യൂറോപ്യൻ യൂണിയന്റെ നയങ്ങളെ വീറ്റോ ചെയ്യുന്ന വിക്ടർ ഓർബൻ; നിർണായക തെരഞ്ഞെടുപ്പിനൊരുങ്ങി ഹങ്കറി
ഏപ്രിൽ 12ന് നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഓർബന്റെ തീവ്ര വലതുപക്ഷ പാർട്ടിയായ ഫിഡെസിനെതിരെ പീറ്റർ മഗ്യാറിന്റെ ടിസ്സ പാർട്ടി കരുത്തുറ്റ പോരാട്ടമാണ് കാഴ്ചവെക്കുന്നത്

Viktor Orban |Photo|Reuters
ബ്രസൽസ്: യൂറോപ്യൻ യൂണിയന്റെ രാഷ്ട്രീയ ഭാവിയെ നിർണയിക്കുന്ന നിർണായകമായ പാർലമെന്റ് തെരഞ്ഞെടുപ്പിന് ഹങ്കറി ഒരുങ്ങുകയാണ്. യൂറോപ്യൻ യൂണിയന്റെ സുപ്രധാന തീരുമാനങ്ങളെ വീറ്റോ പവർ ഉപയോഗിച്ച് നിരന്തരം തടസ്സപ്പെടുത്തുന്ന ഹങ്കേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ കനത്ത വെല്ലുവിളി നേരിടുന്നതായാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏപ്രിൽ 12ന് നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഓർബന്റെ തീവ്ര വലതുപക്ഷ പാർട്ടിയായ ഫിഡെസിനെതിരെ പീറ്റർ മഗ്യാറിന്റെ ടിസ്സ പാർട്ടി കരുത്തുറ്റ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഹങ്കറിയിലെ രാഷ്ട്രീയ മാറ്റം യൂറോപ്യൻ യൂണിയന്റെ ഭാവിയെ എങ്ങനെ ബാധിക്കുമെന്നാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.
യൂറോപ്യൻ യൂണിയനിൽ ഏതൊരു അംഗരാജ്യത്തിനും പ്രത്യേക വീറ്റോ അധികാരമുണ്ട്. യുക്രൈനുള്ള സൈനിക സഹായം, യൂറോപ്പിന്റെ പൊതു അഭയാർഥി നയം, ഊർജ പദ്ധതികൾ എന്നിവയെല്ലാം ഓർബൻ തന്റെ വീറ്റോ അധികാരം ഉപയോഗിച്ച് തടഞ്ഞിരുന്നു. റഷ്യൻ അനുകൂല നിലപാടുകളും ഡൊണാൾഡ് ട്രംപുമായുള്ള ബന്ധവും ഓർബനെ യൂറോപ്യൻ യൂണിയനിൽ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ഹങ്കറി യൂറോപ്പിന്റെ മുന്നേറ്റത്തിന് തടസ്സമാകുന്നു എന്ന ആക്ഷേപവും ശക്തമാണ്.
മുൻപ് ഓർബന്റെ സഹപ്രവർത്തകനായിരുന്ന പീറ്റർ മഗ്യാറാണ് ഇത്തവണ പ്രതിപക്ഷത്തിന്റെ പ്രധാന മുഖം. അഭിപ്രായ സർവേകളിൽ പീറ്റർ മഗ്യാറിന്റെ ടിസ്സ പാർട്ടിക്ക് വലിയ മുന്നേറ്റമാണ് പ്രവചിക്കപ്പെടുന്നത്. ഹങ്കറിയിൽ ഒരു ഭരണമാറ്റമുണ്ടായാൽ അത് യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. എന്നാൽ ഓർബൻ പരാജയപ്പെട്ടാലും യൂറോപ്പിന് മുന്നിലെ ഭീഷണികൾ അവസാനിക്കുന്നില്ല.
സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയെപ്പോലെയുള്ള റഷ്യൻ അനുകൂല നേതാക്കൾ യൂറോപ്യൻ യൂണിയനിൽ ഇപ്പോഴുമുണ്ട്. ചെക്ക് റിപ്പബ്ലിക്കിൽ ആൻഡ്രെജ് ബാബിസോയെപ്പോലെയുള്ള നേതാക്കൾ വീണ്ടും അധികാരത്തിലെത്താൻ സാധ്യതയും തള്ളിക്കളയാനാവില്ല. ഓർബന്റെ പാത പിന്തുടർന്ന് ഇവർ വീറ്റോ അധികാരം ഉപയോഗിച്ചാൽ യൂറോപ്യൻ യൂണിയൻ വീണ്ടും പ്രതിസന്ധിയിലാകും. ഹങ്കറിയിലെ ജനവിധി യൂറോപ്പിന്റെ രാഷ്ട്രീയ ദിശ നിർണയിക്കുന്നതിൽ വലിയ പങ്ക് വഹിക്കും.
Adjust Story Font
16

