Quantcast

ബംഗ്ലാദേശ് ഇനി വിധേയരാഷ്ട്രമായിരിക്കില്ല; തന്റെ ഭരണത്തിൽ രാജ്യത്തിന്റെ അന്തസും പരമാധികാരവും പുനസ്ഥാപിക്കാനായി: മുഹമ്മദ് യൂനുസ്

രാജ്യത്തിന് നേരെ ഉയരാനിടയുള്ള ഏതൊരു ആക്രമണത്തെയും നേരിടാൻ സൈന്യത്തെ നവീകരിക്കാനുള്ള ശ്രമങ്ങളാരംഭിച്ചതായും മുഹമ്മദ് യൂനുസ് കൂട്ടിച്ചേർത്തു

MediaOne Logo
ബംഗ്ലാദേശ് ഇനി വിധേയരാഷ്ട്രമായിരിക്കില്ല; തന്റെ ഭരണത്തിൽ രാജ്യത്തിന്റെ അന്തസും പരമാധികാരവും പുനസ്ഥാപിക്കാനായി: മുഹമ്മദ് യൂനുസ്
X

ധാക്ക: ബംഗ്ലാദേശ് ഇനിമുതല്‍ ബാഹ്യശക്തികള്‍ക്ക് വിധേയപ്പെടുന്ന രാജ്യമായിരിക്കില്ലെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇടക്കാല സര്‍ക്കാര്‍ തലവൻ മുഹമ്മദ് യൂനുസ്. 18 മാസക്കാലം നീണ്ടുനിന്ന തന്റെ ഭരണത്തിന് കീഴില്‍ രാജ്യത്തെ അന്തസും പരമാധികാരവും പുനസ്ഥാപിക്കാന്‍ കാരണമായെന്നും മുഹമ്മദ് യൂനുസ് പറഞ്ഞു. ടെലിവിഷന്‍ സന്ദേശത്തിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

'ഞങ്ങളുടെ കടല്‍ത്തീരമെന്നത് കേവലം ഭൂമിശാസ്ത്രപരമായ അതിര്‍ത്തി മാത്രമല്ല, മറിച്ച് ലോകസമ്പദ്‌വ്യവസ്ഥയിലേക്കുള്ള ബംഗ്ലാദേശിന്റെ വാതില്‍ കൂടിയാണ്. നേപ്പാള്‍, ഭൂട്ടാന്‍, സെവന്‍ സിസ്റ്റേഴ്‌സ്(ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍) എന്നിവയടങ്ങുന്ന ഈ മേഖലയ്ക്ക് വലിയ സാമ്പത്തികസാധ്യതകളാണുള്ളത്'. യൂനുസ് പറഞ്ഞു. ഇന്ത്യയുടെ പേര് എടുത്തുപറയാതെയായിരുന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള പരാമര്‍ശം.

'18 മാസം നീണ്ട തന്റെ ഭരണകാലത്ത് ബംഗ്ലാദേശിന്റെ വിദേശനയത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സാധ്യമാക്കാനായിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരം, ദേശീയ താല്‍പര്യം, അന്തസ് എന്നീ മൂന്ന് തൂണുകള്‍ പുനസ്ഥാപിക്കാനായി. രാജ്യം ഇനി ഒരു ബാഹ്യശക്തികളുടെയും നിര്‍ദേശങ്ങള്‍ക്ക് വഴങ്ങില്ല'. അദ്ദേഹം വ്യക്തമാക്കി.

ചൈനയുടെ പിന്തുണയോടെ ടീസ്റ്റാ നദീ പദ്ധതിയുടെ പുരോഗതിയും അദ്ദേഹം പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന് നേരെ ഉയരാനിടയുള്ള ഏതൊരു ആക്രമണത്തെയും പ്രതിരോധിക്കാന്‍ സൈന്യത്തെ നവീകരിക്കാനുള്ള ശ്രമങ്ങളാരംഭിച്ചതായും തന്റെ ഭരണകാലത്ത് 130 നിയമങ്ങള്‍ നിര്‍മിച്ചതായും യൂനുസ് പറഞ്ഞു.

പാര്‍ട്ടി, ജാതിമത, ലിംഗഭേദമന്യേ നീതിയും മാനുഷികവും ജനാധിപത്യത്തിലധിഷ്ടിതവുമായ ഒരു ബംഗ്ലാദേശ് കെട്ടിപ്പടുക്കുന്നതിനായുള്ള പോരാട്ടം എല്ലാവരും തുടരണമെന്നും ഈ അഭ്യര്‍ഥന മുന്നിലേക്ക് വെച്ച് ശുഭാപ്തിവിശ്വാസത്തോടെ ഞാന്‍ വിടവാങ്ങുന്നുവെന്നും മുഹമ്മദ് യൂനുസ് m കൂട്ടിച്ചേര്‍ത്തു.

2024-ലെ ജൂലൈ റെവല്യൂഷനെ തുടര്‍ന്ന് ശൈഖ് ഹസീന പുറത്തായതിനുശേഷം നടന്ന ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയാണ് വന്‍ വിജയം നേടിയത്. 209 സീറ്റിലാണ് ബിഎന്‍പി വിജയിച്ചത്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി 68 സീറ്റും നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി ആറ് സീറ്റും നേടി.

TAGS :

Next Story