അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണെ ആക്രമിച്ചെന്ന് ഇറാന്‍
കപ്പലിന് കേടുപാടുകൾ സംഭവിച്ചുവെന്നും മേഖലയിലെ സമുദ്രാതിർത്തിയിൽ നിന്ന് പിന്മാറാൻ കപ്പൽ നിർബന്ധിതരായെന്നും ഐആര്‍ജിസി

- Published:
13 March 2026 4:53 PM IST

തെഹ്റാന്‍: അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആര്‍ജിസി).
ഈ ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചുവെന്നും മേഖലയിലെ സമുദ്രാതിർത്തിയിൽ നിന്ന് പിന്മാറാൻ കപ്പൽ നിർബന്ധിതരായെന്നും ഐആര്‍ജിസി അവകാശപ്പെടുന്നു. എന്നാൽ, അമേരിക്ക ഈ അവകാശവാദം സ്ഥിരീകരിച്ചിട്ടില്ല. ഒരു ഇറാനിയൻ കപ്പലിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായെന്നും അതിന് മറുപടി നല്‍കിയെന്നുമാണ് യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
ഒമാൻ കടലിന് സമീപമുള്ള ജലാത്തിർത്തിയിലുണ്ടായിരുന്ന വിമാനവാഹിനിക്കപ്പലിനെ ലക്ഷ്യമിട്ട് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് നേവി, ക്യത്യതയാര്‍ന്നൊരു ആക്രമണം നടത്തിയെന്നാണ് ഇറാനിയൻ സ്റ്റേറ്റ് മീഡിയയായ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനിയൻ സമുദ്രാതിർത്തിയിൽ നിന്ന് ഏകദേശം 340 കിലോമീറ്റർ അകലെ വെച്ച് അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് കപ്പലിന് നേരെ ആക്രമണം നടത്തിത്. ഐആർജിസി നടത്തിയ ആക്രമണം വിമാനവാഹിനിക്കപ്പലിൻ്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തിയെന്നും അതോടെ ആ പ്രദേശത്ത് നിന്ന് അതിവേഗം പിന്മാറാൻ നിർബന്ധിതരാക്കിയെന്നും പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
തങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനും മേഖലയിലെ വിദേശ സൈനിക സമ്മർദം തടയുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആക്രമണം എന്നാണ് ഇറാനിയൻ അധികൃതർ ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്. അതേസമയം നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചൊന്നും ഇറാനിയൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നില്ല. അമേരിക്കൻ സൈനിക താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയതായി ഇറാനിയൻ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നുണ്ട്.
Adjust Story Font
16
