Quantcast

'ഇമ്രാൻ ഖാൻ, താങ്കളുടെ കളി തീർന്നു'; ആക്രമണവുമായി നവാസ് ശരീഫിന്റെ മകൾ മർയം നവാസ്

ഒരാളുടെ പ്രകടനം വിലയിരുത്താൻ നാല് വർഷം എമ്പാടുമാണ്. ഇപ്പോൾ ജനങ്ങൾ തനിക്ക് റെഡ് കാർഡ് കാണിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന കാര്യം ഇമ്രാൻ ഖാൻ മനസിലാക്കണം- മർയം നവാസ്

MediaOne Logo

Web Desk

  • Published:

    22 March 2022 3:36 PM GMT

ഇമ്രാൻ ഖാൻ, താങ്കളുടെ കളി തീർന്നു; ആക്രമണവുമായി നവാസ് ശരീഫിന്റെ മകൾ മർയം നവാസ്
X

പാകിസ്താനിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അവിശ്വാസ പ്രമേയ നീക്കം ശക്തമാകുന്നതിനിടെ ആക്രമണം കടുപ്പിച്ച് പ്രതിപക്ഷം. പ്രധാനമന്ത്രി കളിയിൽ തോറ്റിരിക്കുകയാണ്, ഒരാളും തന്റെ രക്ഷയ്‌ക്കെത്തില്ലെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിരിക്കുകയാണെന്ന് പാകിസ്താൻ മുസ്‌ലിം ലീഗ്-നവാസ്(പി.എം.എൽ-എൻ) ഉപാധ്യക്ഷയും മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ മകളുമായ മർയം നവാസ് വിമർശിച്ചു.

''ഇമ്രാൻ ഖാൻ, താങ്കളുടെ കളി തീർന്നിരിക്കുന്നു. തനിക്കെതിരെ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് ഇമ്രാൻ ഖാൻ വിശ്വസിക്കുന്നത്. എന്നാൽ, അദ്ദേഹം സ്വയം തന്നെയാണ് ഗൂഢാലോചന നടത്തുന്നത്. സ്വന്തം ഉത്തരവാദിത്തം പൂർത്തീകരിച്ചിരുന്നെങ്കിൽ പത്തു ലക്ഷത്തോളം പേർ അദ്ദേഹത്തിനെതിരെ തിരിയില്ലായിരുന്നു...''- മർയം നവാസ് വിമർശിച്ചു.

രാജ്യത്തെ വിവിധ ഭരണസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ ഭരണകക്ഷിയായ പി.ടി.ഐ ഇടപെടുകയാണെന്നും നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോയെയും ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയെയും നിഷ്പക്ഷമായി പ്രവർത്തിക്കാൻ ഭരണകൂടം അനുവദിച്ചിട്ടില്ലെന്നും മർയം ആരോപിച്ചു. ഒരാളുടെ പ്രകടനം വിലയിരുത്താൻ നാല് വർഷം എമ്പാടുമാണ്. ഇപ്പോൾ ജനങ്ങൾ തനിക്ക് റെഡ് കാർഡ് കാണിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന കാര്യം ഇമ്രാൻ ഖാൻ മനസിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഏതെങ്കിലും ഗൂഢാലോചനയുടെ ഇരയല്ല താങ്കൾ. സ്വന്തം അഹന്തയുടെ ഇരയാണ്. പണപ്പെരുപ്പത്തിനും മോശം ഭരണത്തിനും പിന്നാലെ താങ്കളുടെ അധികാര സാധ്യതകളെല്ലാം അസ്തമിച്ചിരിക്കുകയാണ്. എല്ലാ പാർട്ടികൾക്കും ഇത്തരത്തിലുള്ള ഘട്ടങ്ങളുണ്ടാകും. എന്നാൽ, അതിന്റെ പേരിൽ ഒരുനേതാവും ഇമ്രാൻ ഖാനെപ്പോലെ മോശം ഭാഷ പ്രയോഗിച്ചിട്ടില്ല. താങ്കൾ എതിരാളികളെ പരിഹസിക്കുകയാണ്-മർയം ശരീഫ് കൂട്ടിച്ചേർത്തു.

പാകിസ്താനിലെ പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ഇമ്രാൻ ഖാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പ്രമേയം വെള്ളിയാഴ്ച പാക് ദേശീയ അസംബ്ലിയിൽ വോട്ടിനിടും. പ്രതിപക്ഷകക്ഷികളായ പി.എം.എൽ-എൻ, പാകിസ്താൻ പീപ്പിൾസ് പാർട്ടി(പി.പി.പി) എന്നിവയുടെ നൂറോളം എം.പിമാർ ചേർന്നാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. 342 അംഗ ദേശീയ അസംബ്ലിയിൽ 172 പേരുടെ പിന്തുണയുണ്ടെങ്കിൽ പ്രമേയം പാസാകും. പി.ടി.ഐക്ക് 155 അംഗങ്ങളാണ് സഭയിലുള്ളത്. ഭരണകക്ഷിയിലെ വിമതരുടെ വോട്ടാകും നിർണായകമാകുക.

Summary: "Imran Khan, Your game is over now. Your electoral prospects in the wake of inflation and lack of governance are bleak.", says PML-N Vice-President Maryam Nawaz

TAGS :

Next Story