ഇസ്രായേലിൽ വീണ്ടും ഇറാന്‍റെ ആക്രമണം; യുഎസ് കേന്ദ്രങ്ങൾക്ക് നേരെ തിരിച്ചടിക്ക് സാധ്യത
ഇസ്രായേലിൽ ഉടനീളം അപായ സൈറണുകൾ മുഴങ്ങി

representative image
തെല്‍ അവിവ്: ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാനിൽ നിന്ന് വീണ്ടും കനത്ത മിസൈൽ ആക്രമണം.ഇസ്രായേലിൽ ഉടനീളം അപായ സൈറണുകൾ മുഴങ്ങി. രാത്രി ഇറാൻ നഗരങ്ങളായ തെഹ്റാന്‍, ഇസ്‍ഫഹാൻ, ഖറാജ് എന്നിവിടങ്ങൾക്ക് നേരെ ഇസ്രായേലിന്റെ വ്യാപക വ്യോമാക്രമണവും നടന്നു.
ഇറാനെതിരായ ആക്രമണത്തിൽ വിജയ വഴിയിലാണ് തങ്ങളെന്നും യുദ്ധം ഏത് വരെ തുടരും എന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു പറഞ്ഞു. ഇന്നും നാളെയുമായി യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി.
മൂന്ന് ആണവ കേന്ദ്രങ്ങളിൽ നടന്ന ആക്രമണത്തിന് അമേരിക്കക്ക് നൽകുന്ന തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ ഇറാൻ കൂടിയാലോചന തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരിമിത സ്വഭാവത്തിലുള്ള തിരിച്ചടി മതിയെന്നാണ് ഇറാന്റെ തീരുമാനം എന്നാണ് സൂചന. ഹോർമൂസ് കടലിടുക്ക് അടച്ചിടുന്നതുൾപ്പടെ കടുത്ത നടപടികളിലേക്ക് നീങ്ങരുതെന്ന് അയൽ രാജ്യങ്ങൾ ഇറാനോട് ആവശ്യപ്പെട്ടതായാണ് വിവരം. ഇറാൻ വിദേശകാര്യ മന്ത്രി ഇന്ന് മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് പുടിനുമായി നടത്തുന്ന ചർച്ച നിർണായകമാണ്. യുഎസ് ആക്രമണത്തെ അപലപിച്ചു കൂടുതൽ രാജ്യങ്ങൾ രംഗത്ത് വന്നത് ഇറാന്റെ നയതന്ത്ര വിജയമായാണ് വിലയിരുത്തൽ. രാത്രി ചേർന്ന യുഎൻ രക്ഷാസമിതി യോഗം പുതിയ സംഭവങ്ങളിൽ ആശങ്ക രേഖപ്പെടുത്തി.
അതേസമയം, ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈ ആവശ്യപ്പെട്ടാൽ ഒരാഴ്ചക്കകം വെടിനിർത്തലിന് തയ്യാറെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. ഒരാഴ്ചക്കകം ആക്രമണം അവസാനിപ്പിക്കാനും നീക്കമെന്ന് റിപ്പോർട്ടുകൾ. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങളുടേതാണ് റിപ്പോർട്ട്.
നതാൻസിലെ ആണവകേന്ദ്രം ഇപ്പോൾ ഇല്ലെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്. ഫോർദോയിലും ഇസ്ഫഹാനിലും കനത്ത നാശനഷ്ടമുണ്ടാക്കാനായി. ഇസ്രായേലിനെ ഇനിയും ആക്രമിക്കാനാണ് ശ്രമമെങ്കിൽ യുദ്ധം നീളം. യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചാൽ അവർ തന്നെ തിരിച്ചടിക്കുമെന്നും ഇസ്രായേൽ സൈനിക വക്താവ് പറഞ്ഞു.
അതേസമയം ഇറാന്റെ ആണവപദ്ധതി ഇല്ലാതാക്കുന്നതിൽ നിന്ന് ഇപ്പോഴും അകലെയാണെന്ന് ഇസ്രായേൽ വ്യക്തമാക്കി. ആണവ കേന്ദ്രങ്ങളിൽ കനത്ത ആക്രമണം നടത്താനായെന്നും ഇസ്രായേലിന്റെ വിലയിരുത്തൽ. ഇറാന്റെ ആണവ പദ്ധതി 10 വർഷം പിന്നിലാക്കാൻ കഴിഞ്ഞെന്നും സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Adjust Story Font
16

