Quantcast

ഗസ്സയിലെ വംശഹത്യയും ഇസ്രായേൽ രാഷ്ട്രീയവും: തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ

ഒക്ടോബർ 27-ന് നടക്കുന്ന വോട്ടെടുപ്പിന് തൊട്ടുമുമ്പ് രാജ്യത്തെ ആക്രമിക്കാൻ ശത്രുക്കൾ ഗൂഢാലോചന നടത്തുന്നുണ്ടെന്നായിരുന്നു നെതന്യാഹുവിന്‍റെ ആരോപണം

MediaOne Logo

Web Desk

  • Updated:

    2026-10-12 07:06:53

Published:

12 Oct 2026 12:29 PM IST

ഗസ്സയിലെ വംശഹത്യയും ഇസ്രായേൽ രാഷ്ട്രീയവും: തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ
X

തെൽ അവിവ്: 'വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ശത്രുക്കൾ ഗൂഢാലോചന നടത്തുന്നുണ്ട്'

ഇസ്രായേലിൽ വരാനിരിക്കുന്ന നിർണായകമായ പൊതുതെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനിൽക്കെ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു രാജ്യത്തോടായി പറഞ്ഞത് ഇങ്ങനെയായിരുന്നു. ഒക്ടോബർ 27-ന് നടക്കുന്ന വോട്ടെടുപ്പിന് തൊട്ടുമുമ്പ് രാജ്യത്തെ ആക്രമിക്കാൻ ശത്രുക്കൾ ഗൂഢാലോചന നടത്തുന്നുണ്ടെന്നായിരുന്നു നെതന്യാഹുവിന്‍റെ ആരോപണം.

സെപ്റ്റംബർ 29-ന് നൽകിയ പ്രസ്താവനയിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്. എന്നാൽ ആരോപണങ്ങളെ ശരിവെക്കുന്ന തെളിവുകളോ ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യങ്ങളോ വിശദീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. പകരം, ഗസ്സ മുനമ്പിൽ ഇസ്രായേൽ സൈന്യം ശക്തമായ ആക്രമണം തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയ നെതന്യാഹു, കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ നൂറിലധികം ഭീകരരെ വധിച്ചതായും വാദിച്ചു.തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, സുരക്ഷാ വിഷയങ്ങളും ഗസ്സയിലെ സൈനിക നടപടികളും മുൻനിർത്തി വോട്ടർമാരെ സ്വാധീനിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്.

ഒക്ടോബര്‍ 7 ആക്രമണം

2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം ആരംഭിച്ച ഗസ്സ വംശഹത്യ, വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ്, ദേശീയ സുരക്ഷ എന്നിവയെ കൂട്ടിച്ചേർത്താണ് നെതന്യാഹു സംസാരിക്കുന്നത്. ഇത് വെറുതെ പറയുന്നതല്ലെന്നാണ് രാഷ്ടീയ നിരീക്ഷകർ പറയുന്നത്. മൂന്ന് വർഷം മുമ്പ് ഉണ്ടായ ആക്രമണത്തിലെ പരാജയങ്ങളും ബന്ദികളെ വേഗത്തിൽ മോചിപ്പിക്കുന്നതിൽ സംഭവിച്ച വീഴ്ചകളും പ്രതിപക്ഷം ആയുധമാക്കുമ്പോഴും അതിർത്തി കടന്നുള്ള ഭീഷണികളിൽ നിന്ന് ഇസ്രായേലികളെ സംരക്ഷിക്കാൻ തനിക്ക് മാത്രമേ സാധിക്കൂ എന്ന നെതന്യാഹുവിന്റെ വാദമാണ് അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ പ്രധാന കാതൽ.

നെതന്യാഹുവിന്‍റെ ഈ മുന്നറിയിപ്പിന് തൊട്ടടുത്ത ദിവസമാണ് ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് ഇസ്രായേലി യാത്രക്കാരുമായി പോയ ഫ്ലൈദുബായ് വിമാനത്തിലെ കോ-പൈലറ്റ് പ്രധാന പൈലറ്റിനെ ആക്രമിക്കുകയും വിമാനം വലിയ ദുരന്തത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുകയും ചെയ്ത സംഭവമുണ്ടായി. ഈ അപകടത്തെയും താൻ തന്നെയാണ് രാജ്യത്തെ നയിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി എന്ന് സമർത്ഥിക്കാൻ നെതന്യാഹു ഉപയോഗപ്പെടുത്തുകയായിരുന്നു.

അതേസമയം 2023ലെ ആക്രമണത്തിന് ശേഷമുള്ള ആദ്യത്തെ പൊതു വോട്ടെടുപ്പ് നെതന്യാഹുവിന് അത്ര എളുപ്പമാകില്ലെന്നാണ് സര്‍വെകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിൽ ഇസ്രായേലിൽ 1,139 പേർ കൊല്ലപ്പെടുകയും ഗസ്സ മുനമ്പിൽ വംശഹത്യ യുദ്ധം ആരംഭിക്കുകയും ചെയ്തു. ഇസ്രായേലി ആക്രമണങ്ങളിൽ 74,000ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.

മൂന്ന് വര്‍ഷങ്ങൾക്ക് ശേഷം ഇസ്രായേലിന്റെ ഭാവിയെക്കുറിച്ചുള്ള ആഭ്യന്തര രാഷ്ട്രീയ ചർച്ചകളിൽ നിന്ന് വേർപെടുത്താനാവാത്ത വിധം ഈ യുദ്ധം മാറിയിരിക്കുകയാണ്. കൂടാതെ ഇത് രാജ്യത്തിന്റെ രാഷ്ട്രീയത്തെ തീവ്ര വലതുപക്ഷത്തേക്ക് വേഗത്തിൽ നയിക്കുകയും ചെയ്തു.ഫലസ്തീനികൾക്കെതിരെ ഒരുകാലത്ത് തീവ്രമായി കണക്കാക്കപ്പെട്ടിരുന്ന നിലപാടുകൾ ഇന്ന് ഇസ്രായേലിലെ പ്രധാന ആശയധാരയായി മാറിയിരിക്കുന്നു.

ഈ രാഷ്ട്രീയ മാറ്റത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന വ്യക്തികളിലൊരാളാണ് ഇസ്രായേലിന്റെ തീവ്ര വലതുപക്ഷ ധനകാര്യമന്ത്രി ബെസലേൽ സ്മോട്രിച്ച്. ഫലസ്തീനികൾക്കെതിരെയുള്ള വംശീയവും പ്രകോപനപരവുമായ നിലപാടുകളുടെയും നയങ്ങളുടെയും പേരിൽ നിരവധി പാശ്ചാത്യ രാജ്യങ്ങൾ ഇദ്ദേഹത്തിന് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.ഇസ്രായേൽ സൈന്യം അധിനിവിഷ്ട വെസ്റ്റ് ബാങ്കിലേക്ക് യുദ്ധത്തിന് പോകണമെന്നും ഗസ്സയിൽ ചെയ്തത് അവിടെയും ആവര്‍ത്തിക്കണമെന്നുമാണ് ഇസ്രായേലി മാധ്യമമായ വൈനെറ്റിനോട് സ്മോട്രിച്ച് കഴിഞ്ഞ മാസം പറഞ്ഞത്. രണ്ടാഴ്ച തികയുന്നതിന് മുൻപ് എരിതീയിൽ എണ്ണയൊഴിക്കുന്ന പ്രസ്താവനയുമായി സ്മോട്രിച്ചിന്റെ തെരഞ്ഞെടുപ്പ് സഖ്യകക്ഷിയായ മോഷെ ഫെയ്ഗ്ലിൻ രംഗത്തെത്തി.'നമ്മുടെ ശത്രു ഗസ്സയാണ്, ഹമാസല്ല' തെരഞ്ഞെടുപ്പിന് ശേഷം ഈ ഉപരോധ പ്രദേശങ്ങൾ പിടിച്ചെടുക്കണമെന്ന് അദ്ദേഹം ജറുസലെം പോസ്റ്റിനോട് പറഞ്ഞു. 2023-ലെ ആക്രമണങ്ങളെ പരാമർശിച്ചുകൊണ്ട്, "നാളെ ഗസ്സയിൽ ജനിക്കാൻ പോകുന്ന കുഞ്ഞും ഇതുതന്നെയായിരിക്കും ചെയ്യുന്നത്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഇതിനെ ഒറ്റപ്പെട്ട നേതാക്കളുടെ അപൂര്‍വ പ്രസ്താവനയായി മാത്രം കാണരുതെന്ന് ഫലസ്തീനിയൻ രാഷ്ട്രീയ നിരീക്ഷകനായ അഹമ്മദ് നജ്ജാർ പ്രതികരിച്ചു. മറിച്ച് ഫലസ്തീനികളെ അവകാശങ്ങളുള്ള ഒരു ജനതയായി കാണാതെ, പുറത്താക്കപ്പെടേണ്ടതോ കീഴടക്കപ്പെടേണ്ടതോ നശിപ്പിക്കപ്പെടേണ്ടതോ ആയ ജനവിഭാഗമായി ചിത്രീകരിച്ച് അധികാരത്തിലെത്താൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാരുടെ തെരഞ്ഞെടുപ്പ് സന്ദേശമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

‘ഇത് ഭ്രാന്തമായ അവസ്ഥ’

ഒക്ടോബർ 7-ലെ ആക്രമണങ്ങൾക്ക് ശേഷം, പ്രത്യേകിച്ച് ചെറുപ്പക്കാരായ തലമുറ വൻതോതിൽ തീവ്ര വലതുപക്ഷത്തേക്ക് മാറിയെന്ന് ഇസ്രായേലി സുരക്ഷാ വിശകലനവിദഗ്ധനും കിംഗ്സ് കോളേജ് ലണ്ടനിലെ സീനിയർ ടീച്ചിംഗ് ഫെലോയുമായ അഹറോൺ ബ്രെഗ്മാൻ പറഞ്ഞു. ഇസ്രായേലിനെ വലതുപക്ഷത്തേക്ക് നയിക്കുന്ന രാഷ്ട്രീയ ശക്തികൾ പതിറ്റാണ്ടുകളായി ശക്തമായി വരുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. "1973-ലെ യോം കിപ്പൂർ യുദ്ധത്തിന് ശേഷമാണ് വലതുപക്ഷത്തേക്കുള്ള ഈ മാറ്റം ആരംഭിച്ചത്. എന്നാൽ ഒക്ടോബർ 7-ന് ശേഷം അത് വൻതോതിൽ രൂക്ഷമായി," അൽ ജസീറയോട് സംസാരിക്കവേ ബ്രെഗ്മാൻ ചൂണ്ടിക്കാട്ടി.

ഏറ്റവും അടുത്ത കാലത്തായി, ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും തീവ്ര വലതുപക്ഷ സർക്കാരായി വിശേഷിപ്പിക്കപ്പെടുന്ന 2022-ലെ നെതന്യാഹു മന്ത്രിസഭയുടെ ഭാഗമായതോടെ തീവ്ര വലതുപക്ഷ ശക്തികൾക്ക് കൂടുതൽ രാഷ്ട്രീയ പ്രബല്യം ലഭിച്ചു. സ്മോട്രിച്ചിനൊപ്പം കാബിനറ്റിലെ മറ്റൊരു പ്രമുഖനാണ് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗ്വിർ . നിരന്തരം വംശീയ അധിക്ഷേപം നടത്തുന്ന തീവ്ര വലതുപക്ഷ നേതാവാണ് ഇദ്ദേഹം.

"നെതന്യാഹു വരുത്തിയ നിരവധി തെറ്റുകളിൽ ഏറ്റവും വലുത് ബെൻ-ഗ്വീർ, സ്മോട്രിച്ച് തുടങ്ങിയ വ്യക്തികളെ തന്‍റെ സഖ്യസർക്കാരിലേക്ക് കൊണ്ടുവന്നതാണ്," ബ്രെഗ്മാൻ പറഞ്ഞു. "അതിലൂടെ, ഇസ്രായേലി രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുള്ള ശക്തികളായി മാറുവാൻ നെതന്യാഹു അവർക്ക് നിയമസാധുത നൽകുകയായിരുന്നു." അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഭ്രാന്തമായ അവസ്ഥയാണെന്നും പക്ഷെ ഇതാണ് സമകാലിക ഇസ്രായേലാണെന്നും ബ്രെഗ്മാൻ പറയുന്നു.

ഇസ്രായേൽ രാഷ്ട്രീയം കൂടുതൽ തീവ്ര വലതുപക്ഷത്തേക്ക് മാറിയതിന്റെ മറ്റൊരു ഉദാഹരണമായി, നിലവിൽ ഭരണത്തിലുള്ള കക്ഷികളും പ്രതിപക്ഷത്തുള്ള പ്രധാന പാർട്ടികളും ഉൾപ്പെടെ മത്സരരംഗത്തുള്ള ഭൂരിഭാഗം രാഷ്ട്രീയ പാർട്ടികളും ഗസ്സയിൽ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതായി നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

സുരക്ഷാ വീഴ്ചകളുടെ നിഴലിലും മായാതെ നെതന്യാഹുവിന്റെ പ്രതിച്ഛായ

2023 ഒക്ടോബർ 7-ലെ ആക്രമണം ഇസ്രായേൽ ജനങ്ങൾ ഇന്നും മറന്നിട്ടില്ലെന്നാണ് അടുത്തിടെ നടന്ന അഭിപ്രായസർവേകൾ വ്യക്തമാക്കുന്നത്. അന്നത്തെ സുരക്ഷാ വീഴ്ചകൾക്ക് ആരാണ് യഥാർഥത്തിൽ ഉത്തരവാദി എന്ന ചോദ്യം അവർ ഇപ്പോഴും ഉന്നയിക്കുന്നുണ്ട്. ഹമാസ് ആക്രമണം നടത്തുന്നതിന് തൊട്ടുമുമ്പ് തന്നെ ഇതിനെക്കുറിച്ച് നെതന്യാഹുവിന് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി കഴിഞ്ഞ മാസമാണ് വാർത്തകൾ പുറത്തുവന്നത്. ഈജിപ്ത് ഇന്റലിജൻസ് മേധാവിയും യുഎഇ പ്രസിഡന്‍റും നെതന്യാഹുവിന് മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇസ്രായേലി രാഷ്ട്രീയ-സൈനിക രംഗങ്ങളിൽ നിന്നുവരുന്ന സന്ദേശങ്ങൾ വ്യക്തമാക്കുന്നത് ഗസ്സയിലെ ആക്രമണങ്ങൾ തുടർന്നു കൊണ്ടുപോകുന്ന കാര്യത്തിൽ അവിടെ പൊതുവായ ഒരു ഐക്യധാരണ ഉണ്ടെന്നാണെന്ന് പാൽതിങ്ക് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ഡയറക്ടർ ഉമർ ബദ്ദാർ പറഞ്ഞു. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷവും ഗസ്സയിൽ 1,500-ഓളം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന നെതന്യാഹുവിന്റെ രണ്ട് പ്രധാന എതിരാളികൾ, ഈ മുന്നറിയിപ്പുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് നേതൃത്വത്തിൽ തുടരാൻ അദ്ദേഹം യോഗ്യനല്ല എന്ന് വിശേഷിപ്പിച്ചു. എന്നാൽ, ആക്രമണത്തെക്കുറിച്ച് തനിക്ക് മുൻകൂട്ടി മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന വാദങ്ങൾ നെതന്യാഹു നിഷേധിച്ചിരുന്നു. മാത്രമല്ല, ഈ റിപ്പോർട്ടുകൾ അഭിപ്രായ സർവേകളെ കാര്യമായി സ്വാധീനിച്ചിട്ടില്ലെന്നും വ്യക്തമാകുന്നു. പൊതുവേ ഇസ്രായേലികൾ നെതന്യാഹുവിനെ സുരക്ഷയുടെ കാര്യത്തിൽ ആശ്രയിക്കാവുന്ന ആളായാണ് കാണുന്നത്. അതിലുപരിയായി, അദ്ദേഹത്തിന് പകരം വെക്കാൻ മറ്റൊരു ബദലിനെയും അവർ കാണുന്നില്ലെന്ന് ഇസ്രായേൽ-ഫലസ്തീൻ വിശകലനവിദധനയാ മൈറാവ് സോൺസീൻ പറയുന്നു.

ദ്വിരാഷ്ട്ര സ്വപ്നത്തിന് മങ്ങലേൽക്കുന്നു

സമീപകാലത്തായി വിശാല ഇസ്രായേൽ എന്ന ലക്ഷ്യത്തെക്കുറിച്ച് ഇസ്രായേൽ നേതാക്കൾ തുറന്നുപറയാൻ തുടങ്ങിയിട്ടുണ്ട്. ബൈബിളിലെ ഉൽപത്തി പുസ്തകത്തിലെ ഒരു പഴയ വചനമാണ് തങ്ങൾ ഈ ഭൂമി പിടിച്ചെടുക്കാൻ കാരണമെന്ന് അവർ പറയുന്നു. ഫലസ്തീനിയൻ, സിറിയൻ ഭൂപ്രദേശങ്ങൾ തുടർച്ചയായി കൈയേറിക്കൊണ്ട് പതിറ്റാണ്ടുകളായി അന്താരാഷ്ട്ര നിയമങ്ങളെ ഇസ്രായേൽ കാറ്റിൽപ്പറത്തിയിരിക്കുകയാണ്. സമീപ വർഷങ്ങളിൽ സിറിയയിലും ലെബനനിലും കൂടുതൽ പ്രദേശങ്ങൾ കൈയേറിക്കൊണ്ട് അയൽരാജ്യങ്ങളുടെ പരമാധികാരത്തോടും യാതൊരു ആദരവും കാണിച്ചിട്ടില്ല.

രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞനായ നജ്ജാറിന്റെ അഭിപ്രായത്തിൽ, ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഫലസ്തീനികളെ പൂര്‍ണമായും മനുഷ്യത്വമില്ലാത്തവരായി ചിത്രീകരിക്കുകയാണ്. ഗസ്സയിലുണ്ടായ ദാരുണ സംഭവങ്ങളെ ഇസ്രായേൽ വോട്ടർമാർക്ക് മുന്നിൽ ഒരു വലിയ തെറ്റായോ ഉത്തരവാദിത്തം പറയേണ്ട കുറ്റകൃത്യമായോ അല്ല അവതരിപ്പിക്കുന്നത്. മറിച്ച്, മറ്റ് സ്ഥലങ്ങളിലും ആവർത്തിക്കേണ്ട ഒരു മാതൃക ആയിട്ടാണ്.

ഇസ്രായേൽ ദിവസേനയെന്നോണം ആക്രമണം നടത്തുകയും വലിയൊരു വിഭാഗം ഭൂപ്രദേശങ്ങൾ പിടിച്ചടക്കുകയും ചെയ്ത തെക്കൻ ലെബനനിൽ, തെരഞ്ഞെടുപ്പിൽ നെതന്യാഹു പരാജയപ്പെട്ടാൽ പോലും മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്നാണ് പ്രദേശവാസികൾ അൽ ജസീറയോട് പറഞ്ഞത്.

പ്രധാനമന്ത്രി പദത്തിലേക്കുള്ള നെതന്യാഹുവിന്റെ പ്രധാന രാഷ്ട്രീയ എതിരാളിയും യഷാർ പാർട്ടിയുടെ തലവനും മുൻ ആർമി ചീഫുമായ ഗാദി ഐസൻകോട്ട് പ്രശസ്തമായ 'ദാഹിയെ സിദ്ധാന്തത്തിന്റെ' ശില്പിയാണ്. രാജ്യ വിസ്തൃതിയുടെയും സൈനിക ആക്രമണങ്ങളുടെയും കാര്യത്തിൽ നെതന്യാഹുവിനോളം തന്നെ കടുത്ത നിലപാടുകാരനാണ് ഇദ്ദേഹവും.

ഒക്ടോബർ 7-ലെ സംഭവങ്ങളുടെ ആഘാതത്തിൽ നിന്ന് ഇന്നും മുക്തരാകാത്ത ഇസ്രായേലികൾക്ക്, സുരക്ഷയുടെ കാര്യത്തിൽ അവർ അനുഭവിക്കുന്ന ശൂന്യത നികത്താൻ ഐസൻകോട്ടിന് സാധിച്ചേക്കുമെന്ന് സോൺസീൻ പറഞ്ഞു. ലോകം തങ്ങളോട് തികച്ചും ശത്രുതാപരമായ നിലപാടാണ് പുലർത്തുന്നതെന്നും ഒക്ടോബർ 7-ന് തങ്ങൾക്ക് എന്താണ് സംഭവിച്ചതെന്ന് അവർ മനസ്സിലാക്കുന്നില്ലെന്നുമാണ് ഇസ്രായേലികൾ കരുതുന്നത്. അതുകൊണ്ട് തന്നെയാണ് ലെബനനിലും സിറിയയിലും ഗാസയിലും സുരക്ഷാ ബഫർ സോണുകൾ നിർമിക്കേണ്ടത് അത്യാവശ്യമാണെന്ന് അവർ വിശ്വസിക്കുന്നതെന്നും സോൺസീൻ വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇസ്രായേൽ-ഫലസ്തീൻ തർക്കത്തിലെ 'ദ്വിരാഷ്ട്ര പരിഹാരം' ഇനി സാധ്യമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ അത്തരം ഒരു വിഷയം ചർച്ചകളിൽ പോലുമില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

TAGS :

Next Story