Quantcast

ഏദൻ ഉൾക്കടലിൽ ഹൂതി ആക്രമണം; മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു

മുന്നറിയിപ്പ് സന്ദേശങ്ങൾ അമേരിക്കൻ കപ്പലിലെ ജീവനക്കാർ നിരസിച്ചതിനെ തുടർന്നാണ് ആക്രമണം നടത്തിയതെന്ന് ഹൂതികൾ

MediaOne Logo

Web Desk

  • Updated:

    2024-03-07 04:13:24.0

Published:

7 March 2024 4:11 AM GMT

ഏദൻ ഉൾക്കടലിൽ ഹൂതി ആക്രമണം; മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു
X

ഏദൻ ഉൾക്കടലിൽ ഹൂതികൾ തൊടുത്തുവിട്ട മിസൈൽ പതിച്ച് മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടതായി യു.എസ് സൈന്യം അറിയിച്ചു. നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചെങ്കടലിൽ ഇസ്രായേൽ, അമേരിക്കൻ ബന്ധമുള്ള കപ്പലുകൾക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണത്തിൽ ആദ്യമായാണ് മരണം റിപ്പോർട്ട് ചെയ്യുന്നത്.

ബാർബഡോസിന്റെ പതാകയുള്ള ലൈബീരിയൻ ഉടമസ്ഥയിലുള്ള എം.വി ട്രൂ കോൺഫിഡൻസ് കപ്പലിന് നേരെയായിരുന്നു ബുധനാഴ്ച ആക്രമണം നടത്തിയതെന്ന് യു.എസ് സൈന്യം അറിയിച്ചു. കപ്പലിന് കാര്യമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ജീവനക്കാർ കപ്പൽ ഉപേക്ഷിച്ചതായും സഖ്യസേനയുടെ യുദ്ധക്കപ്പലുകൾ സ്ഥിതിഗതികൾ വിലയിരുത്തുന്നതായും യു.എസ് സൈന്യം വ്യക്തമാക്കി. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതികൾ രംഗത്തുവന്നിട്ടുണ്ട്.

രണ്ട് ദിവസത്തിനിടെ അഞ്ച് തവണയാണ് ഹൂതികൾ കപ്പലുകളെ ലക്ഷ്യമാക്കി മിസൈലുകൾ തൊടുത്തുവിട്ടത്. ഗസ്സയിൽ തുടരുന്ന ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഇസ്രായേൽ, അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകളെ യെമനിലെ സായുധ വിഭാഗമായ ഹൂതികൾ ആക്രമിക്കുന്നത്.

ഏദൻ ഉൾക്കടലിൽ യു.എസ് ബൾക്ക് കാരിയറായ ട്രൂ കോൺഫിഡൻസിനെതിരെ ആക്രമണം നടത്തിയതായി ഹൂതി വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‍യ സാരീ വ്യക്തമാക്കി. മിസൈലുകൾ ഏദൻ ഉൾക്കടലിൽ യു.എസ് കപ്പലിൽ പതിച്ച് തീപിടിക്കുകയായിരുന്നു. തങ്ങളുടെ മുന്നറിയിപ്പ് സന്ദേശങ്ങൾ അമേരിക്കൻ കപ്പലിലെ ജീവനക്കാർ നിരസിച്ചതിനെ തുടർന്നാണ് ഓപറേഷൻ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങൾ മനഃപൂർവം സാധാരണക്കാരെ ലക്ഷ്യമിടുന്നില്ലെന്ന് യെമൻ സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ അംഗം മുഹമ്മദ് അലി അൽ ഹൂത്തി പറഞ്ഞു. നിരുത്തരവാദപരമായ അമേരിക്കൻ ആക്രമണങ്ങൾക്കും ഇസ്രായേൽ കപ്പലുകളുടെ സംരക്ഷണത്തിനായി കടലിലെ സൈനിക പ്രവർത്തനങ്ങൾക്കുമുള്ള പ്രതികരണമാണിത്. സംഭവത്തിൽ അമേരിക്ക ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് തങ്ങൾ വിശ്വസിക്കുന്നു. ഗസ്സയിലെ സാധാരണക്കാർക്ക് അമേരിക്കയും ഇസ്രായേലും കണക്കാക്കുന്ന നഷ്ടപരിഹാരത്തിന് സമാനമായ രീതിയിൽ മനഃപൂർവമല്ലാത്ത പ്രവൃത്തിക്ക് നഷ്ടപരിഹാരം നൽകാൻ തങ്ങളും തയാറാണെന്ന് മുഹമ്മദ് അലി വ്യക്തമാക്കി.

യെമനിലെ തുറമുഖ നഗരമായ ഏദനിൽനിന്ന് 54 നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറായാണ് സംഭവം നടന്നതെന്ന് യു.കെ മാരിടൈം ട്രേഡ് ഓപറേഷൻസ് ഏജൻസി അറിയിച്ചു.

TAGS :

Next Story