Quantcast

'ഇങ്ങനെ വിദ്വേഷം പറയാനാർക്ക് കഴിയും, ഇത് കേട്ടിട്ടെങ്ങനെ മിണ്ടാതെ പോകും?' കനേഡിയക്കാരിയുടെ വംശീയ പരാമർശത്തിന് ഇന്ത്യക്കാരന്‍റെ പ്രതികരണം; പിന്തുണച്ച് സോഷ്യൽമീഡിയ

വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് പിന്തുണയറിയിച്ചും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയും കമന്‍റ് ബോക്സിൽ തടിച്ചുകൂടിയത്. 'അവർ വല്ലാതെ പ്രായമായ സ്ത്രീയല്ലേ ബ്രോ, പറയുന്നതിനെ കുറിച്ച് ചിന്തിച്ചുകാണില്ല. വിട്ടുകള'; ഒരാൾ കുറിച്ചു

MediaOne Logo
ഇങ്ങനെ വിദ്വേഷം പറയാനാർക്ക് കഴിയും, ഇത് കേട്ടിട്ടെങ്ങനെ മിണ്ടാതെ പോകും? കനേഡിയക്കാരിയുടെ വംശീയ പരാമർശത്തിന് ഇന്ത്യക്കാരന്‍റെ പ്രതികരണം; പിന്തുണച്ച് സോഷ്യൽമീഡിയ
X

വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് നേരിടേണ്ടിവരുന്ന വംശീയാധിക്ഷേപങ്ങളെ കുറിച്ചും പ്രതികൂല സാഹചര്യങ്ങളെ കുറിച്ചുമുള്ള പ്രവാസി ജീവിതാനുഭവങ്ങൾ പലപ്പോഴായി സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്. അടുത്തിടെ, കാനഡയിലെ നോവാ സ്കോട്ടിയക്കടുത്തെ കെന്‍റ്വില്ലെ നഗരത്തിൽ ഇന്ത്യൻ യുവാവിന് നേരിടേണ്ടി വന്ന അനുഭവത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ പ്രവാസജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ കുറിച്ചും അതിജീവനത്തെ കുറിച്ചുമുള്ള ചൂടേറിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. താൻ ഇന്ത്യക്കാരനെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ, വംശീയാധിക്ഷേപം നടത്തിയ കനേഡിയൻ സ്ത്രീയുടെ വിഡിയോയും ചെറുപ്പക്കാരന്‍റെ മറുപടിയും ഇതിനോടകം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

'കാനഡയിലെ കെന്‍റ്വില്ലെ നഗരത്തിലാണ് ഞാൻ കുറിച്ച് കാലമായി ജോലി ചെയ്യുന്നത്. നോവാ സ്കോട്ടിയക്കടുത്തെ ചെറിയൊരു നഗരമാണത്. എന്നാൽ, ഇതാദ്യമായാണ് ഇത്തരമൊരു സംഭവം നേരിടേണ്ടിവന്നത്'. യുവാവ് കുറിച്ചു. നഗരവീഥിയിലൂടെ നടന്നുപോകുന്നതിനിടെ ഒരു സ്ത്രീ തന്‍റെ തൊട്ടടുത്ത് കാർ നിർത്തുകയും വംശീയമായ അധിക്ഷേപം നടത്തുകയായിരുന്നെന്നുമാണ് യുവാവിന്‍റെ വാദം.

'ഇന്ത്യക്കാരനല്ലേ? എന്തിനാണ് ഇവിടെ ചുറ്റിക്കറങ്ങുന്നത്? സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാത്തതെന്ത്?'എന്നെല്ലാം ആ സ്ത്രീ ആക്രോശിച്ചുകൊണ്ടിരുന്നു. അധികം രൂക്ഷമാകേണ്ടെന്ന് കരുതിയാണ് മൊബൈൽ ഫോണെടുത്ത് ഷൂട്ട് ചെയ്യാൻ ഞാൻ തീരുമാനിച്ചത്. അവരുടെ നീക്കങ്ങൾ ഞാൻ ചിത്രീകരിക്കുന്നുണ്ടെന്ന് കണ്ടപാടെ സംസാരം അവർ മയപ്പെടുത്തി. എന്തുകൊണ്ട് അമ്മയുടെ അടുത്തേക്ക് പോകുന്നില്ലെന്നായി പിന്നീട്'. യുവാവ് വ്യക്തമാക്കി. തികച്ചും അപ്രതീക്ഷിതമായ സംഗതിയായിരുന്നെന്നും ഇതുവരെയും ഇത്തരമൊരു സാഹചര്യം നേരിടേണ്ടിവന്നിട്ടില്ലെന്നും യുവാവ് പറഞ്ഞു.

'ഇതങ്ങനെ എല്ലാ ദിവസവും നടക്കുന്ന കാര്യങ്ങളല്ല. എങ്കിലും ഒരു കാര്യം പറയട്ടെ. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾക്കാകുന്നത് പോലെ പ്രതിഷേധമറിയിക്കണം. പ്രതികരിക്കണം. ഇതുപോലുള്ള വംശീയ പരാമർശങ്ങളെയും നടപടികളെയും മുളയിലേ നുള്ളിക്കളയേണ്ടിയിരിക്കുന്നു. കെന്‍റ്വില്ലെയിലെ എല്ലാ ജനങ്ങളിലേക്കും ഈ വിഡിയോ എത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം, ഈ നാട്ടിലുള്ള എല്ലാ ആളുകളും ഈ സ്ത്രീയെ പോലെയല്ല, ഇവർ കാരണം ഇവിടുത്തുകാർ തല കുനിക്കേണ്ടിവരരുത്'. ചെറുപ്പക്കാരൻ കൂട്ടിച്ചേർത്തു.

വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് പിന്തുണയറിയിച്ചും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയും കമന്‍റ് ബോക്സിൽ തടിച്ചുകൂടിയത്. 'അവർ വല്ലാതെ പ്രായമായ സ്ത്രീയല്ലേ ബ്രോ, പറയുന്നതിനെ കുറിച്ച് ചിന്തിച്ചുകാണില്ല. വിട്ടുകള'; ഒരാൾ കുറിച്ചു. 'എന്തിനാണ് അവരുടെ പൂർവികർ ഇന്ത്യയിലേക്ക് വന്നതെന്ന് ചോദിക്ക് സഹോദരാ, അവരുടെ കയ്യിൽ ഉത്തരമുണ്ടോയെന്ന് നോക്കാമല്ലോ. അവരൊരു യൂറോപ്യനല്ലേ'; മറ്റൊരാളുടെ അഭിപ്രായം ഇങ്ങനെ. 'അവരുടേതിന് സമാനമായ തൊലിയും നിറവുമുള്ള ഇന്ത്യക്കാരോടുള്ള സമീപനം ഇങ്ങനെയാണെങ്കിൽ ഇത്രയൊന്നും നിറമില്ലാത്തവരോട് ഇവരുടെ പെരുമാറ്റം എങ്ങനെയായിരിക്കും'. ഒരാൾ ആശങ്ക പ്രകടിപ്പിച്ചു.

കാനഡ, ആസ്ട്രേലിയ, യുകെ അടക്കം യൂറോപ്പിലെ വിവിധയിടങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്കിടയിൽ വിഡിയോ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും നേരെ കഴിഞ്ഞ കുറേ കാലങ്ങളായി നടക്കുന്ന വംശീയാധിക്ഷേപങ്ങളും ശാരീരികോപദ്രവങ്ങളും സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചാ വിഷയമാകാറുണ്ട്. ലോകത്തെമ്പാടുമുള്ള വിവിധ സമുദായത്തിൽ പെട്ടവരെ യഥേഷ്ടം സ്വാഗതം ചെയ്യുന്ന വികസിത രാജ്യങ്ങളിൽ പോലും നിറത്തിന്‍റേയും ഭാഷയുടെയും വേഷത്തിന്‍റേയും പേരിൽ അരികുവൽക്കരണം നടക്കുന്നെന്നതിലേക്ക് വെളിച്ചം വീശുന്ന ഇത്തരം സംഭവങ്ങൾ വലിയ ആശങ്കകൾക്ക് വഴിയൊരുക്കുന്നുവെന്ന് അഭിപ്രായപ്പെടുന്നവരും ചില്ലറയല്ല.

TAGS :

Next Story