'ഇന്ത്യക്കാർ നമ്മളെ വീണ്ടും സ്നേഹിക്കും': വ്യാപാരക്കരാറിന്റെ സൂചന നൽകി ട്രംപ്
ഇന്ത്യയ്ക്ക് മേൽ ചുമത്തിയ ഉയർന്ന താരിഫ് കുറയ്ക്കുന്നതിനെ കുറിച്ചും ട്രംപ് സൂചന നൽകി

വാഷിങ്ടൺ: ഇന്ത്യയുമായി വ്യാപാരക്കരാറിൽ ഒപ്പുവെക്കുമെന്ന സൂചനകളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയ്ക്ക് മേൽ ചുമത്തിയ ഉയർന്ന താരിഫ് കുറയ്ക്കുന്നതിനെ കുറിച്ചും ട്രംപ് സൂചന നൽകി. ഇന്ത്യൻ അംബാഡറായി സെർജിയോ ഗോർ സ്ഥാനമേറ്റെടുക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യയുമായി ഒരു കരാറിലേക്ക് നീങ്ങുകയാണ് ഞങ്ങൾ. മുമ്പുണ്ടായിരുന്നതിനേക്കാളും വ്യത്യസ്തമായിരിക്കും ഇത്തവണ. അവർക്ക് നമ്മളോട് ഇപ്പോ അത്ര സ്നേഹമൊന്നുമില്ല. എന്നാലും തികച്ചും ന്യായമായൊരു കരാറിനെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. അവരുമായി സെർജിയോ നന്നായി സംസാരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ കരാർ എല്ലാവരുടെയും നല്ലതിനായിരിക്കും.' ട്രംപ് പറഞ്ഞു.
ഗോറിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവേ, ഇന്ത്യയുമായുള്ള വ്യാപാരക്കരാർ എത്രത്തോളം തൊട്ടടുത്താണെന്നും കരാർ അംഗീകരിക്കുകയാണെങ്കിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ താരിഫ് കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
'റഷ്യൻ ഓയിലിന്റെ ഇറക്കുമതി കാരണമാണ് നിലവിൽ ഇന്ത്യയ്ക്ക് മേൽ താരിഫ് ഉയർത്തിയത്. ഇപ്പോൾ ഇന്ത്യ റഷ്യൻ ഓയിലിന്റെ ഇറക്കുമതി നിയന്ത്രിച്ചിരിക്കുകയാണ്. ഇനി അധികം വൈകാതെ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ താരിഫ് കുറയ്ക്കുന്നതായിരിക്കും.' ട്രംപ് കൂട്ടിച്ചേർത്തു.
നേരത്തെ, ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരബന്ധം സുഗമമായി മുന്നോട്ടുപോകുന്നുവെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ പ്രതികരിച്ചിരുന്നു.
Adjust Story Font
16

