Quantcast

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; നടപടി ലെബനാനിലെ വെടിനിര്‍ത്തലിന് പിന്നാലെ

എല്ലാ വാണിജ്യ കപ്പലുകള്‍ക്കും വെടിനിര്‍ത്തല്‍ ധാരണ നിലനില്‍ക്കുന്ന കാലയളവില്‍ ഹോര്‍മുസിലൂടെ നിയന്ത്രണമില്ലാതെ കടന്നുപോകാമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-04-17 14:02:01.0

Published:

17 April 2026 7:16 PM IST

Oman and Iran hold high-level talks to secure ‘smooth passage’ through Strait of Hormuz
X

തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് അടച്ചിട്ട ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ തുറന്നു. ലെബനാനില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് പിന്നാലെയാണ് ഹോര്‍മുസ് തുറന്നത്. എല്ലാ വാണിജ്യ കപ്പലുകള്‍ക്കും വെടിനിര്‍ത്തല്‍ ധാരണ നിലനില്‍ക്കുന്ന കാലയളവില്‍ ഹോര്‍മുസിലൂടെ നിയന്ത്രണമില്ലാതെ കടന്നുപോകാമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് പ്രഖ്യാപനം നടത്തിയത്.

ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിന് പിന്നാലെയാണ് ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണമായും നിലച്ചത്. അന്താരാഷ്ട്ര ഊര്‍ജഗതാഗതത്തില്‍ അതിനിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് അടച്ചത് ലോകമാകെ ഊര്‍ജപ്രതിസന്ധിക്ക് വരെ കാരണമായിരുന്നു.

ഇറാനെ ആക്രമിക്കുന്നതിന് മുന്നോടിയായി വിമാനവാഹിനി കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡിനെ ട്രംപ് പശ്ചിമേഷ്യന്‍ മേഖലയില്‍ വിന്യസിച്ചപ്പോളാണ് ഇറാന്‍ പ്രതിരോധ നടപടിയെന്നോണം ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി അടച്ചത്. യുദ്ധം തുടങ്ങിയതോടെ ഹോര്‍മുസ് പൂര്‍ണമായി അടക്കുകയും അനുമതിയില്ലാതെ കടക്കുന്ന കപ്പലുകള്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. 1980കള്‍ക്ക് ശേഷം ആദ്യമായാണ് ഇറാന്‍ ഹോര്‍മുസ് അടച്ചിട്ടത്.

പേര്‍ഷ്യന്‍ ഗള്‍ഫിനെയും ഒമാന്‍ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയാണ് ഹോര്‍മുസ്. ഹോര്‍മുസിന്റെ വടക്കന്‍ തീരത്ത് ഇറാനും തെക്കന്‍ തീരത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഒമാന്റെ ഭാഗമായ മുസന്ദവുമാണ്. ലോകത്ത് പ്രതിദിനം ഉപയോഗിക്കുന്ന എണ്ണയുടെ ഏകദേശം 20% മുതല്‍ 30% വരെ ഈ ഇടുങ്ങിയ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്. പശ്ചിമേഷ്യയിലെ പ്രധാന എണ്ണ, വാതക കയറ്റുമതിക്കാര്‍ അന്താരാഷ്ട്ര വിപണികളിലേക്ക് വിതരണം ചെയ്യുന്നതിന് ഈ ചാനലിനെയാണ് ആശ്രയിക്കുന്നത്.

ഹോര്‍മുസ് അടച്ചതോടെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എണ്ണ, പ്രകൃതിവാതക ഗതാഗതം പാടെ നിലച്ചിരുന്നു. ഇതോടെ ലോകമാകമാനം ഊര്‍ജപ്രതിസന്ധിയും നേരിട്ടു. ആഗോള സമ്മര്‍ദത്തെ തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഹോര്‍മുസ് സൈനികനടപടിയിലൂടെ തുറക്കാന്‍ നീക്കം നടത്തിയെങ്കിലും ലോകരാഷ്ട്രങ്ങള്‍ പിന്തുണച്ചിരുന്നില്ല. തുടര്‍ന്നാണ് ഇപ്പോള്‍ ഇറാനിലെ വെടിനിര്‍ത്തലിന് പിന്നാലെ ലെബനാനിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ കടലിടുക്ക് ഇറാന്‍ തന്നെ തുറന്നിരിക്കുന്നത്.


TAGS :

Next Story