Quantcast

ഹൂതികള്‍ ആക്രമിച്ച ബ്രിട്ടീഷ് ചരക്കുകപ്പല്‍ ചെങ്കടലില്‍ മുങ്ങി

ഗസ്സയിലേക്ക് സഹായവുമായി പുറപ്പെട്ട ട്രക്കുകളെ കടത്തിവിട്ടിരുന്നെങ്കില്‍ ബ്രിട്ടനും ഋഷി സുനകിനും കപ്പൽ തിരിച്ചുകിട്ടുമായിരുന്നുവെന്നാണ് ഹൂതി നേതാവ് മുഹമ്മദ് അലി അൽഹൂതി എക്‌സിൽ കുറിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-03-03 11:12:00.0

Published:

3 March 2024 11:08 AM GMT

UK-owned cargo ship MV Rubymar which hit by Yemen’s Houthis sinks in the Red Sea, Israel attack on Gaza, Houthi attack in Red Sea,
X

സൻആ: ഏദൻ ഉൾക്കടലിൽ ഹൂതികൾ ആക്രമിച്ച ബ്രിട്ടീഷ് കപ്പൽ കടലിൽ മുങ്ങി. എം.വി റുബിമർ എന്ന പേരിലുള്ള ചരക്കുകപ്പലാണു ദിവസങ്ങൾക്കുമുൻപ് ആക്രമണത്തിനിരയായത്. 41,000ത്തോളം ടൺ വളം അടങ്ങിയ റുബിമർ മുങ്ങിത്താഴുകയാണെന്ന് യമൻ സർക്കാർ അറിയിച്ചു. ഗസ്സയിലെ ഇസ്രായേല്‍ നരഹത്യയ്ക്കു തിരിച്ചടിയായി ചെങ്കടലിൽ ഹൂതികൾ നടത്തുന്ന ആക്രമണത്തിൽ ഇതാദ്യമായാണ് ഒരു കപ്പൽ പൂർണമായി കടലിൽ മുങ്ങുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി 18നാണ് ഏദൻ ഉൾക്കടലിൽ ബാബുൽ മൻദിബിനടുത്ത് റുബിമർ ആക്രമിക്കപ്പെടുന്നത്. രണ്ട് ഹൂതി മിസൈലുകളാണ് കപ്പലിൽ പതിച്ചത്. പിന്നാലെ കപ്പലും ചരക്കും ഉപേക്ഷിച്ച് ജീവനക്കാർ രക്ഷപ്പെടുകയായിരുന്നു. ആക്രമണം കഴിഞ്ഞ് രണ്ട് ആഴ്ച പിന്നിടുമ്പോഴാണ് കപ്പൽ കടലിൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.

കപ്പൽ മുങ്ങിയ വിവരം ബ്രിട്ടീഷ് സർക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്. അകത്തുണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതികളും രംഗത്തെത്തിയിട്ടുണ്ട്. ഗസ്സയിലേക്ക് സഹായവുമായി പുറപ്പെട്ട ട്രക്കുകളെ കടത്തിവിട്ടിരുന്നെങ്കില്‍ ബ്രിട്ടീഷ് ഭരണകൂടത്തിനും പ്രധാനമന്ത്രി ഋഷി സുനകിനും കപ്പൽ തിരിച്ചുകിട്ടുമായിരുന്നുവെന്ന് ഹൂതി നേതാവ് മുഹമ്മദ് അലി അൽഹൂതി എക്‌സിൽ കുറിച്ചത്. ഗസ്സയിലെ വംശഹത്യയ്ക്കും ഉപരോധത്തിനും ബ്രിട്ടൻ നൽകുന്ന പിന്തുണയാണ് റുബിമർ കടലിൽ മുങ്ങിത്താഴാൻ കാരണമെന്നും ഹൂതി സുപ്രിം റെവല്യൂഷനറി കമ്മിറ്റി അംഗം കൂടിയായ മുഹമ്മദ് അലി ചൂണ്ടിക്കാട്ടി.

ടൺകണക്കിന് അമോണിയം നൈട്രേറ്റ് വളമാണ് റുബിമറിലുണ്ടായിരുന്നത്. കപ്പൽ കടലിൽ മുങ്ങിയത് വൻ പാരിസ്ഥിതിക ദുരന്തത്തിനിടയാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. ആശങ്ക പരസ്യമാക്കി യമൻ പ്രധാനമന്ത്രി അഹ്മദ് അവദ് ബിൻ മുബാറക് ഉൾപ്പെടെയുള്ള മേഖലയിലെ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലെ ശക്തമായ കാറ്റും കടലിലെ കാലാവസ്ഥയുമെല്ലാം കൂടി അപകടവേഗം കൂട്ടിയെന്നാണ് അഹ്മദ് അവദ് പറഞ്ഞത്.


അമോണിയം നൈട്രേറ്റിന്റെ ചോർച്ച സമുദ്ര ആവാസവ്യവസ്ഥയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് ഗ്രീൻപീസ് പറയുന്നത്. പവിഴപ്പുറ്റുകളും കണ്ടൽവൃക്ഷങ്ങളും വൈവിധ്യമാർന്ന സമുദ്രജീവികളും കൊണ്ട് സമ്പന്നമാണ് ചെങ്കടലെന്നതും ദുരന്തസാധ്യത കൂട്ടുന്നു.

യു.എസ് സൈന്യത്തിനു കീഴിലുള്ള സെൻട്രൽ കമാൻഡ്(സെന്റ്‌കോം) വെള്ളത്തിൽ മുങ്ങിത്താഴുന്ന കപ്പലിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. 21 മെട്രിക് ടൺ അമോണിയം ഫോസ്‌ഫേറ്റ് സൾഫേറ്റ് വളമാണ് കപ്പലിലുള്ളതെന്നാണ് സെന്റ്‌കോം പറയുന്നത്. ചെങ്കടലിൽ ഇതു വലിയ പാരിസ്ഥിതിക ഭീഷണിയായി മാറും. ഇതുവഴി കടന്നുപോകുന്ന മറ്റു കപ്പലുകൾക്കും അപകടം സൃഷ്ടിക്കുമെന്നും സെന്റ്‌കോം വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.

172 മീറ്റർ നീളമാണ് റുബിമറിനുള്ളത്. ബ്രിട്ടനിലെ സതാംപ്ടൺ തുറമുഖം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗോൾഡൻ അഡ്വഞ്ചർ ഷിപ്പിങ് ആണ് മധ്യ അമേരിക്കൻ രാജ്യമായ ബലിസിന്റെ പതാക വഹിക്കുന്ന കപ്പലിന്റെ ഉടമസ്ഥർ. നിലവിൽ ഒരു ലബനീസ് കമ്പനിയാണു കപ്പലിന്റെ മേൽനോട്ടം വഹിക്കുന്നത്.

Summary: MV Rubymar, a UK-owned cargo ship hit by Yemen’s Houthis, sinks in the Red Sea

TAGS :

Next Story