ഹോർമുസിൽ ഇന്ത്യൻ ഓയിൽ ടാങ്കറിന് നേരെ വെടിയുതിർത്ത് ഇറാൻ
ഹോർമുസിൽ വീണ്ടും ഉപരോധങ്ങൾ കടുപ്പിച്ച് ഇറാൻ

- Updated:
2026-04-18 15:31:54.0

തെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ വെച്ച് ഏകദേശം 20 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി പോയിരുന്ന 'ജഗ് അർണവ്' എന്ന ഇന്ത്യൻ ടാങ്കറിന് നേരെ ഇറാന്റെ വിപ്ലവ ഗാർഡുകൾ വെടിയുതിർത്തതായി റിപ്പോർട്ട്. ആക്രമണത്തിൽ കപ്പലിലെ ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും കപ്പലിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഒമാൻ തീരത്തുനിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്ക് വെച്ചാണ് ഇറാന്റെ രണ്ട് ഗൺബോട്ടുകൾ ടാങ്കറിന് നേരെ വെടിയുതിർത്തതെന്ന് യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് റിപ്പോർട്ട് ചെയ്യുന്നു. ഇറാഖിൽ നിന്നുള്ള എണ്ണയുമായി പോവുകയായിരുന്ന ഈ സൂപ്പർ ടാങ്കറിനൊപ്പം 'സൻമാർ ഹെറാൾഡ്' എന്ന മറ്റൊരു ഇന്ത്യൻ കപ്പലും ഈ സമയത്ത് മേഖലയിൽ ഉണ്ടായിരുന്നു. ആക്രമണത്തെത്തുടർന്ന് രണ്ട് കപ്പലുകളും യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങിയതായാണ് വിവരങ്ങൾ.
ഹോർമുസ് കടലിടുക്കിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം. അന്താരാഷ്ട്ര തലത്തിൽ തങ്ങൾ നേരിടുന്ന ഉപരോധങ്ങൾക്കും സമ്മർദങ്ങൾക്കും മറുപടിയായി കടൽപ്പാതയിൽ 'കർശന നിരീക്ഷണം' ഏർപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇറാൻ വക്താക്കൾ അവകാശപ്പെടുന്നു.
ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന പാതയായതിനാൽ, ഹോർമുസിലെ ഈ സംഘർഷാവസ്ഥ ആഗോള എണ്ണവിലയെ ബാധിക്കാൻ സാധ്യതയുണ്ട്. നിലവിൽ ഇന്ത്യൻ നാവികസേന മേഖലയിൽ നിരീക്ഷണം ശക്തമാക്കുകയും സ്ഥിതിഗതികൾ വിലയിരുത്തി വരികയുമാണ്.
അതേസമയം, ഹോർമുസിൽ വീണ്ടും ഉപരോധങ്ങൾ കടുപ്പിച്ച് ഇറാൻ. തങ്ങളുടെ തുറമുഖങ്ങൾക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കുന്നത് വരെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടയുന്നത് തുടരുമെന്ന് ഇറാന്റെ സംയുക്ത സൈനിക കമാൻഡ് അറിയിച്ചു. കടലിടുക്കിന്റെ നിയന്ത്രണം പൂർണമായും തങ്ങളുടെ സായുധ സേനയുടെ കീഴിലായെന്നും മുൻപത്തെ അവസ്ഥയിലേക്ക് കാര്യങ്ങൾ മടങ്ങി വന്നതായും ഇറാൻ വ്യക്തമാക്കി.
വെള്ളിയാഴ്ച ഇറാൻ കടലിടുക്ക് തുറന്നു കൊടുക്കാൻ തീരുമാനിച്ചെങ്കിലും, ആണവ കരാർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഒരു ധാരണയിൽ എത്തുന്നത് വരെ ഉപരോധം തുടരുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്റെ ഈ നീക്കം. കപ്പലുകൾക്ക് ഇറാനിലേക്കുള്ള സഞ്ചാരസ്വാതന്ത്ര്യം അമേരിക്ക പുനഃസ്ഥാപിക്കാതെ നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ഇതിനെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ച പത്തോളം കപ്പലുകൾ ശനിയാഴ്ച തിരിച്ചുപോയതായി വെസൽ ട്രാക്കിങ് ഡാറ്റയെ ഉദ്ധരിച്ച് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഈ പാത യുദ്ധത്തെത്തുടർന്ന് ഏകദേശം രണ്ടു മാസത്തോളം അടഞ്ഞുകിടന്നത് ആഗോളതലത്തിൽ എണ്ണവിലയെയും വിതരണത്തെയും സാരമായി ബാധിച്ചിരുന്നു.
Adjust Story Font
16
