Quantcast

മസാജിന്‍റെ മറവിൽ 9 മാസത്തിനിടെ പീഡിപ്പിച്ചത് 61 സ്ത്രീകളെ; ആസ്ട്രേലിയയിൽ ഇന്ത്യൻ വംശജനായ മസാജ് തെറാപ്പിസ്റ്റിന് 13 വര്‍ഷം തടവ്

കുറ്റകൃത്യം തെളിഞ്ഞതിനെ തുടർന്ന് ശിക്ഷാ കാലാവധിക്ക് ശേഷം ഇന്ത്യയിലേക്ക് നാടുകടത്തും

MediaOne Logo

Web Desk

  • Published:

    17 May 2026 12:54 PM IST

മസാജിന്‍റെ മറവിൽ 9 മാസത്തിനിടെ പീഡിപ്പിച്ചത് 61 സ്ത്രീകളെ; ആസ്ട്രേലിയയിൽ ഇന്ത്യൻ വംശജനായ മസാജ് തെറാപ്പിസ്റ്റിന് 13 വര്‍ഷം തടവ്
X

സിഡ്നി: ആസ്ട്രേലിയയിൽ മസാജ് തെറാപ്പിസ്റ്റായി ജോലി ചെയ്യവേ 61 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത ഇന്ത്യൻ വംശജന് 13 വർഷവും 10 മാസവും തടവ്. അഡലെയ്ഡിൽ മസാജ് തെറാപ്പിസ്റ്റായി ജോലി ചെയ്തിരുന്ന ഡൽഹി സ്വദേശി സുമിത് സതീഷ് റസ്തോഗിക്ക് (39)ആണ് സൗത്ത് ആസ്ത്രേലിയ ഡിസ്ട്രിക്റ്റ് കോടതി ശിക്ഷ വിധിച്ചത്.

കുറ്റകൃത്യം തെളിഞ്ഞതിനെ തുടർന്ന് ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തും.2021 ഒക്ടോബറിനും 2022 ജൂലൈയ്ക്കും ഇടയിലുള്ള 9 മാസ കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. അഡലെയ്ഡിലെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള ഗ്ലെനെൽഗിലുള്ള മസാജ് സെന്‍ററിൽ എത്തിയ 61 സ്ത്രീകളെയാണ് ഇയാൾ പീഡിപ്പിച്ചത്. ഇവരെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകര്‍ത്തുകയും ചെയ്തു.

2011ലാണ് സുമിത് ഡൽഹിയിൽ നിന്നും അഡലെയ്ഡിലേക്ക് താമസം മാറുന്നത്. ഗുരുതരമായ ലൈംഗിക അതിക്രമം (42 കേസുകൾ), സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ രഹസ്യമായി മൊബൈലിൽ പകർത്തി (55 കേസുകൾ) തുടങ്ങി 97 ഓളം കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഇയാൾ കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു.

പ്രതിക്ക് ആവശ്യമായ യോഗ്യതകളില്ലാതിരുന്നിട്ടും മസാജ് പാർലറിൽ ജോലി ചെയ്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് ജഡ്ജി കാർമെൻ മാറ്റിയോ നിരീക്ഷിച്ചു.സ്ത്രീകളെ ഉപദ്രവിക്കാനും രഹസ്യമായി ചിത്രങ്ങൾ പകർത്താനും തുടങ്ങിയതിനുശേഷം, ഇയാളുടെ ആത്മവിശ്വാസം കൂടുകയും കുറ്റകൃത്യങ്ങൾ നിയന്ത്രണാതീതമാവുകയും ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി.

പീഡനത്തെ തുടര്‍ന്നുണ്ടായ കടുത്ത മാനസികാഘാതത്തിൽ നിന്നും ഇതുവരെ മുക്തമായിട്ടില്ലെന്ന് നിരവധി സ്ത്രീകൾ പറഞ്ഞു. തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളാകേണ്ടിയിരുന്ന ഹണിമൂൺ സമയത്തെ വേദനിപ്പിക്കുന്ന ഓർമയാക്കി മാറ്റിയെന്ന് ഒരു അതിജീവിത കോടതിയിൽ പറഞ്ഞു.

പ്രതിക്ക് മറ്റുള്ളവരുടെ നഗ്നത രഹസ്യമായി കണ്ട് ലൈംഗിക സംതൃപ്തി അടയുന്ന 'വോയറിസ്റ്റിക് ഡിസോർഡർ' എന്ന മാനസികാവസ്ഥയുള്ളതായി മനോരോഗ വിദഗ്ദ്ധർ കോടതിയെ അറിയിച്ചു. എന്നാൽ ഇത് കുറ്റകൃത്യത്തിന്‍റെ ഗൗരവം കുറയ്ക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

TAGS :

Next Story