'അമേരിക്കയുടെ വാക്കുംകേട്ട് ഇറങ്ങാൻ നിൽക്കേണ്ട': ഭരണകൂട വിരുദ്ധ പ്രതിഷേധക്കാർക്ക് മുന്നറിയിപ്പുമായി ഇറാൻ
ശത്രുവിന്റെ താൽപ്പര്യപ്രകാരം ഏതെങ്കിലും ഇറാനികൾ തെരുവിലിറങ്ങിയാൽ, ഞങ്ങൾ അവരെ പ്രതിഷേധക്കാരായോ മറ്റോ കാണില്ലെന്ന് ഇറാന്‍ പൊലീസ് മേധാവി

- Published:
12 March 2026 10:07 AM IST

അമേരിക്ക-ഇസ്രായേൽ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുതിർന്ന ഇറാനിയൻ സൈനിക ഉദ്യോഗസ്ഥരുടെയും സാധാരണക്കാരുടെയും ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നവര്‍
തെഹ്റാന്‍: രാജ്യത്തിനകത്തെ ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങൾക്കെതിരെ ശക്തമായി നടപടിയെടുക്കുമെന്ന് ഇറാനിയൻ അധികൃതരുടെ മുന്നറിയിപ്പ്.
ഇസ്രായേലും അമേരിക്കയും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആര്‍ജിസി) പാരാമിലിട്ടറി വിഭാഗമായ ബസീജ് സേനയെ ലക്ഷ്യമിടുമെന്ന് വ്യക്തമാക്കിയിരുന്നു. ഇറാനിലെ നിലവിലെ ഭരണം ഇല്ലാതാക്കാന്‍ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പറഞ്ഞിരുന്നു.
ഇതിനായി ഇറാനികൾ രംഗത്ത് എത്തണമെന്നും അവസരം മുതലാക്കാൻ തയ്യാറായിരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഈ പശ്ചാതലത്തിലാണ് ഇറാന്റെ മുന്നറിയിപ്പ്. ശത്രുവിന്റെ താൽപ്പര്യപ്രകാരം ഏതെങ്കിലും ഇറാനികൾ തെരുവിലിറങ്ങിയാൽ, ഞങ്ങൾ അവരെ പ്രതിഷേധക്കാരായോ മറ്റോ കാണില്ലെന്നും മറിച്ച് ശത്രുക്കളായിട്ടായിരിക്കും കണക്കാക്കുകയെന്നും ഇറാനിയൻ പൊലീസ് മേധാവി അഹമ്മദ്-റേസ റാദാൻ പറഞ്ഞു.
ഒരു ശത്രുവിനോട് ഞങ്ങൾ എന്താണോ ചെയ്യുന്നത് അത് തന്നെയായിരിക്കും അവരോടും ചെയ്യുക. ഞങ്ങളുടെ വിപ്ലവത്തെ സംരക്ഷിക്കാനും, ജനങ്ങളെയും രാജ്യത്തെയും പിന്തുണയ്ക്കാനും ഞങ്ങളുടെ ആളുകളെല്ലാം വിരലുകൾ കാഞ്ചിയിൽ വെച്ച് തയ്യാറായിക്കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് വിലക്കയറ്റത്തിനെതിരെയും മറ്റും ഇറാനില്‍ പ്രക്ഷോഭം അരങ്ങേറിയിരുന്നു. അന്ന്, സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയിലാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്താക്രണം. പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലും അമേരിക്കയും ഇസ്രായേലുമാണെന്നാണ് ഇറാന്‍ ഭരണകൂടം ആരോപിക്കുന്നത്.
പ്രതിഷേധങ്ങളെത്തുടർന്നും ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആരംഭിച്ച യുദ്ധത്തിന് ശേഷവും തെഹ്റാനിലെയും രാജ്യത്തുടനീളമുള്ള മറ്റ് നഗരങ്ങളിലെയും തെരുവുകളിൽ പൊലീസും പാരാമിലിട്ടറി വിഭാഗമായ ബാസിജും പട്രോളിംഗ് നടത്തുന്നുണ്ട്. ഇതുകൊണ്ടാണ് ഇവരെ ആക്രമിക്കുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തുന്നത്. ചെക്ക് പോസ്റ്റുകളുള്‍പ്പെടെ സ്ഥാപിച്ച് കര്‍ശന പരിശോധനകാണ് ഇവര്‍ നടത്തുന്നത്. ഭരണകൂട വിരുദ്ധ വികാരങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിക്കൊണ്ട് കവചിത വാഹനങ്ങളില്‍ ഇവര്‍ സഞ്ചരിക്കുന്നുമുണ്ട്. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ മാത്രമല്ല, ഭരണകൂടത്തിനെതിരെ അവരുമായി ചേർന്നു നിൽക്കുന്നു എന്ന് കരുതപ്പെടുന്ന ഇറാനികൾക്കെതിരെയും ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Adjust Story Font
16
