ഹിറ്റ്ലർ നൽകിയ ആ വലിയ സമ്മാനം നേപ്പാൾ രാജകുടുംബത്തിൽ 'കലാപം' ഉണ്ടാക്കിയതെങ്ങനെ ?
സർക്കാർ ഏർപ്പെടുത്തിയ സോഷ്യൽ മീഡിയ നിരോധനത്തിനെതിരെയുണ്ടായ ശക്തമായ പ്രക്ഷോഭങ്ങളെ തുടർന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു

കാഠ്മണ്ഡു: ഹിമാലയത്തിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്നതും പ്രകൃതി സൗന്ദര്യത്തിനും സമാധാനത്തിനും പേരുകേട്ടതുമായ രാജ്യമായിരുന്നു നേപ്പാൾ. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവജനപ്രക്ഷോഭം കാരണം നേപ്പാൾ കത്തിയമർന്നിരിക്കുകയാണ്. സർക്കാർ ഏർപ്പെടുത്തിയ സോഷ്യൽ മീഡിയ നിരോധനത്തിനെതിരെയുണ്ടായ ശക്തമായ പ്രക്ഷോഭങ്ങളെ തുടർന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കാണാൻ വഴിയൊരുക്കുന്നതിനായാണ് സ്ഥാനമൊഴിയുന്നതെന്ന് അദ്ദേഹം തന്റെ രാജിക്കത്തിൽ വ്യക്തമാക്കിയിരുന്നു. സർക്കാർ സോഷ്യൽ മീഡിയ നിരോധനം നീക്കിയെങ്കിലും പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തിനിടെ 34 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സോഷ്യൽ മീഡിയ നിരോധനത്തിനെതിരെയുണ്ടായ പ്രക്ഷോഭത്തിനിടെ നേപ്പാൾ രാജകുടുംബത്തിലുണ്ടായ മറ്റൊരു തർക്കം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ജർമ്മൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലർ സമ്മാനിച്ച ഒരു കാറിനെ ചൊല്ലിയായിരുന്നു നേപ്പാൾ രാജകുടുംബത്തിൽ വഴക്കുണ്ടായത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് യൂറോപ്പ് കത്തിയെരിയുമ്പോൾ മറ്റ് രാജ്യങ്ങളുമായുള്ള വിദേശബന്ധം ശക്തിപ്പെടുത്താൻ ഹിറ്റ്‌ലർ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിനായി അദ്ദേഹം സഖ്യകക്ഷി രാജ്യങ്ങൾക്ക് സമ്മാനങ്ങൾ പോലും നൽകാൻ തുടങ്ങി. തൽഫലമായി നേപ്പാളിലെ അന്നത്തെ രാജാവ് ത്രിഭുവന് അഡോൾഫ് ഹിറ്റ്ലർ 1939 മോഡൽ ഒലിവ്-പച്ച നിറത്തിലുള്ള ഒരു മെഴ്‌സിഡസ്-ബെൻസ് സമ്മാനമായി നൽകി.
എന്നാൽ നേപ്പാൾ രാജാവിന് കാർ സമ്മാനിച്ചതിന് പിന്നിൽ ഹിറ്റ്‌ലറിന് വലിയ ഒരു സ്വാർത്ഥ ലക്ഷ്യമുണ്ടായിരുന്നു. ഗൂർഖ സൈന്യത്തിന്റെ ധീരതയും വിശ്വസ്തതയും ഹിറ്റ്‌ലറിന് നന്നായി അറിയാമായിരുന്നു. നേപ്പാളിന്റെ സൗഹൃദം നേടുകയും നിർഭയരായ ഗൂർഖ സൈനികർ ബ്രിട്ടീഷുകാരെ പിന്തുണയ്ക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതായിരുന്നു ഹിറ്റ്ലറുടെ ലക്ഷ്യം. ഇതിനുവേണ്ടായാണ് ഹിറ്റ്ലർ ബെർലിനിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ താണ്ടി നേപ്പാളിലേക്ക് കാർ സമ്മാനമായി നൽകിയത്.
പിന്നീട് 2008ൽ നേപ്പാളിൽ രാജവാഴ്ച അവസാനിക്കുകയും അയൽരാജ്യത്ത് ഒരു സ്വതന്ത്ര റിപ്പബ്ലിക് സ്ഥാപിക്കപ്പെടുകയും ചെയ്തു. ഈ കാലയളവിൽ രാജകുടുംബം പല ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ചരിത്ര പ്രാധാന്യമുള്ള മെഴ്‌സിഡസ് കാർ രാജവംശത്തിന്റെ സ്വത്വത്തെ പ്രതിനിധീകരിക്കുന്നതായി മാറി. കാറിനെച്ചൊല്ലി രാജകുടുംബത്തിൽ തർക്കങ്ങൾ അലയടിച്ചു. വാഹനം മ്യൂസിയത്തിൽ പ്രദർശിപ്പിക്കണോ അതോ രാജകുടുംബത്തിന്റെ സ്വകാര്യ സ്വത്തായി തിരികെ നൽകണോ എന്നായിരുന്നു തർക്കത്തിന്റെ പ്രധാന കാരണം.
Adjust Story Font
16

