Quantcast

പരസ്പരവിരുദ്ധമായ കാര്യങ്ങൾ ട്രംപ് മുൻപും പറഞ്ഞിട്ടുണ്ട്, നിബന്ധനകളിൽ വിട്ടുവീഴ്ചയില്ല, ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുന്നു: ഇറാൻ

ഹോർമുസ് തുറക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച ഏഴ് ദിന റോഡ്മാപ്പ് പദ്ധതി ട്രംപ് തള്ളിക്കളഞ്ഞതിന് തൊട്ടുപിന്നാലെയാണ് അരാഗ്ചിയുടെ പ്രതികരണം.

MediaOne Logo
പരസ്പരവിരുദ്ധമായ കാര്യങ്ങൾ ട്രംപ് മുൻപും പറഞ്ഞിട്ടുണ്ട്, നിബന്ധനകളിൽ വിട്ടുവീഴ്ചയില്ല, ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുന്നു: ഇറാൻ
X

തെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമായി തങ്ങൾ മുന്നോട്ടുവെച്ച നിബന്ധനകളിൽ വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. പരസ്പരവിരുദ്ധമായ പല പ്രസ്താവനകളും ട്രംപ് മുൻകാലങ്ങളിൽ നടത്തിയിട്ടുണ്ടെന്നും മധ്യസ്ഥർ മുഖേനെയുള്ള ഔദ്യോഗിക പ്രതികരണങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് തുറക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച ഏഴ് ദിന റോഡ്മാപ്പ് പദ്ധതി ട്രംപ് തള്ളിക്കളഞ്ഞതിന് തൊട്ടുപിന്നാലെയാണ് അരാഗ്ചിയുടെ പ്രതികരണം.

'യുഎസ് പ്രസിഡന്‍റിന്‍റെ ആദ്യപ്രതികരണം ഞങ്ങൾ കേട്ടിരുന്നു. അത് കാര്യമാക്കുന്നില്ല. അദ്ദേഹം മുൻപും സമാനമായ രീതിയിൽ സംസാരിച്ചിട്ടുണ്ട്. മധ്യസ്ഥർ മുഖേനെയുള്ള ഔദ്യോഗിക പ്രതികരണങ്ങൾക്കായി കാത്തിരിക്കുകയാണ് ഞങ്ങൾ'. അരാഗ്ചിയെ ഉദ്ദരിച്ച് ഇറാൻ മാധ്യമങ്ങൾ വ്യക്തമാക്കി. അതിന് ശേഷം മാത്രമായിരിക്കും അന്തിമതീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂയോർക്കിൽ വെച്ചുനടക്കുന്ന 81-ാമത് യുഎൻ ജനറൽ അസംബ്ലിക്കിടെയാണ് ഇറാൻ ഏഴ് ദിന പദ്ധതികൾ യുഎസിന് മുന്നിലേക്ക് വെച്ചുനീട്ടിയിരുന്നത്. കപ്പൽപാത തുറക്കുന്നത് തങ്ങൾ നേരത്തെ മുന്നോട്ടുവെച്ച നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും അമേരിക്കയുടെ പ്രതികരണം അനുസരിച്ചായിരിക്കും അന്തിമതീരുമാനമെന്നും അരാഗ്ചി മാധ്യമങ്ങളോട് പറഞ്ഞു.

'ഞങ്ങളുടെ നിബന്ധനകൾ വ്യക്തമാണ്. അത് അംഗീകരിച്ചുകൊണ്ട്, മധ്യസ്ഥശ്രമത്തിലൂടെ മാത്രമേ മുന്നോട്ടുപോകാനാകൂ. അല്ലാതെ ഹോർമുസിന് നേരെയുള്ള ഏത് ആക്രമണവും നേരിടാൻ ഇറാൻ സേന ഒരുക്കമാണ്'. അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, അമേരിക്കയുമായി ഇനി നടക്കുന്ന ചർച്ചകളിൽ ഒട്ടും വിശ്വാസമില്ലെന്ന് ഇറാൻ പ്രസിഡന്‍റ് മസ്ഊദ് പെസെഷ്കിയാനും പ്രതികരിച്ചിരുന്നു. മുൻപ് നടന്ന ചർച്ചകൾക്ക് പിന്നാലെയും അമേരിക്ക സൈനിക ആക്രമണങ്ങളും ഉപരോധങ്ങളും ശക്തമാക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം അൽജസീറക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി. അമേരിക്കയുമായി ഏത് അടിത്തറയിലാണ് ഇനിയൊരു ധാരണയിലെത്തുകയെന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ തുറമുഖങ്ങൾക്കെതിരെയുള്ള നാവിക ഉപരോധം അമേരിക്ക അവസാനിപ്പിക്കു, ഇറാന്‍റെ എണ്ണ വിൽപ്പനക്ക് മേലുള്ള ഉപരോധങ്ങൾ അവസാനിപ്പിക്കുക, മരവിപ്പിച്ച 12 ബില്യൺ ഡോളറിന്‍റെ ഇറാനിയൻ സ്വത്തുക്കൾ വിട്ടുനൽകുക, ലെബനാനും യെമനും ഉൾപ്പെടുന്ന മേഖലയിലുടനീളം സമ്പൂർണ വെടിനിർത്തൽ നടപ്പിലാക്കുകയെന്നതാണ് ഇറാൻ മുന്നോട്ടുവെച്ച കരാറിലെ പ്രധാന നിബന്ധനകൾ.

TAGS :

Next Story