Quantcast

യെമനിലെ യുഎൻ ഓഫീസുകളില്‍ അതിക്രമിച്ചു കയറി ഹൂത്തികൾ; ജീവനക്കാരെ കസ്റ്റഡിയിലെടുത്തു

ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലുടനീളം ജീവനക്കാരുടെ എണ്ണം പരിശോധിക്കുന്നുണ്ടെന്ന് യുനിസെഫ്

MediaOne Logo

Web Desk

  • Updated:

    2025-09-01 05:19:19.0

Published:

1 Sept 2025 10:45 AM IST

യെമനിലെ യുഎൻ ഓഫീസുകളില്‍ അതിക്രമിച്ചു കയറി ഹൂത്തികൾ; ജീവനക്കാരെ കസ്റ്റഡിയിലെടുത്തു
X

സന്‍ആ: യെമൻ തലസ്ഥാനമായ സന്‍ആയിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസുകളില്‍ അതിക്രമിച്ച് കയറി ഹൂത്തികള്‍. 11 ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തതായി യുഎൻ ഉദ്യോഗസ്ഥർ പറഞ്ഞു.

വേൾഡ് ഫുഡ് പ്രോഗ്രാം (WFP), വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO), യുനിസെഫ് എന്നിവയുടെ ഓഫീസുകളിലാണ് ഹൂത്തികള്‍ 'റെയ്ഡ്' നടത്തിയത്. ജീവനക്കാരെ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് ഇവരെ ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും അതിക്രമം സ്ഥിരീകരിച്ചു.

ഐക്യരാഷ്ട്രസഭയുടെ പരിസരത്തേക്ക് നിർബന്ധിതമായി കടന്നുകയറുന്നതിനെയും, സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനെയും അപലപിച്ച അദ്ദേഹം ഉദ്യോഗസ്ഥരെ ഉടനടി നിരുപാധികമായി വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലുടനീളം തങ്ങളുടെ ജീവനക്കാരുടെ എണ്ണം കണക്കാക്കുന്നുണ്ടെന്ന് യുനിസെഫും ഡബ്ല്യുഎഫ്‌പിയും അറിയിച്ചു.

കഴിഞ്ഞ ദിവസം ഇസ്രായേൽ ആക്രമണത്തിൽ യെമനിലെ ഹൂത്തികൾ നയിക്കുന്ന സർക്കാരിന്റെ പ്രധാനമന്ത്രിയും ചില മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭാ ഓഫീസുകളിൽ അതിക്രമിച്ച് കയറി ഹൂത്തികൾ റെയ്ഡ് നടത്തുന്നത്. ഇസ്രായേലിന് ശക്തമായ തിരിച്ചടി കൊടുക്കുമെന്ന് ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടണ്ട്. ഗസ്സയോടുള്ള ഇസ്രായേലിന്റെ സമീപനത്തിലാണ് അവരുമായി ഹൂത്തികള്‍ യുദ്ധമുഖം തുറന്നിടുന്നത്.

ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കുകയും ചെങ്കടല്‍ വഴിയുള്ള കപ്പലുകള്‍ തടസ്സപ്പെടുത്തുകയും കേടുവരുത്തുകയും ചെയ്യുന്നുണ്ട് ഹൂത്തികള്‍. ഇതിനൊക്കെയുള്ള മറുപടിയെന്നോണമാണ് യെമനിലേക്ക് മിസൈല്‍ തൊടുത്ത് ഹൂത്തി പ്രധാനമന്ത്രിയേയും ഏതാനും മന്ത്രിമാരെയും ഇസ്രായേല്‍ വകവരുത്തിയത്.

TAGS :

Next Story