'മറക്കില്ല, ഞങ്ങൾ ശബ്ദിച്ചുകൊണ്ടേയിരിക്കും': ഗസ്സക്ക് പിന്തുണയുമായി തുർക്കിയിൽ കൂറ്റൻ റാലി
ഫലസ്തീന്‍-തുര്‍ക്കി പതാകകള്‍ വീശിയാണ് കനത്ത തണുപ്പിനെ അവഗണിച്ചും മാര്‍ച്ചിനായി എത്തിയത്

- Published:
2 Jan 2026 8:04 AM IST

ഇസ്തംബൂള്‍: ഗസ്സക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തുര്‍ക്കിയിലെ പ്രധാന നഗരമായ ഇസ്താംബൂളിൽ കൂറ്റന്‍ റാലി. ഗസ്സയിലെ ഇസ്രായേൽ വംശഹത്യയെ അപലപിച്ചും വെടിനിർത്തൽ ആശ്വാസം നൽകിയെന്ന അവകാശവാദങ്ങളെ തള്ളിപ്പറഞ്ഞും ലക്ഷക്കണക്കിനാളുകളാണ് വ്യാഴാഴ്ച നടന്ന മാര്‍ച്ചിലും പ്രതിഷേധത്തിലും പങ്കെടുത്തത്.
ഫലസ്തീന്‍-തുര്‍ക്കി പതാകകള്‍ വീശിയാണ് കനത്ത തണുപ്പിനെ അവഗണിച്ചും മാര്‍ച്ചിനായി എത്തിയത്. നഗരത്തിലെ ചരിത്രപ്രസിദ്ധമായ ഗലാറ്റ പാലത്തിൽ(Galata Bridge) ഒത്തുകൂടുകയും ചെയ്തു. തുർക്കി ഫുട്ബോൾ ക്ലബ്ബുകൾക്കൊപ്പം നാഷണൽ വിൽ പ്ലാറ്റ്‌ഫോമിന് കീഴിലുള്ള സന്നദ്ധ സംഘടനകളാണ് മാർച്ച് സംഘടിപ്പിച്ചത്. ഫലസ്തീനെ മറക്കില്ലെന്നും ഞങ്ങള്‍ നിശബ്ദമായിരിക്കില്ലെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധ റാലി.
400ലധികം സിവിൽ സൊസൈറ്റി സംഘടനകളാണ് റാലിയുടെ ഭാഗമായത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണത്തിനെതിരായ പൊതുജന രോഷമാണ് റാലിയിലൂടെ പ്രകടമായത്. ഇസ്രായേൽ യുദ്ധം ആരംഭിച്ചതിനുശേഷം തുർക്കി കണ്ട ഏറ്റവും വലിയ ഫലസ്തീൻ അനുകൂല പ്രകടനങ്ങളിലൊന്നായി റാലിയെ മാറ്റാൻ നിരവധി പ്രമുഖ ഫുട്ബോൾ ക്ലബ്ബുകൾ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.
'ഇസ്രായേല്‍ വംശഹത്യയില്‍, മറ്റു ലോകരാഷ്ട്രങ്ങളുടെ നിശബ്ദതയുമായി ഞങ്ങൾ ഒരിക്കലും പൊരുത്തപ്പെടില്ല, അടിച്ചമർത്തലിനെതിരെ തോളോട് തോൾ ചേർന്ന്, മനുഷ്യരാശിക്കുവേണ്ടി ഞങ്ങൾ നിലകൊള്ളും'- ഗലാറ്റസരെ ഫുട്ബോൾ ക്ലബ് പ്രസിഡൻ്റ് ദുർസുൻ ഓസ്ബെക്ക് പറഞ്ഞു. അതേസമയം യുഎൻ ഏജൻസികൾ ഉൾപ്പെടെ 37 ഫലസ്തീൻ സഹായ സംഘടനകൾക്ക് വിലക്ക് ഏർപ്പെടുത്തിയ ഇസ്രായേലിനെതിരെയും പ്രതിഷേധം വ്യാപകമാണ്. ഗസ്സയിൽ സ്ഥിതി ആപൽക്കരമാകുമെന്ന് മനുഷ്യാവകാശ സംഘടനകൾ ആശങ്കയറിച്ചു.
Adjust Story Font
16
