Quantcast

'പുറത്തറിയുന്നതല്ല ഇസ്രായേലിലെ സ്ഥിതി, ബങ്കറുകളിൽ പോലും മനുഷ്യർ മരിച്ചുവീഴുന്നു'; വെളിപ്പെടുത്തലുമായി ഇസ്രായേലിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ മാധ്യമപ്രവർത്തകൻ

ബങ്കറുകൾക്കുള്ളിൽ പോലും ആളുകൾ മരിച്ചുവീഴുന്നത് താൻ നേരിട്ട് കണ്ടുവെന്നും ബ്രജ് മോഹൻ സിങ് പറഞ്ഞു

MediaOne Logo

ആത്തിക്ക് ഹനീഫ്

  • Updated:

    2026-03-08 02:40:17.0

Published:

8 March 2026 8:09 AM IST

പുറത്തറിയുന്നതല്ല ഇസ്രായേലിലെ സ്ഥിതി, ബങ്കറുകളിൽ പോലും മനുഷ്യർ മരിച്ചുവീഴുന്നു; വെളിപ്പെടുത്തലുമായി ഇസ്രായേലിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ മാധ്യമപ്രവർത്തകൻ
X

ന്യൂ ഡൽഹി: ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളിൽ നിലനിൽക്കുന്ന കടുത്ത വാർത്താ നിയന്ത്രണങ്ങളെയും സെൻസർഷിപ്പിനെയും കുറിച്ച് വെളിപ്പെടുത്തലുമായി ഇന്ത്യൻ മാധ്യമപ്രവർത്തകൻ ബ്രജ് മോഹൻ സിങ്. 'പുറത്തറിയുന്നതല്ല, ഇസ്രായേലിലെ സ്ഥിതി, ബങ്കറുകളിൽ പോലും മനുഷ്യർ മരിച്ചുവീഴുന്നു. മരണസംഖ്യയും നഷ്ടങ്ങളും സർക്കാർ മറച്ചുവെക്കുകയാണ്' ബ്രജ് മോഹൻ പറഞ്ഞു. ഇസ്രായേലിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷമാണ് അവിടെ മാധ്യമപ്രവർത്തകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അദേഹം തുറന്നുപറഞ്ഞത്. യുദ്ധസാഹചര്യത്തിൽ ഇസ്രായേൽ സൈന്യത്തിന് വിരുദ്ധമായ വാർത്തകൾ പുറത്തുവിടുന്നത് അസാധ്യമാണെന്ന് അദേഹം ചൂണ്ടിക്കാട്ടി.

ഇസ്രായേലിലെ വാർത്താ ഏജൻസികൾക്കും വിദേശ മാധ്യമപ്രവർത്തകർക്കും മേൽ സൈനിക സെൻസർമാർ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് സൈന്യത്തിന്റെ അനുമതി വാങ്ങേണ്ടി വരുന്നുണ്ടെന്നും, സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പല പ്രധാന വിവരങ്ങളും വെട്ടിമാറ്റുന്നുണ്ടെന്നും അദേഹം വെളിപ്പെടുത്തി. സത്യസന്ധമായ വിവരങ്ങൾ ലോകത്തെ അറിയിക്കാൻ ശ്രമിക്കുന്നവർ ഭീഷണിയും നിരീക്ഷണവുമാണ് നേരിടുന്നത്.

അധിനിവേശ പ്രദേശങ്ങളിലെ യഥാർത്ഥ ചിത്രം ലോകത്തിന് മുന്നിലെത്താതിരിക്കാൻ ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നത്. മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനോ വിവരങ്ങൾ ശേഖരിക്കാനോ അനുവാദമില്ലാത്ത അവസ്ഥയാണുള്ളത്. ഇത്തരം നിയന്ത്രണങ്ങൾ ജനാധിപത്യ മൂല്യങ്ങൾക്കും മാധ്യമസ്വാതന്ത്ര്യത്തിനും വിരുദ്ധമാണെന്നും, വാർത്തകൾ വളച്ചൊടിക്കപ്പെട്ടാണ് പുറംലോകത്തേക്ക് എത്തുന്നതെന്നും അദേഹം കുറ്റപ്പെടുത്തി.

ആശുപത്രികൾ സന്ദർശിക്കാനോ മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ പകർത്താനോ മാധ്യമപ്രവർത്തകർക്ക് അനുവാദമില്ല. മിസൈലുകൾ പതിച്ച ലൊക്കേഷൻ പോലും അധികൃതർ രഹസ്യമായി വെക്കുകയാണ്. നാല് വീടുകൾ തകർന്ന് ഒട്ടേറെപ്പേർ മരിച്ച സ്ഥലത്ത് പോലും ഒരാൾ മാത്രമാണ് മരിച്ചതെന്ന രീതിയിലാണ് സർക്കാർ കണക്കുകൾ പുറത്തുവിടുന്നതെന്ന് അദേഹം ചൂണ്ടിക്കാട്ടി.

സുരക്ഷാ സംവിധാനങ്ങളുടെ പരാജയത്തെക്കുറിച്ചും അദേഹം രൂക്ഷമായി വിമർശിച്ചു. 100 അടി താഴ്ചയുള്ള ബങ്കറുകൾ സുരക്ഷിതമാണെന്ന സർക്കാർ വാദം തെറ്റാണെന്നും അത്തരം ബങ്കറുകൾക്കുള്ളിൽ പോലും ആളുകൾ മരിച്ചുവീഴുന്നത് താൻ നേരിട്ട് കണ്ടുവെന്നും അദേഹം പറഞ്ഞു. പലപ്പോഴും ഇറാനിയൻ മിസൈലുകൾ പതിക്കുന്നതിന് മുൻപ് അപകട മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ പോലും മുഴങ്ങാറില്ല. സുരക്ഷിതമെന്ന് കരുതുന്ന സ്ഥലങ്ങളിൽ പോലും അപ്രതീക്ഷിതമായി ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും അദേഹം വെളിപ്പെടുത്തി.

യുദ്ധഭൂമിയിലെ യഥാർഥ അവസ്ഥ റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുന്ന മാധ്യമപ്രവർത്തകരെ ഇസ്രായേൽ ഭരണകൂടം കർശനമായി നിയന്ത്രിക്കുകയാണ്. വസ്തുതകൾ ലോകത്തിന് മുന്നിലെത്താതിരിക്കാൻ ബോധപൂർവമായ ശ്രമങ്ങളാണ് അവിടെ നടക്കുന്നത്. തെൽ അവീവിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും ബ്രജ് മോഹൻ സിങ് വ്യക്തമാക്കി.

TAGS :

Next Story