്ചുള്ള വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് പ്രകടനം നടന്നത്.

പ്രകടനം ആരംഭിച്ചപ്പോൾ അസ്സ സ്ട്രീറ്റിൽ ആദ്യം 30ഓളം പേർ മാത്രമേ എത്തിയിരുന്നുള്ളൂ. എന്നാൽ ജനക്കൂട്ടം പെട്ടെന്ന് വർധിച്ചു. അഞ്ഞൂറിലേറെ പേരടങ്ങുന്ന പ്രതിഷേധക്കാർ ഡ്രം സർക്കിളിൽ ഒത്തുകൂടി. ഹമാസ് ബന്ദികളാക്കിയവരുടെ ചിത്രങ്ങളും പേരുകളും അടയാളപ്പെടുത്തിയ പോസ്റ്ററുകളും പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു പ്രതിഷേധം. 'ബന്ദികളുടെ ജീവിതത്തിന് ഇസ്രായേൽ മന്ത്രിസഭയാണ് ഉത്തരവാദി' എന്ന് പ്രതിഷേധക്കാർ വിളിച്ചുപറഞ്ഞു.

ഞങ്ങളുടെ സേവനങ്ങൾക്കും നികുതികൾക്കും പകരമായി സർക്കാർ ഞങ്ങളെ സുരക്ഷിതരാക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ ഈ സർക്കാരും പ്രധാനമന്ത്രിയും ഞങ്ങളെ പൂർണമായും നിരാശപ്പെടുത്തിയെന്ന് ബന്ദികളുടെ ബന്ധുക്കൾ ചൂണ്ടിക്കാട്ടി. 136 ബന്ദികളെ ശവപ്പെട്ടികളിൽ വീട്ടിലേക്ക് കൊണ്ടുവരുന്നത് ഒരിക്കലും വിജയമല്ലെന്നും പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു.

നേരത്തേ, നവംബർ അവസാനം പ്രഖ്യാപിച്ച ഏഴ് ദിവസത്തെ വെടിനിർത്തലിനിടെ ഹമാസിൽ നിന്ന് 105 സിവിലിയന്മാരെ മോചിപ്പിച്ചെങ്കിലും 132 ബന്ദികൾ ഇനിയും ഗസ്സയിൽ അവശേഷിക്കുന്നുണ്ടെന്ന് ഇസ്രായേൽ വിശ്വസിക്കുന്നു. ഗസ്സയിൽ പ്രവർത്തിക്കുന്ന സൈനികർക്ക് ലഭിച്ച പുതിയ രഹസ്യാന്വേഷണ വിവരങ്ങളും കണ്ടെത്തലുകളും പ്രകാരം ഹമാസിന്റെ കൈവശമുള്ളവരിൽ 28 പേർ മരിച്ചെന്നാണ് ഐഡിഎഫ് പറയുന്നത്.

അതിനുമുമ്പ് നാല് ബന്ദികളെ വിട്ടയച്ചിരുന്നു. ഒരാളെ സൈന്യം രക്ഷപ്പെടുത്തി. മൂന്ന് ബന്ദികളെ ഇസ്രായേൽ സൈന്യം തന്നെ അബദ്ധത്തിൽ കൊലപ്പെടുത്തി. ഇതിനിടെ ഒരാളെ കൂടി കാണാതായിട്ടുണ്ടെന്നും ഇസ്രായേൽ പറയുന്നു.

നേരത്തെയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. ഗസ്സയിലെ ഇസ്രായേലിന്റെ സൈനിക നീക്കങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് തങ്ങൾ ഭയപ്പെടുന്നതായി ബന്ദികളുടെ കുടുംബങ്ങൾ പറഞ്ഞിരുന്നു. ബന്ദികളെ മോചിപ്പിക്കുന്നതിൽ നെതന്യാഹുവിന്റെ സർക്കാരിന്റെ പുരോഗതിയില്ലായ്മയിൽ അവർ നിരാശയും എതിർപ്പും അറിയിച്ചു. ഇതു കൂടാതെ ആയിരക്കണക്കിന് ഇസ്രായേലികളാണ് തെൽ അവീവിൽ പുതിയ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്ത് തെരുവിലിറങ്ങിയത്.

TAGS :

Next Story