Quantcast

യുഎസിൽ ഇന്ത്യൻ ടെക്കി പൊലീസിന്‍റെ വെടിയേറ്റ് മരിച്ചു

തെലങ്കാന സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീനാണ് പൊലീസിന്‍റെ വെടിയേറ്റ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    19 Sept 2025 12:02 PM IST

യുഎസിൽ ഇന്ത്യൻ ടെക്കി പൊലീസിന്‍റെ വെടിയേറ്റ് മരിച്ചു
X

വാഷിങ്ടൺ: യുഎസിൽ ഇന്ത്യൻ പൗരൻ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. തെലങ്കാന സ്വദേശിയും സോഫ്റ്റു​വെയര്‍ പ്രഫഷനലുമായ മുഹമ്മദ് നിസാമുദ്ദീനാണ് പൊലീസിന്‍റെ വെടിയേറ്റ് മരിച്ചത്. വാക്ക് തർക്കത്തിനിടെ സുഹൃത്തിനെ നിസാമുദ്ദീൻ ആക്രമിച്ചതാണ് വെടിവെയ്പ്പിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു.

സെപ്റ്റംബർ മൂന്നിന് കാലിഫോർണിയയിലായിരുന്നു സംഭവം. എസി ഇടുന്നതിനെ ചൊല്ലി റൂം മേറ്റുമായി ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് പൊലീസ് വെടിയുതിര്‍ത്തതെന്നാണ് കുടുംബം പറയുന്നത്. നിസാമുദ്ദീൻ വംശീയ അധിക്ഷേപം നേരിട്ടിരുന്നതായും കുടുംബം ആരോപിച്ചു. സാന്താ ക്ലാരയിലെ വസതിയിൽ കത്തിയുമായി കണ്ടെത്തിയതിനെ തുടർന്നാണ് വെടിവച്ചതെന്നാണ് പൊലീസിന്റെ വാദം. റൂമിലുണ്ടായിരുന്ന ആൾക്ക് കുത്തേറ്റിരുന്നു. ഇയാളെ കെട്ടിയിട്ട നിലയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഫ്ലോറിഡയിലെ ഒരു കോളജിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ നിസാമുദ്ദീൻ കാലിഫോർണിയയിലെ സാന്താ ക്ലാരയിലെ ഒരു ടെക് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ശാന്ത സ്വഭാവക്കാരനാണ് മകനെന്നും വംശീയ പീഡനം നേരിട്ടിരുന്നതായി മകൻ പറഞ്ഞിരുന്നതായും നിസാമുദ്ദീന്റെ കുടുംബം പറഞ്ഞു. പൊലീസിനെ സഹായത്തിനായി വിളിച്ചത് നിസാമുദ്ദീനാണെന്നും കുടുംബം പറഞ്ഞു.

എമ‍ജൻസി നമ്പരിൽ വിളിച്ചപ്പോഴാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് ഉദ്യോഗസ്ഥ‍ർ വ്യക്തമാക്കി. നിസാമുദ്ദീനും റൂംമേറ്റും തമ്മിലുള്ള സംഘ‍ർഷം ആക്രമണത്തിലേക്കെത്തിയതിന് പിന്നാലെയാണ് സന്ദേശം ലഭിച്ചതെന്നാണ് പൊലീസ് കരുതുന്നത്. തങ്ങൾ എത്തുമ്പോൾ റുംമേറ്റ് കുത്തേറ്റ് പരിക്കുകളോടെ കിടക്കുകയായിരുന്നു. ഇയാളെ കെട്ടിയിട്ട നിലയിലായിരുന്നു. നിസാമുദ്ദീന്‍റെ കൈവശം ചോരപുരണ്ട കത്തിയുമുണ്ടായിരുന്നു. ഇയാൾ അക്രമാസക്തനായതോടെയാണ് വെടി വെച്ചത്. പിന്നീട് നിസാമുദ്ദീനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുത്തേറ്റ യുവാവ് ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.

TAGS :

Next Story