ട്രംപിന്‍റെ ഭീഷണി; ബർബൺ വിസ്‌കിയുടെ ഇറക്കുമതി തീരുവ കുറച്ച് ഇന്ത്യ
തീരുമാനം യുഎസ് ആസ്ഥാനമായുള്ള മദ്യക്കമ്പനികൾക്ക് ഗുണകരമാകും

ന്യൂഡൽഹി: ബർബൺ വിസ്കിയുടെ തീരുവ 150 ശതമാനത്തിൽനിന്ന് 100 ശതമാനമായി കുറച്ച് ഇന്ത്യ. ‘അന്യായമായ’ വ്യാപാര രീതികൾക്കെതിരായ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിക്ക് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം. ഫെബ്രുവരി 13നാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. പുതിയ നീക്കം യുഎസ് ആസ്ഥാനമായുള്ള മദ്യക്കമ്പനികൾക്ക് ഗുണകരമാകും.
ഡോണൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞദിവസം വാഷിങ്ടണിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലും താരിഫ് വിഷയം ചർച്ചയായി. കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുവ കുറച്ച കാര്യം വാർത്തയാകുന്നത്.
ബർബൺ വിസ്കിയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 50 ശതമാനമാകും. കൂടാതെ 50 ശതമാനം അധിക ലെവിയും വരുന്നതോടെ ആകെ തീരുവ 100 ശതമാനമാകും. മുമ്പ് ഇവക്ക് 150 ശതമാനമാണ് നികുതി ചുമത്തിയിരുന്നത്. അതേസമയം, 150 ശതമാനം നികുതി ചുമത്തുന്ന മറ്റു മദ്യ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിൽ മാറ്റമൊന്നുമില്ല.
ഈ നീക്കം പ്രധാനമായും യുഎസിൽ നിന്നുള്ള ഇറക്കുമതിക്ക് ഗുണം ചെയ്യുമെന്ന് പിഡബ്ല്യുസി ഇന്ത്യയിലെ പങ്കാളിയായ പ്രതീക് ജെയിൻ പറഞ്ഞു. പ്രധാന പങ്കാളി രാജ്യങ്ങളുമായി താരിഫ് ക്രമീകരിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധതയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റു രാജ്യങ്ങൾ യുഎസ് സാധനങ്ങൾക്ക് ചുമത്തുന്ന ഇറക്കുമതി തീരുവകൾക്ക് തുല്യമായ ‘പരസ്പര തീരുവ’ ഏർപ്പെടുത്താൻ പ്രസിഡന്‍റ് ട്രംപ് നിർദേശിച്ചിട്ടുണ്ട്. കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ശരാശരി മോസ്റ്റ് ഫേവേഡ് നേഷൻ (എംഎഫ്എൻ) താരിഫ് 39 ശതമാനമാണ്. യുഎസ് ശരാശരിയായ അഞ്ച് ശതമാനത്തേക്കാൾ വളരെ കൂടുതലാണിത്.
വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കാനും യുഎസ് വ്യവസായങ്ങളെ സംരക്ഷിക്കാനുമായി ട്രംപ് നിരവധി താരിഫുകൾ നിർദേശിച്ചിട്ടുണ്ട്. സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് 25 ശതമാനം തീരുവയും ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം തീരുവയും ചുമത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
Adjust Story Font
16

