Quantcast

ശബ്ദമേറെ ഉണ്ടാകും ഈ നിശബ്ദതയ്ക്ക് - ഗസ്സയ്ക്കായി വേറിട്ടൊരു ക്യാമ്പെയ്ൻ

'ഗസ്സയ്ക്കായുള്ള നിശബ്ദത' എന്നത് ഫലസ്തീൻ കവി മഹ്‌മൂദ് ദർവേഷ് 1973ൽ എഴുതിയ കവിതയിലെ വാചകമാണ്. അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡിജിറ്റൽ കാമ്പയിനിനും അതെ പേര് നൽകിയിരിക്കുന്നത്. എന്തുതന്നെയായാലും ഈ കാമ്പയിന്റെ ഭാഗമാകാൻ ആയിരകണക്കിന് പേരാണ് മുന്നോട്ടുവരുന്നത്.

MediaOne Logo

Web Desk

  • Published:

    5 July 2025 9:00 PM IST

ശബ്ദമേറെ ഉണ്ടാകും ഈ നിശബ്ദതയ്ക്ക് - ഗസ്സയ്ക്കായി വേറിട്ടൊരു ക്യാമ്പെയ്ൻ
X

'ഡിജിറ്റൽ ലോകത്ത് ഗസ്സയ്ക്കായി അരമണിക്കൂർ നിശബ്ദത';-ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയോടും അതിനോട് ആഗോളസമൂഹം പുലർത്തുന്ന നിസ്സംഗതയോടുമുള്ള പുതിയ പ്രതിഷേധ കാമ്പയിൻ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഗസ്സൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പലവിധ ആഗോള മുന്നേറ്റങ്ങളുടെ പുതിയ രൂപമാണ് 'സൈലൻസ് ഫോർ ഗസ്സ' എന്ന കാമ്പയിൻ. ലോകമെമ്പാടുമുള്ള ഇന്റര്നവട്ട ഉപയോക്താക്കളോട് രാത്രി ഒമ്പതുമുതൽ ഒൻപതരവരെ അരമണിക്കൂർ ഇന്റർനെറ്റ് ഉപയോഗം നിർത്തിവയ്ക്കാനാണ് കാമ്പയിൻ ആവശ്യപ്പെടുന്നത്. കമ്പ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ ഫോൺ ഉൾപ്പെടെ എല്ലാം ഓഫാക്കി വയ്ക്കാനും ഈ സമയത്ത് യാതൊരുവിധ ഇന്റർനെറ്റ് സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാനുമാണ് കാമ്പയിൻ അഭ്യർത്ഥിക്കുന്നത്

ലോകമെമ്പാടുമുള്ള പൗരന്മാർ ഇങ്ങനെ ഒരേസമയം ഇന്റർനെറ്റ് ഉപയോഗം നിർത്തിവയ്ക്കുന്നതിലൂടെ ഗസ്സയ്ക്ക് വേണ്ടിയുള്ള ശക്തമായ സന്ദേശം എത്തിക്കാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. കൂടാതെ ഇന്റർനെറ്റ് അൽഗോരിതത്തെ തന്നെ താളംതെറ്റിക്കാനും ഇതിലൂടെ സാധിച്ചേക്കും. ഉപയോക്താക്കളുടെ ഉപയോഗം അടിസ്ഥാനമാക്കിയാണ് അപ്പുകളിലെ അൽഗോരിതം പ്രവർത്തിക്കുന്നത്. ചെറിയ ഇടവേളയിലാണെങ്കിലും പെട്ടെന്ന് കൂട്ടായി, അതിലുണ്ടാകുന്ന മാറ്റങ്ങൾ തത്സമയ ഇന്റർനെറ്റ് ട്രാഫിക്കിന്റെ സ്ഥിതിവിവരകണക്കുകളെ മുഴുവനായി ബാധിക്കും, ഒപ്പം അൽഗോരിതത്തിന്റെ ഇതുവരെയുണ്ടായിരുന്ന വിലയിരുത്തലുകളെയും അത് താളം തെറ്റിക്കുമെന്നാണ് കരുതപ്പെടുന്നത്.

സാങ്കേതികമായ ഈ ആഘാതത്തിന് പുറമെ, പ്രതീകാത്മകവും സാമൂഹികമായ സന്ദേശം കൂടിയാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇന്റെർനെറ്റിനാൽ ബന്ധപ്പെട്ടുകിടക്കുന്ന ലോകത്ത്, ഡിജിറ്റൽ നിശബ്ദത എന്നത് ശക്തമായൊരു പ്രസ്താവന കൂടിയാണ്. അതുകൊണ്ടുതന്നെ ആ നിശ്ശബ്ദതയോടും അതുയർത്തുന്ന വിഷയത്തോടും മുഖം തിരിക്കാൻ ലോകത്തിനാകില്ല എന്നുമാണ് ക്യാമ്പയിന്റെ പിന്നിലുള്ളവരെ ചൂണ്ടിക്കാട്ടുന്നത്.

തെരുവുകളിൽ നടക്കുന്ന ഗസ്സയ്ക്ക് വേണ്ടിയുള്ള പ്രതിഷേധങ്ങളെ ഭരണകൂടങ്ങൾ അടിച്ചൊതുക്കാൻ ശ്രമങ്ങൾ നടക്കുമ്പോഴാണ് ഇത്തരമൊരു ക്യാമ്പയിന്റെ പ്രസക്തി കൂടുതൽ വെളിവാകുന്നത്. ഫലസ്തീന് വേണ്ടിയുള്ള ബോയ്‌കോട്ട്, ഡൈവെസ്റ്റ്, സാങ്ഷൻ അഥവാ ബി ഡി എസ് മുന്നേറ്റവും ലോകത്ത് വ്യാപകമാകുന്നുണ്ട്. അതിന്റെ പ്രതിഫലനങ്ങൾ പതിയെ ആണെങ്കിൽ സൈലൻസ് ഫോർ ഗസ്സ എന്ന പുതിയ കാമ്പയിനിന്റെ അനുരണങ്ങൾ ഉടനടി ഉണ്ടായേക്കും. കാരണം അത് പിടിച്ചുലയ്ക്കാൻ പോകുന്നത് ടെക് ഭീമന്മാരെയായിരിക്കും. അതുവഴി, അമേരിക്ക ഉൾപ്പെടെയുള്ള, ഗസ്സൻ വംശഹത്യയ്ക്ക് കുട ചൂടുന്നവർക്കുമേലും സമ്മർദ്ദം ശക്തമായേക്കും എന്നാണ് വിലയിരുത്തൽ.

'ഗസ്സയ്ക്കായുള്ള നിശബ്ദത' എന്നത് ഫലസ്തീൻ കവി മഹ്മൂദ് ദർവേഷ് 1973ൽ എഴുതിയ കവിതയിലെ വാചകമാണ്. അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡിജിറ്റൽ കാമ്പയിനിനും അതെ പേര് നൽകിയിരിക്കുന്നത് എന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്തുതന്നെയായാലും ലോകമെമ്പാടും ഈ കാമ്പയിന്റെ ഭാഗമാകാൻ ആയിരകണക്കിന് പേരാണ് മുന്നോട്ടുവരുന്നത്.

അതിനിടെ, ഗസ്സയിൽ താത്കാലിക വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണ്. 60 ദിവസത്തെ വെടിനിർത്തൽ കരാറിനോട് ഹമാസ് അനുകൂല സമീപനമാണ് സ്വീകരിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. ബന്ദികളുടെ മോചനം, ഗസ്സയിലേക്കുള്ള സഹായവിതരണം ഉൾപ്പെടെയുള്ള ഉപാധികളാണ് കരാറിന്റെ കീഴിലുള്ളത്. സഹായവിതരണ കേന്ദ്രങ്ങൾ യു എൻ ഏജൻസികൾക്കും ഫലസ്തീൻ റെഡ് ക്രെസന്റ് സൊസൈറ്റിക്കും കൈമാറണണമെന്നും കരാറിൽ പറയുന്നുണ്ട്.

കരാർ നിലവിൽ വന്ന ശേഷം, ഇസ്രായേലി അധിനിവേശം പൂർണമായി അവസാനിപ്പിക്കാനുള്ള ചർച്ചകളും ആരംഭിക്കും. ഇസ്രായേൽ കരാർ അംഗീകരിച്ചിട്ടുണ്ടെന്ന് നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം ഹമാസും അനുകൂല സമീപനം സ്വീകരിച്ചുവെന്ന് റിപ്പോർട്ട് പുറത്തുവന്നത്.

TAGS :

Next Story