'തെരഞ്ഞെടുപ്പിന് ഇന്ത്യക്ക് 21 ദശലക്ഷം നൽകേണ്ടതില്ല';ഇന്ത്യക്കുള്ള ധന സഹായം നിർത്തലാക്കി ട്രംപ്
കഴിഞ്ഞ ദിവസമാണ് അനാവശ്യ ചിലവുകൾ ചുരുക്കുന്നു എന്ന പേരിൽ കാര്യക്ഷമതാ വകുപ്പ് 14 ബില്യൺ ഡോളറിന്റെ കരാറുകൾ റദ്ധാക്കിയത്

വാഷിങ്ടൺ: ഇന്ത്യയിലെ തെരഞ്ഞെടുപ്പിന് നൽകി വരുന്ന ധനസഹായം നിർത്തലാക്കിയ ഇലോൺ മസ്കിൻറെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വകുപ്പിൻറെ നടപടിയെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ ഉയർന്ന തോതിൽ താരിഫ് ഈടാക്കുന്ന രാജ്യമാണെന്നും കൈയിൽ പണമുണ്ടാകുമെന്നും ധനസഹായം ആവശ്യമില്ലെന്നുമാണ് ട്രംപിന്റെ വാദം.
കഴിഞ്ഞ ദിവസമാണ് അനാവശ്യ ചിലവുകൾ ചുരുക്കുന്നു എന്ന പേരിൽ കാര്യക്ഷമതാ വകുപ്പ് 14 ബില്യൺ ഡോളറിന്റെ കരാറുകൾ റദ്ധാക്കിയത്. അതിൽ ഇന്ത്യയുടെ തെരഞ്ഞെടുപ്പിനായി നൽകിവരുന്ന ധനസഹായവും ഉൾപ്പെട്ടിരുന്നു. ഇതിനെ ന്യായീകരിക്കാനാണ് ട്രംപ് എത്തിയത്. 'എന്തിനാണ് 21 ദശലക്ഷം ഡോളർ ഇന്ത്യക്ക് നൽകുന്നത്? ഏറ്റവും ഉയർന്ന നികുതി ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ. അവരുടെ കയ്യിൽ പണമുണ്ട്. ഉയർന്ന തീരുവ കാരണം ഇന്ത്യയിൽ സംരംഭം തുടങ്ങാൻ തന്നെ ബുദ്ധിമുട്ടാണ്. ഇന്ത്യയോടും അവരുടെ പ്രധാനമന്ത്രിയോടും എനിക്ക് വലിയ ബഹുമാനമുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിൽ കൂടുതൽ പങ്കാളിത്തമുണ്ടാകാൻ 21 മില്യൻ ഡോളർ നൽകേണ്ടതുണ്ടോ?' എക്സിക്യുട്ടീവ് ഉത്തരവിൽ ഒപ്പിടുന്നതിനിടെ ട്രംപ് ചോദിച്ചു.
ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ ആളെ കൂട്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷന് യുഎസ് 21 മില്യൻ ഡോളർ നൽകിയെന്നാണ് ആരോപണം. ഈ വെളിപ്പെടുത്തൽ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിയെഴുക്കി. വിഷയത്തിൽ അന്വേഷണം ആവശ്യമാണെന്ന് ബിജെപിയും കോൺഗ്രസും ആവശ്യപ്പെട്ടു.
Adjust Story Font
16

