Quantcast

ചെങ്കടൽ വഴിയിൽ ഹൂതികൾ; യുഎസും യൂറോപ്പും പ്രതിസന്ധിയിലാകും

ഹമാസിന് പിന്തുണ പ്രഖ്യാപിച്ചാണ് ഹൂതികൾ ഇസ്രായേലിലേക്കുള്ള കപ്പലുകൾ ലക്ഷ്യം വച്ച് ആക്രമണം ആരംഭിച്ചത്.

MediaOne Logo

അഭിമന്യു എം

  • Updated:

    2023-12-16 11:48:02.0

Published:

16 Dec 2023 11:46 AM GMT

ചെങ്കടൽ വഴിയിൽ ഹൂതികൾ; യുഎസും യൂറോപ്പും പ്രതിസന്ധിയിലാകും
X

സൻആ: ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികൾ ചെങ്കടൽ വഴിയുള്ള ചരക്കുകടത്ത് ഉപേക്ഷിക്കുന്നത് ആഗോള സമ്പദ് വ്യവസ്ഥയിൽ ചലനങ്ങളുണ്ടാക്കുമെന്ന് വിദഗ്ധർ. വൻകിട ഷിപ്പിങ് കമ്പനികളായ മേഴ്‌സ്‌കും ഹെപാഗ് ലോയ്ഡുമാണ് ഇതുവഴിയുള്ള യാത്ര റദ്ദാക്കുന്നതായി അറിയിച്ചത്. ഹമാസിന് പിന്തുണ പ്രഖ്യാപിച്ചാണ് ഹൂതികൾ ഇസ്രായേലിലേക്കുള്ള കപ്പലുകൾ ലക്ഷ്യം വച്ച് ആക്രമണം ആരംഭിച്ചത്. ശനിയാഴ്ച വാണിജ്യ കപ്പലിനെ അനുഗമിച്ച യുഎസ് നാവിക കപ്പൽ എച്ച്എംഎസ് ഡയമണ്ടിനു നേരെയും ഡ്രോൺ ആക്രമണമുണ്ടായി.

എന്തു കൊണ്ട് ചെങ്കടൽ?

പരമാവധി 355 കിലോമീറ്റർ വീതിയും 2250 കിലോമീറ്റർ നീളവുമുള്ള, അറേബ്യൻ ഉപദ്വീപിനും ആഫ്രിക്കയ്ക്കുമിടയിൽ കയറിക്കിടക്കുന്ന ഇടുങ്ങിയ കടലാണ് ചെങ്കടൽ. തെക്കുഭാഗത്ത് ഏദൻ കടലിടുക്കുമായാണ് ചെങ്കടലിന്റെ ബന്ധം. അവിടെ നിന്ന് അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമെത്താം. അറേബ്യൻ ഉപദ്വീപിൽ യമൻ, ആഫ്രിക്കൻ മുനമ്പിൽ ജിബൂതിയും എരിത്രിയയും അതിരിടുന്ന ബാബുൽ മന്ദബ് വഴിയാണ് ചെങ്കടലിലേക്ക് പ്രവേശിക്കാനാകുക. ഈ കടൽ പ്രദേശത്തുള്ള പെരിം ദ്വീപ് ഇതിലൂടെയുള്ള ജലപാതയെ രണ്ടായി മുറിക്കുന്നുണ്ട്. വലിയ കപ്പലുകൾ കൂടുതൽ വീതിയും ആഴവുമുള്ള പടിഞ്ഞാറൻ ചാനലാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഏറ്റവും ഇടുങ്ങിയ ഭാഗത്തെ വീതി 25 കിലോമീറ്ററാണ്. ആഴം 310 മീറ്റർ. യെമനി തീരത്തിന് അടുത്തുള്ള ചാനലിന് രണ്ടു മൈൽ മാത്രമേ വീതിയുള്ളൂ.


ചെങ്കടല്‍; ഗ്രാഫിക്സിന് കടപ്പാട് - യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്‌ട്രേഷൻ


ഇന്ധന അപഗ്രഥന കമ്പനി വോർടെക്‌സയുടെ കണക്കു പ്രകാരം 2023ലെ ആദ്യ പതിനൊന്ന് മാസത്തിൽ ദിനംപ്രതി 7.80 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ, ഇന്ധന ഷിപ്‌മെന്റുകളാണ് ബാബുൽ മന്ദബ് വഴി കടന്നുപോയിട്ടുള്ളത്. 2022ൽ ഇത് 6.60 മില്യൺ ബാരൽ മാത്രമായിരുന്നു. കടൽ വഴിയുള്ള എണ്ണ ഷിപ്‌മെന്റിന്റെ 12 ശതമാനവും ദ്രവീകൃത പ്രകൃതി വാതകത്തിന്റെ എട്ടു ശതമാനവും ഇതുവഴിയാണ് കടന്നു പോകുന്നത്. പ്രതിവർഷം 17,000 കപ്പലുകൾ ഇതുവഴി യാത്ര ചെയ്യുന്നു എന്നാണ് കണക്ക്.

അടച്ചാൽ എന്തു ചെയ്യും?

നിലവിൽ സംഘർഷഭരിതമാണ് എങ്കിലും ചെങ്കടൽ വഴിയുള്ള ചരക്കുകടത്തിന് ദീർഘനാൾ പ്രശ്‌നമുണ്ടാകാൻ സാധ്യതയില്ല. യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള എളുപ്പവഴി ഷിപ്പിങ് കമ്പനികൾ ഈ ജലപാത ഉപേക്ഷിക്കുകയുമില്ല.

ചെങ്കടൽ വഴിയുള്ള യാത്രയ്ക്ക് ബദൽ ആഫ്രിക്കയുടെ തെക്കേ മുനമ്പ് ചുറ്റിപ്പോകുക എന്നതു മാത്രമാണ്. നിലവിൽ ബാബുൽ മന്ദബിൽ നിന്ന് മെഡിറ്ററേനിയൻ തീരത്തെ പോർട് സെയ്ദിലേക്ക് 2383 കിലോമീറ്ററാണ് ദൂരം. ചുറ്റിവളഞ്ഞു പോകുമ്പോൾ അതിരട്ടിയാകും.


ചെങ്കടല്‍ അടച്ചാല്‍ ചുറ്റിപ്പോകേണ്ട ജലപാത (മഞ്ഞയില്‍); ഗ്രാഫിക്സിന് കടപ്പാട് - ദ ക്രാഡില്‍

ഉദാഹരണത്തിന്, പേർഷ്യൻ ഗൾഫിലെ ഫുജൈറ തുറമുഖത്തു നിന്ന് വടക്കേ അമേരിക്കയിലെ ഹൂസ്റ്റൺ തുറമുഖത്തേക്ക് ചെങ്കടൽ വഴി 10739 മൈലാണ് ദൂരം. ആഫ്രിക്കൻ മുനമ്പു വഴിയുള്ള യാത്രയ്ക്ക് 2,660 നോട്ടിക്കൽ മൈൽ അധികദൂരമെടുക്കും. സൗദിയിൽ നിന്ന് നെതർലാൻഡ്‌സിലെ റോട്ടർഡാം തുറമുഖത്തേക്ക് ബാബുൽ മന്ദബ് വഴി 22 ദിവസമാണ് എടുക്കുക. ആഫ്രിക്ക വഴിയാകുമ്പോൾ ഇതിന്റെ ദൈർഘ്യം 39 ദിവസമാകുമെന്നാണ് കണക്ക്.

ദൈർഘ്യമേറിയ യാത്രയ്ക്ക് ഷിപ്പിങ്, ഇന്ധന ചെലവുകൾ കൂടുതലാണ്. അത് ചരക്കുകളുടെ വില വർധനയ്ക്ക് കാരണമാകും. അവശ്യവസ്തുവായ ഇന്ധനത്തിന് വരുന്ന വിലവർധന മറ്റു മേഖലയെ എളുപ്പത്തിൽ ബാധിക്കും. ഗൾഫിനെ ബാധിക്കുന്നതു കൊണ്ടു തന്നെ ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങളെ പ്രതിസന്ധി പ്രയാസപ്പെടുത്തും.

2021 മാർച്ചിൽ എവർ ഗ്രീൻ കണ്ടെയ്‌നർ കപ്പൽ സൂയസ് കനാലിൽ കുടുങ്ങിയ ആറു ദിവസം മാത്രം 54 ബില്യൺ ഡോളറിന്റെ വ്യാപാര നഷ്ടമാണ് ആഗോള സമ്പദ് മേഖലയിൽ ഉണ്ടായത് എന്നാണ് കണക്ക്.

നിലവിലെ സ്ഥിതി

ഡാനിഷ് ഷിപ്പിങ് ഭീമനായ മെഴ്‌സക്, ജർമൻ കമ്പനി ഹാപഗ് ലോയ്ഡ് എന്നീ കമ്പനികളാണ് നിലവിൽ ചെങ്കടൽ വഴിയുള്ള യാത്ര താൽക്കാലികമായി നിർത്തി വയ്ക്കുന്നതായി അറിയിച്ചത്. ഹമാസിനോടുള്ള ഐക്യാർഢ്യം എന്ന നിലയിലാണ് ഹൂഥികളുടെ നീക്കം. ഇസ്രായേലി തുറമുഖവുമായി ബന്ധപ്പെടുന്ന എല്ലാ കപ്പലുകളും തടയുമെന്നാണ് ഹൂതി ഇൻഫർമേഷൻ വകുപ്പു മന്ത്രി ദാഇഫല്ലാ അൽ ഷമി വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രായേൽ-ഹമാസ് സംഘർഷം ആരംഭിച്ച ശേഷം ഇതുവരെ ഏഴ് കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രശ്‌നം പരിഹരിക്കാനും ജലപാത സുരക്ഷിതമാക്കാനുള്ള ശ്രമങ്ങൾ യുഎസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. 39 അംഗ കംബൈൻഡ് മാരിടൈം ഫോഴ്‌സിൽ യുഎസ് വിഷയം അവതരിപ്പിച്ചിട്ടുമുണ്ട്. ആസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങളോട് യുദ്ധക്കപ്പലിന്റെ സഹായവും യുഎസ് തേടിയിട്ടുണ്ട്. എന്നാൽ ഇറാൻ പിന്തുണയുള്ള ഹൂതികൾ എളുപ്പത്തിൽ വഴങ്ങില്ലെന്ന സൂചനയാണ് നൽകുന്നത്.

TAGS :

Next Story