ഗസ്സയിൽ ഭക്ഷ്യ ക്ഷാമം രൂക്ഷം; വെടിനിർത്തൽ ചർച്ചയും വംശഹത്യാ പദ്ധതിയും ഒരുമിച്ചു പോകില്ലെന്ന് ഹമാസ് മുന്നറിയിപ്പ്
ഭക്ഷണത്തിനായി വരിനിന്ന 11 പേരടക്കം ഇന്നലെ ഗസ്സയിൽ 88 പേരാണ് കൊല്ലപ്പെട്ടത്

ദുബൈ: ഇസ്രായേൽ പ്രഖ്യാപിച്ച പരിമിത നടപടികളിലൂടെ ഗസ്സയിലെ പട്ടിണി പ്രതിസന്ധി മറികടക്കാനാവില്ലെന്ന മുന്നറിയിപ്പുമായി യു.എൻ ഏജൻസികളും ആഗോള സന്നദ്ധ സംഘടനകളും. ലോകരാജ്യങ്ങളുടെ സമ്മർദം മുൻനിർത്തി ഇസ്രായേൽ ചില ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ഗസ്സയിലെ പട്ടിണി പ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണ്. ഗസ്സയിലെ മൂന്നിടങ്ങളിൽ ഇസ്രായേൽ പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തലും നടപ്പായില്ല. റഫ അതിർത്തി വഴി ഞായറാഴ്ച എൺപതോളം ട്രക്കുകൾ ഗസ്സയിൽ എത്തിയിരുന്നു. യുഎഇ, ജോർഡൻ, ഈജിപ്ത് രാജ്യങ്ങൾ സഹായമെത്തിക്കാൻ രംഗത്തുണ്ട്. യുഎഇ മാത്രം 25 ടൺ ഭക്ഷ്യ വസ്തുക്കൾ എത്തിക്കും. എല്ലാ അതിർത്തികളും തുറന്ന് കൂടുതൽ ഭക്ഷ്യവസ്തുക്കൾ ഗസ്സയിൽ എത്തിക്കണമെന്ന് യു.എന്നും വിവിധ സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ടു. വിമാനമാർഗം ഭക്ഷ്യകിറ്റുകൾ ഡ്രോപ്പ് ചെയ്യുന്നതിനു പകരം കരമാർഗം കുറ്റമറ്റ രീതിയിൽ വേണം വിതരണംചെയ്യാനെന്ന് 'യുനർവ' നിർദേശിച്ചു.
അതിനിടെ, ഭക്ഷണത്തിനായി വരിനിന്ന 11 പേരടക്കം ഇന്നലെ ഗസ്സയിൽ 88 പേരാണ് കൊല്ലപ്പെട്ടത്. തെക്കൻ ഗസ്സയിൽ അഭയാർഥി കുടുംബം താമസിച്ചിരുന്ന തമ്പിൽ ബോംബിട്ട് ഒമ്പതുപേരെ ഇസ്രായേൽ കൊലപ്പെടുത്തി. സലാഹുദ്ദീൻ റോഡിൽ സഹായ ട്രക്കിനായി കാത്തുനിന്നവർക്കു നേരെ നടത്തിയ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു.
ഹമാസ് പ്രത്യാക്രമണത്തിൽ ഗസ്സയിൽ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. മറ്റൊരു പ്രത്യാക്രമണത്തിൽ 9 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിനിർത്തൽ ചർച്ചയും വംശഹത്യാ പദ്ധതിയും ഒരുമിച്ചു പോകില്ലെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി. ഗസ്സ വെടിനിർത്തലുമായി ബന്ധപ്പെട്ട ഇടപെടൽ തുടരുമെന്ന് അമേരിക്ക അറിയിച്ചു.ഗസ്സക്ക് സഹായവുമായി പുറപ്പെട്ട 'ഹൻദല' ബോട്ടിൽ നിന്ന് പിടികൂടിയ സന്നദ്ധ പ്രവർത്തകരെ ഇസ്രായേൽ തടങ്കലിൽ വെച്ചിരിക്കുകയാണ്.
Adjust Story Font
16

